- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സസ്പെന്‍സിന് ഒടുവില്‍ വി.ഡി.സതീശന്റെ പത്രിക സ്വീകരിച്ചു; പറവൂരില്‍ വരണാധികാരിക്ക് മുന്നില്‍ നടന്നത് നാടകീയ നീക്കങ്ങള്‍; പത്രിക തള്ളിക്കാന്‍ എല്‍ഡിഎഫും എന്‍ഡിഎയും കൈകോര്‍ത്തു; വരുമാനം മറച്ചുവെച്ചെന്ന പരാതിയില്‍ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വം; പറവൂരില്‍ പോരാട്ടം കടുക്കും
വി.ഡി.സതീശന്റെ പത്രിക സ്വീകരിച്ചു

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. വരുമാനം പൂര്‍ണ്ണമായി വെളിപ്പെടുത്തിയില്ലെന്ന പരാതിയെ തുടര്‍ന്ന് തടഞ്ഞുവെച്ച പത്രിക, അദ്ദേഹം രേഖാമൂലം വിശദീകരണം നല്‍കിയതോടെയാണ് വരണാധികാരികള്‍ സ്വീകരിച്ചത്. ഇതോടെ, കോണ്‍ഗ്രസ് ക്യാമ്പിലുണ്ടായിരുന്ന ആശങ്കകള്‍ക്ക് താല്‍ക്കാലിക ശമനമായി.
എല്‍ഡിഎഫും എന്‍ഡിഎയുമാണ് സതീശന്റെ പത്രികയ്ക്കെതിരെ പരാതി നല്‍കിയത്. അഭിഭാഷകന്‍ എന്ന നിലയിലുള്ള വരുമാനം ഉള്‍പ്പെടെ, മൂന്ന് വിഷയങ്ങളില്‍ യഥാര്‍ത്ഥ വരുമാനം നാമനിര്‍ദേശ പത്രികയില്‍ കാണിച്ചില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. ഇത് പത്രികയുടെ സൂക്ഷ്മപരിശോധന നീളാന്‍ കാരണമായി.
വി.ഡി. സതീശന്‍ സമര്‍പ്പിച്ച വിശദീകരണം പരിഗണിച്ചാണ് പത്രിക സ്വീകരിക്കാന്‍ തീരുമാനമെടുത്തത്. വൈകിട്ട് മൂന്ന് മണിയോടെ നടന്ന സൂക്ഷ്മപരിശോധനയില്‍ സതീശന്റെ അഭിഭാഷകര്‍ കൃത്യമായ രേഖകളും വിശദീകരണവും ഹാജരാക്കി. ഇത് പരിശോധിച്ച വരണാധികാരി പരാതികളില്‍ കഴമ്പില്ലെന്ന് കണ്ട് പത്രിക സാധുവാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
വിഷയത്തില്‍ സതീശന്റെ ഭാഗം വിശദമായി കേട്ട ശേഷം കൂടുതല്‍ സൂക്ഷ്മപരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ, ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയെത്തുടര്‍ന്ന് വി ഡി സതീശന്റെ നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന റിട്ടേണിംഗ് ഓഫീസര്‍മാര്‍ താല്‍ക്കാലികമായി മാറ്റിവെച്ചിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഉന്നയിച്ച പരാതിയെതുടര്‍ന്നാണ് നടപടി.
പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടൈസണ്‍ മാസ്റ്ററാണ് വി ഡി സതീശന്റെ പത്രികയ്ക്കെതിരെ പരാതി നല്‍കിയത്. പ്രധാനമായും കൈവശമുള്ള സ്വര്‍ണ്ണത്തിന്റെ മൂല്യം കുറച്ചുകാണിച്ചു, വരുമാന സ്രോതസ്സ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല എന്നിങ്ങനെയുള്ള പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.
ഔദ്യോഗിക വാഹനത്തിന്റെ പേരില്‍ ലഭിച്ച ട്രാഫിക് പെനാല്‍റ്റി തുക അടച്ചുതീര്‍ത്തിട്ടില്ല എന്നും പരാതിയുണ്ട്. അഭിഭാഷകനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ മേഖലയില്‍ നിന്നുള്ള വരുമാനം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ആനുകൂല്യങ്ങളുടെ കൃത്യമായ തുകയും രേഖപ്പെടുത്തിയിട്ടില്ലെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.


