- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു; 6 മണി ആയതോടെ ക്യൂവില്‍ നിന്നവര്‍ക്ക് ടോക്കണ്‍ നല്കി; പലയിടങ്ങളിലും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; അഞ്ച് മണി വരെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75.01 ശതമാനം വോട്ടുകള്‍; കൂടുതല്‍ പോളിംഗ് കുന്നത്തുനാട് മണ്ഡലത്തില്‍; മലബാറിലെ മണ്ഡലങ്ങളിലും കനത്ത പോളിംഗ്
സംസ്ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു; 6 മണി ആയതോടെ ക്യൂവില്‍ നിന്നവര്‍ക്ക് ടോക്കണ്‍ നല്കി

തിരുവനന്തപുരം: നിര്‍ണായകമായ നയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം ആവേശകരമായ പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വൈകുന്നേരം 5 മണി വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ 75.01% വോട്ടുകള്‍ രേഖപ്പെടുത്തി. പുലര്‍ച്ചെ മുതല്‍ ബൂത്തുകളില്‍ അനുഭവപ്പെട്ട നീണ്ട ക്യൂ വൈകുന്നേരവും തുടരുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ആറ് മണി ആയതോടെ പോളിംഗ് സമയം ഔദ്യോഗികമായി അവസാനിച്ചു. എന്നാല്‍ പലയിടത്തും പോളിംഗ് സ്‌റ്റേഷനുകളില്‍നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ഇതോടെ ക്യൂവില്‍ നിന്നവര്‍ക്ക് ടോക്കണ്‍ അനുവദിച്ചിട്ടുണ്ട്.
അഞ്ച് മണിയുടെ കണക്കുകള്‍ പ്രകാരം മലബാര്‍ മേഖലയില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലും അടക്കം മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. വിവിധ ഘട്ടങ്ങളിലെ പോളിംഗ് ശതമാനം ഇങ്ങനെ:
രാവിലെ 9 മണി: 16.23%
രാവിലെ 11 മണി: 33.28%
ഉച്ചയ്ക്ക് 1 മണി: 49.70%
വൈകുന്നേരം 3 മണി: 62.71%
വൈകുന്നേരം 5 മണി: 75.01%
കുന്നത്തുനാട്ടില്‍ കനത്ത പോളിംഗ്
സംസ്ഥാനത്ത് ഇക്കുറി ഏറ്റവും കൂടുതല്‍ വോട്ടിംഗ് ആവേശം പ്രകടമായത് എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിലാണ്. ഇവിടെ 81.99 ശതമാനം വോട്ടര്‍മാരും വൈകുന്നേരം 5 മണിക്ക് മുന്‍പായി സമ്മതിദാനാവകാശം വിനിയോഗിച്ചു. മറ്റ് മൂന്ന് മണ്ഡലങ്ങളില്‍ 80 ശതമാനത്തിന് മുകളില്‍ വോട്ടു രേഖപ്പെടുത്തി. ചിറ്റൂര്‍ - 81 ശതമാനം, കുന്നമംഗലം: 80.35 ശതമാനം, അരൂര്‍: 80 ശതമാനം എന്നിവയാണ് ഈ മണ്ഡലങ്ങള്‍.
തൃപ്പൂണിത്തുറ (79.49%), ബേപ്പൂര്‍ (79.22%), പാലക്കാട് (79.01%) എന്നീ മണ്ഡലങ്ങളും തൊട്ടുപിന്നാലെയുണ്ട്. സംസ്ഥാന ശരാശരിയേക്കാള്‍ കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ് (66.81%). റാന്നി (67.31%), തിരുവല്ല (67.48%), ചെങ്ങന്നൂര്‍ (68.28%) എന്നീ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം എഴുപതില്‍ താഴെയാണ്.
ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമത്ത് 77.87 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ട്രെന്‍ഡ് നിലനിര്‍ത്തിക്കൊണ്ട് വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലെ ചില പോക്കറ്റുകളിലും ശക്തമായ വോട്ടിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ പോളിംഗ് ശതമാനം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉയര്‍ന്ന പോളിങില്‍ അവകാശവാദവമായി മുന്നണികള്‍
ഉയര്‍ന്ന വോട്ടിംഗ് ശതമാനം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്‍ഡിഎഫ് വോട്ടുകള്‍ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം കേരളത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിതെന്ന് അനില്‍ ആന്റണി പ്രതികരിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എല്ലാ ജില്ലകളിലും എന്‍ഡിഎയ്ക്ക് ശക്തരായ സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ഭൂരിഭാഗം പേരും വിജയിക്കും. ബിജെപി തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രധാനപ്പെട്ട ധ്രുവമാകുമെന്ന് അനില്‍ ആന്റണി പറഞ്ഞു.
വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെ നൂറ് സീറ്റുകളില്‍ യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരന്‍. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള സൂചനയാണ് പോളിങ് ബൂത്തിലെ നീണ്ട ക്യൂ എന്ന് കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിക്കുന്നത്. നൂറ് സീറ്റില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
നാടിനെ രക്ഷിക്കാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന നിര്‍ണായകമായ തിരഞ്ഞെടുപ്പാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും, ചഉഅ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ മാറ്റം സൃഷ്ടിക്കും. ബിജെപിക്ക് നല്ല ആത്മവിശ്വാസമുണ്ട്. സിപിഎമ്മിനും കോണ്‍ഗ്രസിനും ക്ലിയര്‍ മാന്‍ഡേറ്റ് കിട്ടില്ല. ബിജെപി നിര്‍ണായക ശക്തിയാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. അതിനുവേണ്ടി കേരളം മുഴുവന്‍ വോട്ടു ചെയ്യുന്നു. ഉയര്‍ന്ന വോട്ടിംഗ് ശതമാനം അതാണ് സൂചിപ്പിക്കുന്നത്. യുഡിഎഫില്‍ മുഖ്യമന്തിയെ തീരുമാനിക്കാനൊന്നും വലിയ പ്രശ്നമുണ്ടാകില്ല. കേന്ദ്ര നേതൃത്വം വേഗം തീരുമാനിക്കും. ബിജെപി ഒന്ന് രണ്ട് സ്ഥലങ്ങളില്‍ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയാണ് ഉള്ളത്. ഈ സ്ഥലങ്ങളില്‍ ശക്തമായ ത്രികോണ പോരാട്ടമാണുള്ളത്. ഇവിടെ അപകടം മനസിലാക്കി ജനങ്ങള്‍ വോട്ടു ചെയ്യണമെന്നും ശശി തരൂര്‍ പറഞ്ഞു.
അതേസമയം, കുറ്റ്യാടിയില്‍ കള്ളവോട്ട് തടഞ്ഞ യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. കുറ്റ്യാടി 122ാം ബൂത്ത് നടുപ്പൊയില്‍ യുപി സ്‌കൂള്‍ യുഡിഎഫ് ബൂത്ത് ഏജന്റ് രാഹുല്‍ ചാലിലിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ഗവ.ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. താമരക്ക് വോട്ട് ചെയ്യാന്‍ പോളിംഗ് ഓഫീസര്‍ പറഞ്ഞതായി പരാതി,മാനന്തവാടിയില്‍ പോളിങ് ഓഫീസറെ മാറ്റി. വയനാട് പനമരത്ത് ചെറുകാട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ 199 -ാം നമ്പര്‍ ബൂത്തിനകത്ത് വോട്ടര്‍മാരോട് താമരക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി അഭ്യര്‍ത്ഥിച്ചതായി പരാതി ഉയര്‍ന്നു. വോട്ട് മെഷീന്‍ ഓപ്പറേറ്റ് ചെയ്യുന്ന തേര്‍ഡ് പോളിംഗ് ഓഫീസറാണ് പരസ്യമായി ബൂത്തിനകത്ത് താമരക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചതായി പരാതി ഉയര്‍ന്നത്.


