കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കെപിസിസി ലെറ്റര്‍ഹെഡ് ദുരുപയോഗം ചെയ്ത് വ്യാജ കത്ത് നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്കും കളക്ടര്‍ക്കും റിട്ടേണിങ് ഓഫീസര്‍ക്കും പരാതി നല്‍കി. കെ. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വ്യാജ പ്രചാരണമാണ് ഈ കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വ്യാജവാര്‍ത്ത നീക്കം ചെയ്യുകയും നിരോധിക്കുകയും ചെയ്യണമെന്നും സണ്ണി ജോസഫ് പരാതിയില്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും താന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് കത്തുനല്‍കി എന്ന ഉള്ളടക്കമാണ് വ്യാജരേഖയിലുള്ളത്. ഈ വ്യാജവാര്‍ത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സാധാരണ വോട്ടര്‍മാരുടെ മനസ്സില്‍ സംശയം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതാണെന്നും കെ. സുധാകരന്റെ സ്ഥാനാര്‍ഥിത്വത്തെ താന്‍ എതിര്‍ത്തു എന്ന തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും സണ്ണി ജോസഫ് പരാതിയില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തില്‍ താന്‍ ഒരു കത്ത് തയ്യാറാക്കുകയോ എഐസിസി അധ്യക്ഷന് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചാണ് വ്യാജകത്ത് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പരാതിയില്‍ ആരോപിച്ചു. സമൂഹമാധ്യമ പ്രചാരണത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെയാണ് തന്റെ പേരില്‍ ഇത്തരമൊരു വ്യാജപ്രചാരണം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ മണ്ഡലത്തിലേക്ക് മാത്രമല്ല, സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും ഏതെങ്കിലും ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് താന്‍ കത്തുനല്‍കിയിട്ടില്ലെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വടകരയില്‍ പ്രചരിപ്പിച്ച 'കാഫിര്‍' സ്‌ക്രീന്‍ഷോട്ടിന് സമാനമാണ് തന്റെ പേരില്‍ പ്രചരിക്കുന്ന ഈ വ്യാജ കത്തെന്നും അദ്ദേഹം പറഞ്ഞു. പരാജയഭീതി കാരണം രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന 'നുണ ബോംബ്' മാത്രമാണിതെന്നും സണ്ണി ജോസഫ് വിലയിരുത്തി.

വ്യാജകത്തിലെ ഉള്ളടക്കം അപകീര്‍ത്തികരമാണെന്നും ഐ.ടി ആക്ട് 2000, ഐ.ടി (ഇന്റര്‍മീഡിയറി ഗൈഡ്ലൈനുകള്‍ & ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) എന്നിവയുടെ ലംഘനമാണെന്നും പരാതിയില്‍ എടുത്തുപറയുന്നു. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയുള്‍പ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യാജവാര്‍ത്ത നീക്കം ചെയ്യാനും നിരോധിക്കാനും സണ്ണി ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വ്യാജപ്രചരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സത്യസന്ധത ഉറപ്പാക്കാന്‍ നിര്‍ണായകമാകും.