- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി അവസരവാദത്തിന്റെ ആള്‍രൂപം; എസ്ഡിപിഐയുമായി കൂട്ടുകൂടുമ്പോള്‍, അഭിമന്യുവിന്റെ മാതാപിതാക്കളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം; സോഷ്യല്‍ മീഡിയ സംവാദത്തിന് 'ത്രില്ലി'ല്ലെന്നും വി.ഡി.സതീശന്‍; എസ്ഡിപിഐ വാട്ട് വേണ്ടെന്ന് പറയേണ്ടതില്ലെന്ന് എം.വി.ഗോവിന്ദന്‍; ജമാഅത്തെ ഇസ്ലാമി വോട്ടില്‍ സതീശന്‍ വെല്ലുവിളിയും
പിണറായി അവസരവാദത്തിന്റെ ആള്‍രൂപം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ അവസരവാദത്തിന്റെ ആള്‍രൂപമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനായി മുഖ്യമന്ത്രി എസ്ഡിപിഐ, പിഡിപി, ആര്‍എസ്എസ് തുടങ്ങിയ സംഘടനകളുമായി കൂട്ടുകൂടുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.
എസ്ഡിപിഐ പിന്തുണ നല്‍കിയാല്‍ അത് എന്തിനാണ് വേണ്ടെന്ന് പറയുന്നതെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തെ സതീശന്‍ ചോദ്യം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയപ്പോള്‍ അവരെ വര്‍ഗീയവാദികളെന്നും മതരാഷ്ട്രീയവാദികളെന്നും വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. നാല്പത് വര്‍ഷത്തോളം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിച്ച ഇടതുപക്ഷം, അവര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വര്‍ഗീയവാദികളായി ചിത്രീകരിച്ചെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു. എസ്ഡിപിഐയുടെ പിന്തുണ യുഡിഎഫ് നേരത്തെ വേണ്ടെന്ന് വെച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
എസ്ഡിപിഐ വോട്ടുകളെക്കുറിച്ചുള്ള യുഡിഎഫിന്റെ നിലപാട് അസന്ദിഗ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. എസ്ഡിപിഐയുടെ വോട്ടുകള്‍ തങ്ങള്‍ക്ക് വേണ്ട എന്നത് യുഡിഎഫ് എടുത്ത ഉറച്ച തീരുമാനമാണ്. എസ്ഡിപിഐയെ രാഷ്ട്രീയമായി വിമര്‍ശിക്കുന്നതില്‍ യുഡിഎഫിന് വ്യക്തമായ നിലപാടുണ്ട്. എസ്ഡിപിഐയുമായി കൂട്ടുകൂടുമ്പോള്‍, അവരുടെ കൊലപാതകത്തിന് ഇരയായ അഭിമന്യുവിന്റെ മാതാപിതാക്കളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്തുചെയ്താലും ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നും, കേരളത്തിന്റെ മതേതര സ്വഭാവം തെളിയിക്കുന്ന ഒന്നായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയ സംവാദത്തില്‍ ത്രില്ലില്ല
മുഖ്യമന്ത്രിയുമായി നേരിട്ടുള്ള സംവാദത്തിന് താന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നതെന്നും സതീശന്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് 'ത്രില്ലില്ലെന്ന്' പറവൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള സംവാദത്തിന് മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് കരുതിയിരുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പറയുന്ന ചില നുണകള്‍ക്ക് താന്‍ മറുപടി നല്‍കുമ്പോള്‍ അതിനെക്കുറിച്ച് പിന്നീട് പരാമര്‍ശങ്ങളുണ്ടാകാറില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നാല് ലക്ഷത്തി നാല്‍പ്പത്തിമൂവായിരം പേര്‍ക്ക് വീട് വെച്ചുകൊടുത്തു എന്ന് താന്‍ തെളിയിച്ചപ്പോഴും മുഖ്യമന്ത്രി അതിന് മുന്‍പ് പറഞ്ഞതിനെക്കുറിച്ച് പ്രതികരിച്ചില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഈ അവസരവാദ നിലപാടുകള്‍ക്കെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നും, കേരളം മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ആവര്‍ത്തിച്ച് കള്ളം പറയുകയാണെന്നും, ഇത്രയധികം കള്ളം പറഞ്ഞ ഭരണാധികാരി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും സതീശന്‍ ആരോപിച്ചു. എല്ലാ വര്‍ഗീയ കക്ഷികളുമായും മുഖ്യമന്ത്രി കൂട്ടുകെട്ടുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട്ടില്‍ പിരിച്ച പണത്തിന്റെ കണക്ക് കോണ്‍ഗ്രസ് പുറത്തുവിടുമെന്നും, പണം നല്‍കിയവരെയാണ് കണക്ക് ബോധിപ്പിക്കേണ്ടതെന്നും അല്ലാതെ മുഖ്യമന്ത്രിക്കല്ലെന്നും സതീശന്‍ വ്യക്തമാക്കി. വയനാട്ടിലെ വീടുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്വര്‍ണം കട്ടവര്‍ എങ്ങനെ രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനും വിഡി സതീശന്‍ മറുപടി നല്‍കി. ശബരിമലയില്‍ സ്വര്‍ണ്ണം കട്ടവര്‍ എങ്ങനെ മുഖ്യമന്ത്രിയുടെ ഒപ്പം ഫോട്ടോയെടുത്തുവെന്ന് ആദ്യം പറയട്ടെ എന്നായിരുന്നു സതീശന്റെ മറുചോദ്യം.
