പട്‌ന: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ 17 പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഈ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്തുടനീളം ഭാവിയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കങ്ങള്‍.

തെരഞ്ഞെടുപ്പ് നടത്തിപ്പ്, വോട്ടെണ്ണല്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും മാറ്റങ്ങള്‍ വരുന്നത്. ഏകദേശം 22 വര്‍ഷത്തിനു ശേഷം വോട്ടര്‍ പട്ടിക 'ശുദ്ധീകരിക്കുന്ന' ദൗത്യം ബിഹാറില്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു. വോട്ടര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി 15 ദിവസത്തിനുള്ളില്‍ വോട്ടര്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡുകള്‍ (EPIC) വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നതും പുതിയ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നു.

പ്രധാന പരിഷ്‌കാരങ്ങള്‍:

തിരിച്ചറിയല്‍ കാര്‍ഡുകള്‍ 15 ദിവസത്തിനകം

വോട്ടര്‍ ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡുകള്‍ (EPIC) ഇനി മുതല്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ് 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കും. വോട്ടിംഗ് കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിക്ഷേപിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഇത് വോട്ടിംഗ് പ്രക്രിയ സുഗമമാക്കാനും സമയമെടുക്കുന്നത് കുറയ്ക്കാനും സഹായിക്കും.

ഓരോ പോളിംഗ് ബൂത്തിലും ഇനി 1,200 വോട്ടര്‍മാര്‍ മാത്രം

ബിഹാറിലെ ഓരോ പോളിംഗ് ബൂത്തിലും ഇനി 1,200 വോട്ടര്‍മാര്‍ മാത്രമേ ഉണ്ടാകൂ. നിലവില്‍ 1,500 വോട്ടര്‍മാരെന്ന പരിധി 1,200 ആയി കുറച്ചതോടെ 12,817 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ അധികമായി സ്ഥാപിച്ചു. ഇതോടെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 77,895 ല്‍ നിന്ന് 90,712 ആയി ഉയര്‍ന്നു. വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ എത്താനും ക്യൂ നില്‍ക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും.

ഇ വി എമ്മില്‍ കളര്‍ ഫോട്ടോ

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇതാദ്യമായി ഇ വി എമ്മില്‍ സ്ഥാനാര്‍ഥികളുടെ കളര്‍ ഫോട്ടോകള്‍ ലഭ്യമാക്കും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ പലപ്പോഴും സ്ഥാനാര്‍ഥികളെ തിരിച്ചറിയാന്‍ തടസ്സമാകുന്നുവെന്ന പരാതി കണക്കിലെടുത്താണിത്. സീരിയല്‍ നമ്പര്‍ വലുതാക്കണമെന്ന നിര്‍ദ്ദേശവും വന്നിരുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പ് മുതല്‍ സീരിയല്‍ നമ്പര്‍ ഫോണ്ട് വലുതായിരിക്കും.

ബൂത്ത് ഓഫീസര്‍മാര്‍ക്ക് ഐഡി കാര്‍ഡ്

എളുപ്പത്തില്‍ തിരിച്ചറിയാന്‍ ബൂത്ത് ഓഫീസര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതും.

ഫോണുകള്‍ നിക്ഷേപിക്കാന്‍ സൗകര്യം

പോളിങ് ബൂത്തിന് പുറത്ത് വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാന്‍ സൗകര്യം

ബൂത്തുകളില്‍ വെബ്കാസ്റ്റിങ്

ബിഹാറിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളിലും സമ്പൂര്‍ണ വെബ്കാസ്റ്റിങ് കവറേജ് ഉണ്ടായിരിക്കും.

വോട്ടെണ്ണലിലെ പരിഷ്‌കാരം

വോട്ടെണ്ണല്‍ വേളയില്‍, പ്രിസൈഡിങ് ഓഫീസര്‍ പോളിംഗ് ഏജന്റുമാര്‍ക്ക് നല്‍കുന്ന ഫോം 17ഇയിലെ കണക്കുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ (ഇവിഎം) കൗണ്ടിംഗ് യൂണിറ്റിലെ കണക്കുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍, എല്ലാ വിവിപാറ്റ് (Voter Verifiable Paper Audit Trail) സ്ലിപ്പുകളും പൂര്‍ണ്ണമായി എണ്ണുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇവിഎം വോട്ടെണ്ണലിന്റെ അവസാന രണ്ട് റൗണ്ടുകള്‍ക്ക് മുന്‍പായി പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തീര്‍ന്നിരിക്കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 22-ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് ഗ്യാനേഷ് കുമാര്‍ അറിയിച്ചു. ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (Special Intensive Revision - SIR) നിശ്ചിത തീയതിക്ക് മുമ്പായി പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.