തൃശൂര്‍: തൃശൂരില്‍, പത്രിക നല്‍കാനുള്ള ഊഴത്തെ ചൊല്ലി സ്ഥാനാര്‍ഥികള്‍ തമ്മില്‍ തര്‍ക്കം. കളക്ടറേറ്റില്‍ വച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആലങ്കോട് ലീലാകൃഷ്ണനും തമ്മില്‍ പത്രിക സമര്‍പ്പിക്കാനുള്ള 'ഊഴത്തെ' ചൊല്ലി കൊമ്പുകോര്‍ത്തത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്നാലെ പത്രിക നല്‍കേണ്ടിയിരുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആലങ്കോട് ലീലാകൃഷ്ണന്‍ ആയിരുന്നു. എന്നാല്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ നിശ്ചിത മുഹൂര്‍ത്തത്തില്‍ പത്രിക സമര്‍പ്പിക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് വഴിവെച്ചത്. ബിജെപി ക്യാമ്പ് തങ്ങളുടെ പത്രിക ആദ്യം നല്‍കാന്‍ ശ്രമിച്ചപ്പോള്‍, വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ നേതാക്കള്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു.

ആദ്യം പത്രിക നല്‍കാനെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജന്‍ പല്ലന്റെ നടപടിക്രമങ്ങള്‍ നീണ്ടുപോയത് ബിജെപി നിശ്ചയിച്ച സമയക്രമത്തെ ബാധിച്ചു. രാജന്‍ പല്ലന്‍ മാറിയ ഉടനെ, തങ്ങള്‍ക്ക് മുമ്പേ എത്തിയ ആലങ്കോട് ലീലാകൃഷ്ണന്റെ പത്രിക സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒരുങ്ങിയതോടെ പത്മജ എതിര്‍പ്പുമായി രംഗത്തെത്തി. ആദ്യം എത്തിയവര്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാത്രമേ മറ്റുള്ളവരുടേത് സ്വീകരിക്കാവൂ എന്ന് എല്‍ഡിഎഫ് നേതാക്കള്‍ നിലപാടെടുത്തു

വി.എസ് സുനില്‍കുമാറും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം

തങ്ങളുടെ മുഹൂര്‍ത്തം തെറ്റുമെന്നും അതിനാല്‍ ആദ്യം പത്രിക വാങ്ങണമെന്നും പത്മജ ആവശ്യപ്പെട്ടതോടെ എല്‍ഡിഎഫ് നേതാക്കള്‍ പ്രതിഷേധിച്ചു. 'ഊഴമനുസരിച്ച് രണ്ടാമത് എത്തിയത് ഞങ്ങളാണ്, ആ ചട്ടം ലംഘിക്കാന്‍ അനുവദിക്കില്ല.' സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് വി.എസ് സുനില്‍കുമാര്‍ നിലപാട് കടുപ്പിച്ചതോടെ ഉദ്യോഗസ്ഥര്‍ വെട്ടിലായി. ചട്ടവും വിശ്വാസവും തമ്മിലുള്ള പോരാട്ടമായി കളക്ടറേറ്റിനുള്ളിലെ തര്‍ക്കം മാറി.

ഒടുവില്‍ 'വിചിത്രമായ' ഒത്തുതീര്‍പ്പ്

വാക്കേറ്റം മുറുകിയതോടെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒരു മധ്യസ്ഥ ഫോര്‍മുല അവതരിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക ആദ്യം വാങ്ങിവയ്ക്കുക, എന്നാല്‍ അതിന്റെ വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക നടപടികള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രികാ സമര്‍പ്പണത്തിന് ശേഷം മാത്രം നടത്തുക എന്നതായിരുന്നു ആ ധാരണ. ഇതോടെ മുഹൂര്‍ത്തം തെറ്റാതെ പത്മജയ്ക്കും, ഊഴം തെറ്റാതെ ആലങ്കോടിനും പത്രിക നല്‍കാനായി.