- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോണ്‍ ജോര്‍ജിന്റെ ഭീഷണി വേണ്ട; ബിജെപിയുടെ തണലില്‍ സഭയെയും പിതാക്കന്മാരെയും അധിക്ഷേപിച്ചാല്‍ യുഡിഎഫ് പ്രതിരോധിക്കും: പരാജയം ഉറപ്പായതോടെ അതിന്റെ പാപഭാരം സഭയുടെ മേല്‍ ചാരാനാണ് ഷോണ്‍ ശ്രമിക്കുന്നത്; ഷോണിനെതിരെ മാണി സി കാപ്പന്‍
ഷോണ്‍ ജോര്‍ജിന്റെ ഭീഷണി വേണ്ട; ബിജെപിയുടെ തണലില്‍ സഭയെയും പിതാക്കന്മാരെയും അധിക്ഷേപിച്ചാല്‍ യുഡിഎഫ് പ്രതിരോധിക്കും

കോട്ടയം: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആര്‍എസ്എസിന്റെ സമീപനമാണ് എഫ്സിആര്‍എ ബില്ലിലൂടെയും, ഷോണ്‍ ജോര്‍ജിന്റെ പ്രസ്താവനയിലൂടെയും പുറത്തുവന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
പരാജയം ഉറപ്പായതോടെ അതിന്റെ പാപഭാരം സഭയുടെ മേല്‍ ചാരാനാണ് ഷോണ്‍ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിര്‍ത്തുവാനുമുള്ള ഉത്തരവാദിത്തവും, ആര്‍ജവവും യുഡിഎഫിനുണ്ട് എന്ന കാര്യം അദ്ദേഹം മറക്കരുത് എന്നും മാണിസി കാപ്പന്‍ ഓര്‍മിപ്പിച്ചു.
മാധ്യമസ്വാതന്ത്ര്യത്തിനുമേല്‍ ഇന്ത്യയില്‍ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവര്‍ത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോണ്‍ ജോര്‍ജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിന്റെ വ്യക്തമായ പ്രതിഫലനമാണ്. മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോള്‍ എഡിറ്റോറിയല്‍ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം അച്ചടിച്ച ദീപികയുടെ പാരമ്പര്യം അറിയാതെയാണ് ഫോണ്‍ ഈ ഭീഷണി ഉയര്‍ത്തിയത്. ദിവസങ്ങള്‍ക്കും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തും. സിപിഎമ്മിന്റെ തണലില്‍ ബിജെപി കേരളത്തില്‍ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും കാപ്പന്‍ വ്യക്തമാക്കി.
സഭാ മുഖപത്രം എന്ന പേര് ഉപയോഗിച്ച് 'ദീപിക' കോണ്‍ഗ്രസിന് വേണ്ടി ഇടപെടുന്നുവെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചിരുന്നു. എഫ്സിആര്‍എ വിഷയത്തില്‍ സഭ നേതാക്കള്‍ ആശങ്ക പറഞ്ഞപ്പോള്‍ ബിജെപി ഇടപെട്ടു. സഭാ പിതാക്കന്മാരുടെ അഭിപ്രായമല്ല 'ദീപിക'യില്‍ വരുന്നത്. ഏതെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പണം കൈപ്പറ്റി ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് നിര്‍ത്തണം. അല്ലെങ്കില്‍ സഭാ മുഖപത്രം എന്ന പേര് ഉപേക്ഷിക്കണം. 'ദീപിക'ക്കെതിരെ സഭ ബിഷപ്പുമാര്‍ക്ക് പരാതി നല്‍കും. നിക്ഷേപകര്‍ ആരൊക്കെയാണെന്ന് അറിയണം. ആ പണം പാലായിലെ ആളുകളുടെ കയ്യില്‍ നിന്ന് പിരിച്ചു നല്‍കാമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.
പിന്നാലെ പി സി ജോര്‍ജ്ജും വിമര്‍ശനം ഉന്നയിച്ചു രംഗത്തുവന്നിരുന്നു. യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് മഠങ്ങളില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് വിളിച്ചുപറഞ്ഞെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. സഭയിലെ ചില മെത്രാന്മാര്‍ വൃത്തികെട്ട പണിയാണ് ചെയ്യുന്നത്. ബോധവും വിവരവുമില്ലാത്ത പണിയാണ് മെത്രാന്മാരുടേത്. വിദേശത്തുനിന്ന് പണം മേടിക്കുന്നതിന്റെ കണക്ക് കാണിക്കുന്നതിന് എന്താണ് കുഴപ്പമെന്നും പി.സി ജോര്‍ജ് ചോദിച്ചു.
അമിത് ഷാ ഇടപെട്ട് മെത്രാന്‍മാരോട് പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞതാണ്. എന്നിട്ടും മെത്രാന്മാര്‍ യുഡിഎഫിന് വേണ്ടി കുരയ്ക്കുകയാണ്. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി തന്നെ കാണും. അവരോട് യാതൊരു ബഹുമാനവും ഉണ്ടാകില്ല. ദീപിക പത്രം വായിക്കുന്നവര്‍ക്ക് വട്ടാണ്. ഇത്രയും നാണംകെട്ട ഒരു പത്രം ഉണ്ടോ? ആ പത്രം വായിക്കരുതെന്ന് നിയമസഭയില്‍ അടക്കം താന്‍ പറഞ്ഞിട്ടുണ്ട്.
മെത്രാന്മാരാണ് സഭയെന്ന ആരും പറയേണ്ട. മെത്രാന്‍മാര്‍ പറയുന്നത് പോക്രിത്തരമാണ്. ബിജെപിയെ കുറ്റപ്പെടുത്തണമെന്ന് പറയുന്നവരെ ആ രീതിയില്‍ കൈകാര്യം ചെയ്യും. സഭയുമായി അടുക്കണം എന്ന് ബിജെപി പറയുന്നില്ല, ജനങ്ങളുമായി അടുക്കാനാണ് ശ്രമിക്കുന്നത്. വിദേശത്തുനിന്ന് വരുന്ന പണത്തിന്റെ കണക്ക് കാണിക്കാന്‍ എന്താണ് പ്രശ്നം? അത് കാണിക്കുന്നില്ല എന്ന് പറഞ്ഞാല്‍ സഭയും എന്തോ തെറ്റ് ചെയ്യുന്നുണ്ടെന്നാണ്. ചില മെത്രാന്മാര്‍ ജന്മനാ കോണ്‍ഗ്രസ് ആണ്. അവര്‍ ബിഷപ്പായാലും മെത്രാനായാലും കോണ്‍ഗ്രസ് തന്നെയാണ്. മെത്രാന്‍മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടാത്തതാണ് നല്ലത്. അവര്‍ രാഷ്ട്രീയം പറഞ്ഞാല്‍ അതുപോലെ രാഷ്ട്രീയം പറയേണ്ടിവരുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.