എഫ്സിആര്‍എ ബില്‍ വന്നതോടെ ബിജെപിയുടെ യഥാര്‍ഥ സ്വഭാവം സഭ അധ്യക്ഷന്മാര്‍ക്ക് ബോധ്യമായെന്നും, എഫ്സിആര്‍എ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് ആദ്യം കത്തയച്ചത് താനാണെന്നും സതീശന്‍ പറഞ്ഞു. 25 വര്‍ഷം എംഎല്‍എ ആയ താന്‍ ഇത്തവണ ഉയര്‍ന്ന പദവിയില്‍ എത്തണമെന്ന് പറവൂരുകാര്‍ ആഗ്രഹിക്കുന്നുണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്ന് എം.വി. ഗോവിന്ദന്‍
അതേസമയം, എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് അസന്നിഗ്ദ്ധമായി പറയാന്‍ സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകുമോ എന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലമായ വലിയ മുന്നേറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ പോലും ഇത്തവണ ഇടതുപക്ഷം വിജയിക്കുമെന്നും തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യു ധീരനായ കമ്യൂണിസ്റ്റാണെന്നും ആ രക്തസാക്ഷിത്വം പാര്‍ട്ടി എക്കാലവും ഉയര്‍ത്തിപ്പിടിക്കുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. എല്‍ഡിഎഫിന്റെ ഭാഗമായി നില്‍ക്കാത്ത ആരുമായും തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. മന്ത്രി വി. ശിവന്‍കുട്ടി എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയതായി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ആ വോട്ട് വേണ്ടെന്ന് പറയാന്‍ വി.ഡി. സതീശന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
വയനാട് ചൂരല്‍മല പുനരധിവാസത്തിനായി കോണ്‍ഗ്രസ് പിരിച്ച പണം എവിടെയെന്നും എം.വി. ഗോവിന്ദന്‍ ചോദ്യമുയര്‍ത്തി. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിലാണ് ഈ പണം ഉള്ളതെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം സമര്‍പ്പിക്കുമ്പോള്‍ ആ തുക അതില്‍ കാണിക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു. പണി പൂര്‍ത്തിയാക്കിയാല്‍ കൃത്യം കണക്ക് പറയുമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഏതു നൂറ്റാണ്ടിലാണ് ഇവര്‍ കണക്ക് പറയുകയെന്നും അദ്ദേഹം പരിഹസിച്ചു. ഇതുവരെ വീടുകള്‍ നിര്‍മിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുകയോ സമ്മതപത്രം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ആരോപിച്ച അദ്ദേഹം, ഏതെങ്കിലും ഒരു സീറ്റില്‍ ബിജെപിക്ക് ജയിക്കണമെങ്കില്‍ അതിന് കോണ്‍ഗ്രസിന്റെ സഹായം അനിവാര്യമാണെന്നും പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നടത്തുന്ന ഇത്തരം വര്‍ഗീയ പ്രീണനങ്ങള്‍ക്ക് മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.


