തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ മേല്‍ക്കൈയുടെ ഊര്‍ജത്തിലാണ് യുഡിഎഫ്.നിലവില്‍ യുഡിഎഫിനാണ് മുന്‍തൂക്കമെങ്കിലും 2006 ല്‍ മൂന്ന് സീറ്റും നേടിയ ചരിത്രം എല്‍ ഡി എഫിനുണ്ട്.ബി ജെ പിക്കാകട്ടെ സംസ്ഥാനത്തെ 30 എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നായാണ് സുല്‍ത്താന്‍ ബത്തേരിയെ പരിഗണിക്കുന്നത്.അതിനാല്‍ തന്നെ മൂന്ന് മുന്നണിക്കും വയനാട് ശ്രദ്ധാകേന്ദ്രമാണ്.2021 ല്‍ കല്‍പ്പറ്റ, സുത്താല്‍ ബത്തേരി എന്നീ മണ്ഡലങ്ങള്‍ യു ഡി എഫിനൊപ്പം നിന്നപ്പോള്‍ മാനന്തവാടിയാണ് ഇടതോട്ട് ചാഞ്ഞത്.

2006 ആവര്‍ത്തിക്കുമോ ? മേല്‍ക്കൈ നേടാന്‍ എല്‍ ഡി എഫ്

നിലവില്‍ ഒരു മുഴം മുന്‍പെ യുഡിഎഫാണെങ്കിലും 2006 ല്‍ മൂന്നു സീറ്റും നേടിയ ചരിത്രം എല്‍ഡിഎഫിനുണ്ട്.കല്‍പ്പറ്റയില്‍ നിന്ന് എം വി ശ്രേയാംസ് കുമാര്‍,സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പി കൃഷ്ണപ്രസാദ്, മാനന്തവാടിയില്‍ നിന്ന് കെ സി കുഞ്ഞിരാമന്‍ എന്നിവരാണ് അന്ന് ജയിച്ച് കയറിയത്.അതിന് സമാനമായി ഇക്കുറി ജയിച്ച് കരുത്ത് കാട്ടാമെന്നാണ് ഇടത് കണക്കുകൂട്ടുന്നത്.

കല്‍പ്പറ്റ സീറ്റ് എല്‍ ഡി എഫില്‍ നിലവില്‍ രാഷ്ട്രീയ ജനതാദളിനുള്ളതാണ്.എം വി ശ്രേയാംസ് കുമാര്‍ വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ആ സീറ്റ് സി പി എം ഏറ്റെടുത്തേക്കും.അങ്ങിനെ വന്നാല്‍ മുന്‍ എം എല്‍ എ സി കെ ശശീന്ദ്രന്‍,സിപിഎം ജില്ല സെക്രട്ടറി കെ റഫീഖ്,പി ഗഗാറിന്‍ എന്നിവരുടെ പേരുകള്‍ ഉയരുന്നുണ്ട്.സീറ്റ് രാഷ്ട്രീയ ജനതാദളിന് തന്നെയെങ്കില്‍ പി കെ അനില്‍ കുമാര്‍, ജുനൈദ് കൈപ്പാണി എന്നിവരുടെ പേരാണ് പരിഗണനയില്‍.

മാനന്തവാടിയില്‍ മന്ത്രി ഒ ആര്‍ കേളുവിന് തന്നെയാകും എല്‍ഡിഎഫ് പരിഗണന.മാനന്തവാടി മാത്രമാണ് എല്‍ഡിഎഫിന് വയനാട്ടില്‍ ആകെയുള്ള നിയമസഭ സീറ്റ്. ഒ ആര്‍ കേളുവല്ലാതെ മറ്റൊരു പേര് ഇവിടെ എല്‍ഡിഎഫിനില്ല. അതുകൊണ്ട് ടേം ഇളവില്‍ പ്രഥമ പരിണന ഒ ആര്‍ കേളുവിന് തന്നെയാണ്.യുഡിഎഫ് സ്വാധീനമുള്ള മണ്ഡലം രണ്ട് തവണയായി നിലനിര്‍ത്തുന്നത് ഒ ആര്‍ കേളുവിന്റെ വ്യക്തമപരമായ മികവായാണ് കണക്കാക്കുന്നത്. പട്ടികവര്‍ഗ സംവരണ മണ്ഡലമായ മാനന്തവാടിയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പതിനായിരത്തോളം വോട്ടുകളുടെ മേല്‍ക്കൈയാണ് യുഡിഎഫിനുള്ളത്.

