തിരുവനന്തപുരം: ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വിശ്വാസിയായ ഒരു എംഎല്‍എ വന്നാല്‍ എന്താണ് പ്രശ്‌നം എന്നല്ലേ ഗോപാലകൃഷ്ണന്‍ ചോദിക്കുന്നത്. ചിലരുടെ അഭിപ്രായം അത് വര്‍ഗീയ പ്രസംഗം ആണെന്നാണ്. ഗോപാലകൃഷ്ണന്റെ ചോദ്യത്തില്‍ എന്താണ് തെറ്റെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

'കെ.എം ഷാജി മതമാണ് മതമാണ് പ്രശ്‌നം എന്നു പറയുന്നതില്‍ തെറ്റില്ലേ?.ബിജെപി പറഞ്ഞാല്‍ വര്‍ഗീയത,മറ്റാരെങ്കിലും മതമാണ് മതമാണ് പ്രശ്‌നം എന്ന് പറയുമ്പോള്‍ എന്താണ് ആരും ഒന്നും പറയാത്തത്. വിശ്വാസി ആയ ഒരു എംഎല്‍എ വന്നാല്‍ എന്താണ് പ്രശ്‌നം എന്നല്ലേ ഗോപാലകൃഷ്ണന്‍ ചോദിക്കുന്നത്.അതെങ്ങനെയാണ് വിദ്വേഷ പരാമര്‍ശമാകുന്നത്..'-രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എ ഉണ്ടായില്ലെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചിരുന്നു. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളില്‍ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ കാണാനില്ലെന്നും ഗോപാലകൃഷ്ണന്‍ ചോദിക്കുകയുണ്ടായി.

മാതൃക പെരുമാറ്റം ലംഘിച്ചതിന് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് ബി.ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരുന്നു. പെരുമാറ്റ ചട്ട ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്. ഗുരുവായൂര്‍ റിട്ടേണിംഗ് ഓഫീസറുടെ പരാതിയിലാണ് നടപടി.

ജനപ്രാതിനിധ്യ നിയമം,1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം പരാതിയില്‍ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു. മാതൃകാപെരുമാറ്റ ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി സ്ഥാനാര്‍ഥിയായ ബി. ഗോപാലകൃഷ്ണന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയും കെഎസ് യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയിരുന്നു.