കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ രാഷ്ട്രീയ നിലപാട് പരസ്യമാക്കി എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി. പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ശേഷിയുള്ള മുന്നണികളെ പിന്തുണയ്ക്കാനാണ് പാര്‍ട്ടി തീരുമാനമെന്ന് അദ്ദേഹം ടെലിവിഷന്‍ ചാനലിനോട് വ്യക്തമാക്കി.

നേമത്ത് ബി.ജെ.പി വിജയം തടയുക എന്ന ലക്ഷ്യത്തോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പരസ്യ പിന്തുണ നല്‍കും. മഞ്ചേശ്വരത്ത്, യു.ഡി.എഫിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. പഠനത്തിന് ശേഷം തീരുമാനിക്കും. എല്ലാ മണ്ഡലങ്ങളിലും പിന്തുണ പരസ്യമായി പ്രഖ്യാപിക്കണമെന്നില്ല. പ്രവര്‍ത്തകര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കി നിശബ്ദ പിന്തുണ നല്‍കുന്ന രീതിയും പരിഗണനയിലുണ്ട്.

കോണ്‍ഗ്രസ് നിലപാടിനെതിരെ വിമര്‍ശനം

കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ എസ്.ഡി.പി.ഐയോട് പുലര്‍ത്തുന്ന വിദ്വേഷം ആരെ പ്രീതിപ്പെടുത്താനാണെന്ന് വ്യക്തമാക്കണമെന്ന് ഫൈസി ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മുന്നണിയില്‍ കോണ്‍ഗ്രസും എസ്.ഡി.പി.ഐയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഞങ്ങളെ എതിര്‍ക്കുമ്പോള്‍ അവരെ തിരിച്ച് പിന്തുണയ്‌ക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല. എന്നാല്‍ കോണ്‍ഗ്രസിലെ എല്ലാ നേതാക്കള്‍ക്കും ഈ വാശിയില്ല.' - എം.കെ. ഫൈസി

സര്‍ക്കാര്‍ വിലയിരുത്തലും കാരായി രാജനും

എല്‍.ഡി.എഫ് സര്‍ക്കാര്‍ നൂറ് ശതമാനം പരാജയമാണെന്ന അഭിപ്രായം പാര്‍ട്ടിക്കില്ലെന്ന് ഫൈസി പറഞ്ഞു. സര്‍ക്കാരിന്റെ വീഴ്ചകളില്‍ സമരം ചെയ്തിട്ടുണ്ടെങ്കിലും എല്ലാ മേഖലയിലും പാളിച്ച പറ്റിയിട്ടില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.

അതേസമയം, തലശ്ശേരിയില്‍ കാരായി രാജനെ പരാജയപ്പെടുത്തുമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി. ഫസല്‍ വധക്കേസിലെ പ്രതിയായ കാരായി രാജനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ എസ്.ഡി.പി.ഐ രംഗത്തിറക്കിയിട്ടുണ്ട്. അഭിമന്യൂ വധക്കേസില്‍ എസ്.ഡി.പി.ഐക്ക് പങ്കില്ലെന്നും മുന്‍പ് സി.പി.എം ഉന്നയിച്ച ആരോപണങ്ങള്‍ ഇപ്പോള്‍ പ്രസക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിക്കും യു.ഡി.എഫിനും ഒരുപോലെ സാധ്യതയുള്ള മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെയാകും എസ്.ഡി.പി.ഐ വോട്ട് വിനിയോഗിക്കുക. ഓരോ മണ്ഡലത്തിലെയും സാഹചര്യം പഠിച്ച ശേഷം വരും ദിവസങ്ങളില്‍ കൃത്യമായ നിര്‍ദ്ദേശം താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്നും എം.കെ.ഫൈസി പറഞ്ഞു.