കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. രമേശ് ചെന്നിത്തലയെ ആണ് താന്‍ ശുപാര്‍ശ ചെയ്യുകയെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സീനിയറായ, പക്വതയുള്ള ആളാണ് രമേശ് ചെന്നിത്തലയെന്ന് സുധാകരന്‍ പറഞ്ഞു. വി.ഡി. സതീശന്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് താന്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കിയത്. പേരാവൂരില്‍ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് താന്‍ പോകുമെന്നും കേരള രാഷ്ട്രീയത്തിലേക്ക് ഇനിയില്ല എന്നും സുധാകരന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തന്നെ മല്ലികാര്‍ജുന്‍ ഖര്‍ഗെ തന്നെ വിളിച്ചിരുന്നു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം താന്‍ എടുക്കില്ലെന്ന് ഖര്‍ഗേയ്ക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടി ഒ മോഹനനുമായി തനിക് ഒരു പ്രശ്‌നവുമില്ല എന്നും സുധാകരന്‍ പറഞ്ഞു. താന്‍ സ്ഥാനാര്‍ഥി ആകുന്നില്ലെങ്കില്‍ പകരം ടി ഒ മോഹനനെ ആക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആ വാക്ക് പാലിച്ചു എന്നാണ് താന്‍ പറഞ്ഞത്. പാര്‍ട്ടിക്കകത്ത് ഒരു പ്രശ്‌നവുമില്ല എന്നും തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റിനടുത്ത് ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു. താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ല എന്നും സുധാകരന്‍ വ്യക്തമാക്കി.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുമ്പോഴാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം കെ സുധാകരന്‍ തുറന്നുപറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തിനായി വഴക്കുണ്ടാക്കാന്‍ ഇല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞതത്. കപ്പിനും ചുണ്ടിനും ഇടയില്‍ സ്ഥാനങ്ങള്‍ പോയ കാലത്തും കലഹിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ല. ഒരു നേതാവിനെ ഇയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും എഐസിസിയുടെ നടപടിക്രമങ്ങള്‍ അനുസരിച്ചായിരിക്കും മുഖ്യമന്ത്രി തീരുമാനിക്കുകയെന്നും സതീശന്‍ പ്രതികരിച്ചിരുന്നു.

അതേ സമയം ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റുകളില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് വി ഡി സതീശന്‍. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും എല്ലാം തളര്‍ന്നിരിക്കുന്ന സമയത്താണ് തന്നെ പ്രതിപക്ഷ നേതാവിന്റെ ചുമതല ഏല്‍പ്പിക്കുന്നത്. തുടര്‍ച്ചയായി വിജയങ്ങള്‍ യുഡിഎഫിനുണ്ടായി. ഉപതെരഞ്ഞെടുപ്പുകളില്‍ ഉണ്ടായി, പാര്‍ലമെന്റില്‍ ഉണ്ടായി, ലോക്കല്‍ ബോഡിയില്‍ ഉണ്ടായി. തിരിച്ചു കൊണ്ടുവരാന്‍ പറ്റിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോ എന്നുള്ളത് ഒരു സാങ്കല്‍പ്പിക ചോദ്യമാണ്. വനവാസമല്ല, രാഷ്ട്രീയ വനവാസത്തിന് പോകും എന്നാണെന്നും താന്‍ ആ വെല്ലുവിളി ഏറ്റെടുത്ത് ഉറപ്പായും പോയിരിക്കും, അതിലൊരു സംശയവും വേണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

രാഷ്ട്രീയ വനവാസവുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന ഒരു തെരഞ്ഞെടുപ്പിന്റെ ചരിത്രം പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു. അവിസ്മരണീയമായ തെരഞ്ഞെടുപ്പ് 2016ലെ തെരഞ്ഞെടുപ്പായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ ഒരുപാട് ആളുകള്‍ തന്നെ തോല്‍പ്പിക്കണം എന്ന് പറഞ്ഞു. പല സമുദായ നേതാക്കളൊക്കെ ഈ പ്രഖ്യാപനം നടത്തി. അവര്‍ പലരും പറവൂരില്‍ വന്ന് ഭയങ്കരമായി ക്യാമ്പയിന്‍ നടത്തി. എന്തായാലും അപ്രാവശ്യം തന്നെ തോല്‍പ്പിച്ചിരിക്കും എന്നായിരുന്നു പ്രഖ്യാപനം. ഈ 'രാഷ്ട്രീയ വനവാസം' എന്ന് പറയുന്ന വാക്ക് ഇപ്പോള്‍ ഉണ്ടായ വാക്കല്ല, തനിക്കെതിരെ അന്ന് പറഞ്ഞതാണ് വനവാസത്തിന് അയക്കും എന്ന്. 2016-ല്‍ പ്രഖ്യാപനം നടത്തി വ്യാപകമായ പ്രചാരണവും നടത്തി. പറവൂരിലെ ജനങ്ങള്‍ 2011ലെ 11,000 വോട്ടില്‍ നിന്ന് എല്‍.ഡി.എഫ് ട്രെന്‍ഡുള്ള 2016-ല്‍ തന്റെ ഭൂരിപക്ഷം 20,000 ആക്കി ഉയര്‍ത്തിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പറവൂരില്‍ ഇത്തവണ ശക്തമായ മത്സരം തന്നെയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇടതുപക്ഷത്തിന് വേണ്ടി ഇ ടി ടൈസണ്‍ മാസ്റ്ററാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. കയ്പമംഗലം മണ്ഡലത്തില്‍ നിന്നുള്ള ജനകീയനായ എംഎല്‍എയാണ് ഇ ടി ടൈസണ്‍ മാസ്റ്റര്‍. സിപിഐയില്‍ രണ്ട് ടേം നിബന്ധന നിലവിലുണ്ടെങ്കിലും വി ഡി സതീശനെപ്പോലെ കരുത്തനായ നേതാവിനെ നേരിടാന്‍ ടൈസണ്‍ മാസ്റ്റര്‍ക്ക് പാര്‍ട്ടി പ്രത്യേക ഇളവ് നല്‍കിയാണ് പറവൂരില്‍ രംഗത്തിലിറക്കുന്നത്. മറുഭാഗത്ത്, വത്സല പ്രസന്ന കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.