സുല്‍ത്താന്‍ ബത്തേരിയില്‍ എം എസ് വിശ്വനാഥന്‍, ടി കെ രമേശന്‍ എന്നിവരുടെ പേരാണ് ഉയര്‍ന്ന് വരുന്നത്.

രണ്ട് സീറ്റുകള്‍ മൂന്നാക്കണം.. യുഡിഎഫിന് മാനന്തവാടിയില്‍ പ്രതീക്ഷ തദ്ദേശത്തിലെ നേട്ടം

വയനാട്ടില്‍ വച്ച് നടന്ന ക്യാമ്പിലാണ് നിയമസഭയില്‍ 100 സീറ്റാണ് ലക്ഷ്യമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇതില്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളും ഉള്‍പ്പെടും.നിലവില്‍ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവയാണ് യു ഡി എഫിനൊപ്പമുള്ളത്.കല്‍പ്പറ്റയില്‍ നിലവിലെ എം എല്‍ എ ടി സിദീഖ് തന്നെ ഒരുവട്ടം കൂടി രംഗത്തിറങ്ങിയേക്കും.

സുല്‍ത്താന്‍ ബത്തേരിയിലെക്ക് വന്നാല്‍ നിലവിലെ എം എല്‍ എ ഐ സി ബാലകൃഷ്ണന് തന്നെ ഒരവസരം കൂടി ലഭിച്ചേക്കും. എന്നാല്‍ കോഴ വിവാദത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യകളും മറ്റും തിരിച്ചടിക്കുമോ എന്ന ആശങ്കയും ഇല്ലാതില്ല.മാനന്തവാടിയില്‍ കോണ്‍ഗ്രസില്‍ പരിഗണിക്കുന്ന പേരുകളില്‍ പ്രധാനം ജി മഞ്ജുകുട്ടന്റേതാണ്. കൊല്ലം കരുനാഗപ്പിള്ളി സ്വദേശയായ മഞ്ജുകുട്ടന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. എഐസിസി നേതൃത്വവുമായുള്ള ബന്ധം മഞ്ജുകുട്ടന് തുണയായേക്കും. മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജുക്കുട്ടന് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.മുന്‍ എംഎല്‍എ കെകെ അണ്ണന്റെ മകനും അധ്യാപകനുമായ മുരളീദാസ് ആണ് പരിഗണനയിലുള്ള മറ്റൊരാള്‍.

വനിതകള്‍ക്ക് സീറ്റ് നല്‍കാന്‍ തീരുമാനിച്ചാല്‍ മുന്‍ മന്ത്രി പികെ ജയലക്ഷ്മി സ്ഥാനാര്‍ഥിയായേക്കും. എടവക പഞ്ചായത്ത് മുന്‍ പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ഉഷ വിജയന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ എന്നിവരുടെ പേരുകളും പരഗിണനയിലുണ്ട്.ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സികെ ജാനുവിനേയും പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

സീറ്റിന് വേണ്ടി ജെആര്‍പി ശക്തമായ ആവശ്യം ഉന്നയിക്കുന്നുണ്ട്. പണിയ സമുദായത്തില്‍ നിന്നുള്ള ആദ്യ എംബിഎ ബിരുദധാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ മണിക്കുട്ടന്‍ പണിയനു വേണ്ടി നവമാധ്യമങ്ങളില്‍ പ്രചരണം ശക്തമാണ്. നേരത്തെ ബിജെപി സീറ്റ് വാഗ്ദാനം ചെയ്തിട്ടും മണിക്കുട്ടങ്ങന്‍ വഴങ്ങിയിരുന്നില്ല. കോണ്‍ഗ്രസ് പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ തീരുമാനിച്ചാല്‍ മണിക്കുട്ടനും നറുക്ക് വീണേക്കാം.

എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്ന് ! വയനാട്ടില്‍ പ്രതീക്ഷയോടെ ബി ജെ പിയും

ബി ജെ പി യുടെ സംസ്ഥാനത്തെ 30 എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ് സുല്‍ത്താന്‍ ബത്തേരി.അതിനാല്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപിയും ആഞ്ഞ് പിടിക്കും.മൂന്നു മണ്ഡലങ്ങളിലും ബി ജെ പിക്ക് ഇക്കുറി ശക്തനായ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

2021 ലെ കണക്കുകള്‍

യു ഡി എഫ്

1. ഐ സി ബാലകൃഷ്ണന്‍- സുല്‍ത്താന്‍ ബത്തേരി -11,822

2. ടി സിദ്ദീഖ്- കല്‍പറ്റ - 5,470

എല്‍ ഡി എഫ്

1. ഒ ആര്‍ കേളു - മാനന്തവാടി - 9,282

നാളെ കോഴിക്കോട്