ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു മന്ത്രി ജി സുധാകരന്‍. താന്‍ വളര്‍ന്നത് പിണറായി വിജയന്റെ തണലിലാണെന്ന വാദത്തെ തള്ളിക്കൊണ്ടാണ് സുധാകരന്‍ രംഗത്തെത്തിയത്. അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന ജി.സുധാകരന്‍. 63 വര്‍ഷമായി താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 15-ാം വയസ്സിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ജി. സുധാകരന്‍ വ്യക്തമാക്കി.

പിണറായി വിജയനാണ് തന്നെ വളര്‍ത്തിയതെന്ന വാദത്തെ സുധാകരന്‍ നിഷേധിച്ച സുധാകരന്‍ 1967 കാലഘട്ടത്തില്‍ പിണറായി വിജയനെ തിരുവിതാംകൂറില്‍ ആര്‍ക്കും അറിയില്ലായിരുന്നുവെന്നും അദ്ദേഹം അന്ന് മലബാറില്‍ തലശ്ശേരിയില്‍ മാത്രം ഒതുങ്ങിനിന്ന നേതാവായിരുന്നുവെന്നും പറഞ്ഞു. രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ പങ്കെടുത്ത പ്രചാരണ പരിപാടിയിലാണ് സുധാകരന്റെ പിണറായിക്കെതിരായ വിമര്‍ശനം.

തന്റെ അനുജനും രക്തസാക്ഷിയുമായ ഭുവനേശ്വരന്റെ കേസ് നടത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പത്തു പൈസ പോലും നല്‍കിയിട്ടില്ലെന്നുംവീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ടാണ് ആ കേസ് നടത്തിയതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മാര്‍ക്സിനെയോ ഏംഗല്‍സിനെയോ വായിക്കാത്തവരാണ് ഇന്നത്തെ പല മാര്‍ക്സിസ്റ്റുകാരും. എ. വിജയരാഘവനെ സുധാകരന്‍ 'പരാജയരാഘവന്‍' എന്നും വിശേഷിപ്പിച്ചു. വിജയരാഘവന്‍ എവിടെ പ്രസംഗിക്കുന്നുവോ അവിടെ എല്‍ഡിഎഫ് തോല്‍ക്കുമെന്നും സുധാകരന്‍ പരിഹസിച്ചു.

ഒരു പാര്‍ട്ടിക്കും ഒരു മണ്ഡലവും സ്ഥിരമായി അവകാശപ്പെടാനാവില്ലെന്ന് പറഞ്ഞ സുധാകരന്‍ ആലപ്പുഴ ജില്ലയില്‍ യുഡിഎഫ് കൃത്യമായി പ്രവര്‍ത്തിച്ചാല്‍ എല്‍ഡിഎഫ് ഒന്നോ രണ്ടോ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും വ്യക്തമാക്കി. സുധാകരന്റെ പ്രചരണ വേദിയില്‍ രാഹുല്‍ ഗാന്ധിയുമെത്തിയിരുന്നു.

എല്‍ഡിഎഫിനെ ഇപ്പോള്‍ ഇടതുപക്ഷം എന്ന് വിളിക്കാനാകില്ലെന്നും ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളെന്നും തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍എസ്എസുമായും ബിജെപിയുമായും കൂട്ടുകൂടാന്‍ മടിയില്ലാത്ത നേതാക്കളാണ് ഇടതുമുന്നണിയില്‍. ഹൃദയത്തില്‍ പ്രത്യശാസ്ത്രം കുടിയേറ്റിയ നേതാക്കളുമുണ്ട്. ഇത്തരം നേതാക്കള്‍ പാര്‍ട്ടിയില്‍ ചതിക്കപ്പെട്ടുവെന്നും ജി സുധാകരനെ വേദിയില്‍ ഇരുത്തികൊണ്ട് രാഹുല്‍ പറഞ്ഞു.

എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയുന്ന മോദിക്ക് കേരളത്തിലെത്തുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയെപ്പറ്റി പറയുന്നതില്‍ മൗനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണ്ണം കവര്‍ന്നു പകരം ചെമ്പ് സ്ഥാപിച്ചു. പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ട് ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കേരളത്തില്‍ വന്നപ്പോള്‍ ഇതെല്ലാം മറന്നു പോയി. കേരളത്തിലെ മുഖ്യമന്ത്രിയെയും എല്‍ഡിഎഫിനെയും സഹായിക്കാനാണ് ഇത്

മുഖ്യമന്ത്രിയേയോ കുടുംബത്തേയോ മോദി എന്തെങ്കിലും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നും രാഹുല്‍ ചോദിച്ചു. നരേന്ദ്രമോദി എല്ലാദിവസവും തന്നെയും കോണ്‍ഗ്രസിനെയും അക്രമിക്കുന്നു. 38 കേസുകള്‍ തന്റെ പേരില്‍ ഉണ്ട്. തന്റെ ലോക്സഭാംഗത്വം കളഞ്ഞു , ഔദ്യോഗിക വസതി ഒഴിവാക്കി. എന്തുകൊണ്ട് നിങ്ങളുടെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ല.? എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്രമിക്കുന്നില്ല? എന്നു രാഹുല്‍ ചോദിച്ചു.