- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ക്ക് നേരെ പാഞ്ഞടുത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; നെഹ്‌റു കോളേജില്‍ വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്; തൃക്കരിപ്പൂരില്‍ സംഘര്‍ഷാവസ്ഥ, പോലീസ് സ്ഥലത്ത്; എസ്എഫ്‌ഐ ക്രിമിനലുകളെന്ന് യുഡിഎഫ്
തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ക്ക് നേരെ പാഞ്ഞടുത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം. പടന്നക്കാട് നെഹ്‌റു കോളജില്‍ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് സംഭവം. ആക്രമണത്തില്‍ രണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കോളജ് ഡേയുടെ ഭാഗമായി നടക്കുകയായിരുന്ന ഡിജെ പരിപാടിക്കിടെയാണ് സംഭവം.
ഇതിനിടെ, സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിനും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഇരിട്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം മന്ത്രിമാരെയും നേതാക്കളെയും അഹങ്കാരികളാക്കിയെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ബിജെപിയും എല്‍ഡിഎഫും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും അവര്‍ പറഞ്ഞു.
ശബരിമലയില്‍ വലിയ തോതിലുള്ള കൊള്ള നടന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ ഒരക്ഷരം പോലും മിണ്ടിയില്ലെന്നും ശരിയായ ഒരന്വേഷണം പോലും നടന്നില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്‌സ്, സിബിഐ തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണം വരാറുണ്ടെങ്കിലും, കേരള മുഖ്യമന്ത്രിക്ക് നേരെ അത്തരമൊരു അന്വേഷണം ഉണ്ടാകുന്നില്ലെന്നും അവര്‍ ആരോപിച്ചു.
ആശാ വര്‍ക്കര്‍മാരും അങ്കണവാടി വര്‍ക്കര്‍മാരും മാസങ്ങളോളം സമരം ചെയ്തിട്ടും അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കേന്ദ്രത്തില്‍ ബിജെപി എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ, അതേ രീതിയിലാണ് കേരളത്തിലെ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്നും ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്ക വിമര്‍ശിച്ചു. ആരോഗ്യകരമായ ജനാധിപത്യത്തില്‍ ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും എന്നാല്‍ ഇവിടെ സംഭവിക്കുന്നത് മറിച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മധ്യപൂര്‍വദേശത്ത് യുദ്ധം നടക്കുന്നതും അത് നമ്മളെ സാരമായി ബാധിക്കുന്നതും പ്രിയങ്ക ഗാന്ധി പ്രസംഗത്തില്‍ ഉന്നയിച്ചു. ലക്ഷക്കണക്കിന് മലയാളികള്‍ അവിടെ കുടുങ്ങിക്കിടക്കുകയാണെന്നും എന്നാല്‍ അവര്‍ക്ക് ഒരു സുരക്ഷയോ സഹായമോ നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു. യുഎസിന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രിയെന്നും അതേപോലെയാണ് കേരളത്തിലെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ നില്‍ക്കുന്നതെന്നും പ്രിയങ്ക വിമര്‍ശിച്ചു. ഊര്‍ജ സുരക്ഷ യുഎസിന് കൈമാറിയെന്നും അവര്‍ പരാമര്‍ശിച്ചു.


