- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഫിര്‍ സ്ക്രീന്‍ഷോട്ടിന് പിന്നാലെ പേരാമ്പ്രയില്‍ 'ഖൗം' വിവാദം! ഫാത്തിമ തഹ്ലിയയെ പൂട്ടാന്‍ വര്‍ഗീയ പ്രചാരണമോ? എല്‍ഡിഎഫിനെതിരെ വീഡിയോ തെളിവുമായി യുഡിഎഫ്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; പോരാട്ടം മുറുകുന്നു
ഫാത്തിമ തഹ്ലിയയെ പൂട്ടാന്‍ വര്‍ഗീയ പ്രചാരണമോ?

കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫിനെതിരേ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരേ എല്‍ഡിഎഫ് നടത്തുന്ന പ്രചാരണത്തിനെതിരെയാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ബാലനാരായണന്‍ പരാതി സമര്‍പ്പിച്ചത്. എല്‍ഡിഎഫ് പ്രചാരണവാഹനത്തിലെ അനൗണ്‍സ്മെന്റിന്റെ വീഡിയോസഹിതമാണ് പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരിക്കുന്നത്.
മുസ്ലിം ലീഗ് വനിതാ നേതാവായ ഫാത്തിമ തഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ഥിയാക്കിയതിലൂടെ മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്മെന്റുകളാണ് എല്‍ഡിഎഫ് പ്രചാരണവാഹനത്തില്‍ നടത്തുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു. 'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്' എന്ന പ്രചാരണം മതഏകീകരണത്തിന്റെ ചിഹ്നമാണെന്നും മതവര്‍ഗീയതയുടെ തന്ത്രമാണെന്നും അനൗണ്‍സ്മെന്റില്‍ പറയുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ലീഗിന്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും ഇതിലൂടെ ആഹ്വാനം ചെയ്യുന്നുണ്ടെന്നും യുഡിഎഫ് പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ തുടര്‍ച്ചയായാണ് എല്‍ഡിഎഫ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു.
അതേസമയം, എല്‍ഡിഎഫ് നേതൃത്വം ഇക്കാര്യമറിഞ്ഞിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്നും പ്രതികരിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ യുഡിഎഫിനായി മുസ്ലിം ലീഗ് വനിതാ നേതാവ് ഫാത്തിമ തഹ്ലിയയും എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി. രാമകൃഷ്ണനുമാണ് മത്സരിക്കുന്നത്. മണ്ഡലം നിലനിര്‍ത്താനായി എല്‍ഡിഎഫും പിടിച്ചെടുക്കാനായി യുഡിഎഫും തമ്മില്‍ കനത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്.


