- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചാരണത്തിനിടെ രമേഷ് പിഷാരടിയുടെ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയും പ്രവര്‍ത്തകരെ തടയുകയും ചെയ്തത് ശരിയോ? പാലക്കാട് പോര് മുറുകുന്നു; പിഷാരടിയെ തടഞ്ഞത് ആയുധമാക്കാന്‍ കോണ്‍ഗ്രസ്; പ്രതിച്ഛായ കൂട്ടി റസാഖ്; ഹെവി വെയ്റ്റായി ശോഭ തന്നെ

പാലക്കാട്: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം അത്യന്തം വശിയേറിയ ഘട്ടത്തിലേക്ക്. വടക്കന്തറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ മണ്ഡലം അക്ഷരാര്‍ത്ഥത്തില്‍ തിളച്ചുമറിയുകയാണ്. എന്നാല്‍ അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് പിഷാരടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.എം.ആര്‍ റസാഖ് ജനമധ്യത്തില്‍ തന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. തടയല്‍ വിവാദങ്ങള്‍ക്കിടയിലും മണ്ഡലത്തിലെ 'ഹെവി വെയ്റ്റ്' സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍ തന്നെ തുടരുന്നു എന്നതും ശ്രദ്ധേയമാണ്.
പ്രചാരണത്തിനിടെ രമേഷ് പിഷാരടിയുടെ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയും പ്രവര്‍ത്തകരെ തടയുകയും ചെയ്തത് ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഈ സംഭവം വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപിക്കെതിരെയുള്ള വികാരമായി മാറ്റാനാണ് യുഡിഎഫ് നീക്കം. നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുന്നതിലൂടെ ബിജെപിയുടെ 'സഹിഷ്ണുതയില്ലായ്മ' തുറന്നുകാട്ടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഭിക്കുന്ന സഹതാപ തരംഗം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് പിഷാരടി ക്യാമ്പ്.
പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാണെങ്കിലും രമേഷ് പിഷാരടിയെ തടഞ്ഞത് പാലക്കാടിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് തുറന്നുപറഞ്ഞ എന്‍.എം.ആര്‍ റസാഖിന്റെ നിലപാടിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാഷ്ട്രീയ വൈരത്തിനപ്പുറം മാനുഷിക മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും വിലനല്‍കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ റസാഖിന്റെ ഗ്രാഫ് ഉയര്‍ന്നിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ പിഷാരടിയെ തടഞ്ഞപ്പോള്‍ അതിനെ തള്ളിപ്പറയാന്‍ റസാഖ് കാണിച്ച ആര്‍ജ്ജവം നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാം.
തടയല്‍ വിവാദങ്ങള്‍ ശോഭാ സുരേന്ദ്രന് വെല്ലുവിളിയാണെങ്കിലും പാലക്കാട്ട് ഇപ്പോഴും ശക്തമായ സ്വാധീനമുള്ള സ്ഥാനാര്‍ത്ഥി ശോഭ തന്നെയാണ്. ബിജെപിയുടെ കരുത്തുറ്റ വോട്ട് ബാങ്കും ശോഭയുടെ വ്യക്തിപരമായ സ്വാധീനവും അവരെ മത്സരത്തില്‍ മുന്നില്‍ നിര്‍ത്തുന്നു. എന്നാല്‍, വടക്കന്തറയിലെ അണികളുടെ അതിരുകടന്ന ആവേശം ശോഭയുടെ പ്രതിച്ഛായയെ ബാധിക്കുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്. പുറത്തുനിന്നുള്ളവരേക്കാള്‍ ഉപരി ബിജെപിക്കുള്ളിലെ തന്നെ ചില കേന്ദ്രങ്ങള്‍ ശോഭയുടെ വോട്ടുകള്‍ കുറയ്ക്കാന്‍ മനഃപൂര്‍വ്വം നടത്തിയ 'പാര'യാണോ ഈ തടയല്‍ നാടകമെന്നും സംശയമുയരുന്നുണ്ട്.
കത്രികപ്പൂട്ട് മത്സരമാണ് പാലക്കാട് നടക്കുന്നത്. യുഡിഎഫ് അക്രമ രാഷ്ട്രീയത്തിനെതിരെ വികാരം ഉയര്‍ത്തുമ്പോള്‍, എല്‍ഡിഎഫ് സമാധാനപരമായ രാഷ്ട്രീയത്തിന്റെ വക്താക്കളായി സ്വയം അടയാളപ്പെടുത്താനാണ് ശ്രമം.


