കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്ക് പുറത്തുവിട്ടു കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. രണ്ട് അക്കൗണ്ടുകളിലൂടെ 5.38 കോടി രൂപ ലഭിച്ചെന്നാണ് സണ്ണി ജോസഫ് വെളിപ്പെടുത്തിയത്.

കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുകളില്‍ ആരംഭിച്ച രണ്ട് ജോയിന്റ് അക്കൗണ്ടുകളിലാണ് 5,38,21,632 രൂപ ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് 1.05 കോടി രൂപ പിരിച്ചുനല്‍കി. എന്നാല്‍, ഭൂമി വാങ്ങാന്‍ ഇതിലധികം ചെലവായെന്നും ഇനി വീട് നിര്‍മിക്കാനായി പാര്‍ട്ടി ഫണ്ടില്‍നിന്ന് പണം ചെലവഴിക്കുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. ഇനി ഫണ്ട് ശേഖരണമുണ്ടാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുത്തത് മൂന്നേക്കര്‍ 24.5 സെന്റ് ഭൂമിയാണ്. ഇതിനായി 3,68,36,388 രൂപ ചെലവായി. രണ്ടാംഘട്ടത്തില്‍ രണ്ടേക്കര്‍ 18 സെന്റ് ഭൂമി വാങ്ങി. ഇതിനായി 2,50,30,272 രൂപയും ചെലവായി. കെപിസിസിയുടെ തനതുഫണ്ടില്‍നിന്ന് 97,51,212 രൂപ ചെലവഴിച്ചു. രജിസ്ട്രേഷനടക്കമുള്ള നടപടികള്‍ക്കായി ഇനി വേണ്ടത് 73,90,985 രൂപയാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

കോണ്‍ഗ്രസ് വയനാട് പുനരധിവാസത്തിനായി പിരിച്ച ഫണ്ടില്‍ ഇനി വീട് നിര്‍മിക്കാനുള്ള തുകയില്ലെന്നാണ് കണക്കുകള്‍ പുറത്തുവന്നതോടെ വ്യക്തമാകുന്നത്. അതേസമയം, വീട് നിര്‍മിക്കാനായി പാര്‍ട്ടി ഫണ്ടില്‍നിന്ന് പണം ചെലവഴിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

അതേസമയം, ദുരിതബാധിതര്‍ക്കായി പിരിച്ച ഫണ്ടിന്റെ അക്കൗണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിന്റെ ബ്രാഞ്ചിലാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. പിരിഞ്ഞുകിട്ടിയതിനേക്കാള്‍ കൂടിയ വിലക്കാണ് ഭൂമി വാങ്ങിയതെന്നും ബാക്കി തുക കെ.പി.സി.സി അക്കൗണ്ടില്‍നിന്നാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് വയനാട്ടിലേക്ക് പിരിച്ച ഫണ്ട് എവിടെയെന്ന് ചോദ്യം മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഒരു വ്യക്തത പാര്‍ട്ടി വരുത്തിയിരുന്നില്ല. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ നിര്‍മാണ പ്രവൃത്തി ആരംഭിക്കാത്തതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് കെ.സിയുടെ മറുപടി.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. ഫെബ്രുവരിയില്‍ മേപ്പാടി കുന്നമ്പറ്റയില്‍ കോണ്‍ഗ്രസ് വാങ്ങിയ സ്ഥലത്ത് രാഹുല്‍ ഗാന്ധി തറക്കല്ലിട്ടു. കുന്നമ്പറ്റയില്‍ പദ്ധതിക്കായി 3.26 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതായി പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. 2.18 ഏക്കര്‍ഭൂമികൂടി വാങ്ങിയിട്ടുണ്ട്. മറ്റൊരിടത്ത് അഞ്ചേക്കര്‍ വാങ്ങുന്നതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും പ്രിയങ്ക അന്ന് വ്യക്തമാക്കിയിരുന്നു.

അതിനിടെ, കോണ്‍ഗ്രസിന്റെ കണക്ക് കള്ളക്കണക്കാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ആരോപിച്ചു. തറക്കല്ലിട്ട് പത്തുദിവസം കൊണ്ട് പണി തുടങ്ങുമെന്ന് പറഞ്ഞിട്ട് വീട് വെക്കാനുള്ള പണം എവിടെയെന്നും അദ്ദേഹം ചോദിച്ചു. വയനാട് ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തിനായി കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ടിന്റെ കണക്ക് പുറത്തുവിടാന്‍ സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍ നേരത്തേ വെല്ലുവിളിച്ചിരുന്നു.


മാത്രമല്ല, വയനാട് ഫണ്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വഴിമാറ്റിയെന്നും ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീം ഉള്‍പ്പെടെ ആരോപിച്ചിരുന്നു. വയനാട് പുനരധിവാസത്തിന്റെ ഭാഗമായി നൂറോളം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. ഇതിന്റെ ശിലാസ്ഥാപനം രാഹുല്‍ഗാന്ധിയാണ് നിര്‍വഹിച്ചത്.