- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.ഡി.എഫ് നൂറിലേറെ സീറ്റ് നേടി അധികാരത്തിലെത്തും; ഭരണവിരുദ്ധ വികാരം സര്‍ക്കാരിനെ തൂത്തെറിയും; മുഖ്യമന്ത്രിയാകാനില്ലെന്ന് സണ്ണി ജോസഫ്; ആരാണ് മുഖ്യമന്ത്രിയാവുകയെന്ന് പ്രവചിക്കാനും തയാറായില്ല: സണ്ണി ജോസഫ്
യു.ഡി.എഫ് നൂറിലേറെ സീറ്റ് നേടി അധികാരത്തിലെത്തും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നൂറിലധികം സീറ്റുകള്‍ സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നു പറഞ്ഞ അദ്ദേഹം, ആരാണ് മുഖ്യമന്ത്രിയാവുകയെന്ന് പ്രവചിക്കാനും തയാറായില്ല. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും ഭരണവിരുദ്ധ വികാരം സര്‍ക്കാരിനെ തൂത്തെറിയുമെന്നും ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സണ്ണി ജോസഫ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി കോണ്‍ഗ്രസിനില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. 'മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡാണ് തീരുമാനിക്കുകയെന്ന് എ.കെ. ആന്റണി രണ്ടുതവണ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ മത്സരരംഗത്തുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല. ജയിച്ചുവരുന്നവരില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിരുന്ന് മത്സരിക്കുന്നത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സി.പി.എമ്മിലെ ഏകാധിപത്യ ശൈലിക്കെതിരെ നേതാക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. 'ജി. സുധാകരനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഒറ്റപ്പെട്ടു. തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദനും ഒറ്റപ്പാലത്തെ പി.കെ. ശശിയും സി.പി.എമ്മിനുള്ളിലെ പ്രതിഷേധത്തിന്റെ പ്രതീകങ്ങളാണ്. പാര്‍ട്ടി പിരിച്ച കണക്ക് ചോദിച്ച വി. കുഞ്ഞിക്കൃഷ്ണനോട് 'കടക്ക് പുറത്ത്' എന്നാണ് പറഞ്ഞത്. ഈ അമര്‍ഷമെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും' -സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വികസന മുദ്രാവാക്യങ്ങള്‍ പൊള്ളയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് ഉമ്മന്‍ ചാണ്ടിയാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ 80 ശതമാനം പണിയും പൂര്‍ത്തിയാക്കിയത് യു.ഡി.എഫ് സര്‍ക്കാരായിരുന്നു. ആ നേട്ടങ്ങള്‍ സ്വന്തം പേരില്‍ മാറ്റാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്.
മലയോര മേഖലയിലെ കര്‍ഷക പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ക്രൈസ്തവ വിഭാഗങ്ങള്‍ യു.ഡി.എഫിനോട് അടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായതാണ്. കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് വരേണ്ടതായിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ വൈകിയതു കാരണമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാലതാമസം ഉണ്ടായത്. പ്രതിപക്ഷ നേതാവിന്റെ ജാഥ നടക്കുകയായിരുന്നതിനാലാണ് ഘടകകക്ഷികളുമായുള്ള ചര്‍ച്ച വൈകിയതെന്നും അദ്ദേഹം വിശദീകരിച്ചു.


