പെരുമ്പാവൂര്‍: തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന പെരുമ്പാവൂരില്‍ എന്‍ഡിഎ ക്യാമ്പിനെ ഞെട്ടിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ പാളിച്ച. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയിലില്ലെന്ന വിവരം പുറത്തുവന്നതോടെ മുന്നണി പ്രതിരോധത്തിലായി. ഇതേത്തുടര്‍ന്ന് ഇന്ന് പെരുമ്പാവൂരില്‍ നടത്താനിരുന്ന വമ്പന്‍ റോഡ് ഷോ അവസാന നിമിഷം റദ്ദാക്കി. സ്ഥാനാര്‍ത്ഥിത്വം അസാുവാകാന്‍ സാധ്യതയുള്ളതിനാല്‍ നിയമവശങ്ങള്‍ പരിശോധിക്കുകയാണ് നേതൃത്വം.

കേന്ദ്രമന്ത്രി ഭൂപതിരാജു ശ്രീനിവാസ വര്‍മ്മ റോഡ് ഷോ ഉദ്ഘാടനത്തിനായി വേദിയിലെത്തിയപ്പോഴാണ് സ്ഥാനാര്‍ത്ഥിക്ക് വോട്ടില്ലെന്ന വിവരം സംഘാടകര്‍ അറിയുന്നത്. ഇതോടെ പരിപാടി പദയാത്രയായി ചുരുക്കി. ലക്ഷ്മിപ്രിയയ്ക്ക് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം എത്താന്‍ കഴിഞ്ഞില്ലെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, വോട്ടര്‍പട്ടികയിലെ പേര് ഇല്ലാത്തതാണ് യഥാര്‍ത്ഥ പ്രതിസന്ധിയെന്ന് വ്യക്തമാണ്. തൃപ്പൂണിത്തുറയിലെ കരിങ്ങാച്ചിറയിലും തൃക്കാക്കരയിലെ ഫ്‌ലാറ്റിലും ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ലെന്നാണ് പ്രാഥമിക വിവരം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയായ മാര്‍ച്ച് 23-ന് മുമ്പ് പേര് ചേര്‍ക്കാന്‍ കഴിയുമോ അതോ പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമോ എന്ന ആലോചനയിലാണ് എന്‍ഡിഎ.

താരസംഘടനയായ 'അമ്മ'യുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയ അടുത്തിടെ സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടി നീനാ കുറപ്പുമായുള്ള വാക്‌പോരും ഗ്രൂപ്പിലിട്ട വോയിസ് മെസേജുകളും വലിയ ചര്‍ച്ചയായിരുന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ് ട്വന്റി 20 കണ്‍വീനര്‍ സാബു എം. ജേക്കബ് ലക്ഷ്മിപ്രിയ ഉള്‍പ്പെടെയുള്ള താരങ്ങളെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്. അതിന് ശേഷം വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വാര്‍ത്ത എത്തിയത് ലക്ഷ്മി പ്രിയയ്ക്കും തിരിച്ചടിയായി. പുതിയ സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ ഇനി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

അഞ്ജലി നായര്‍ (തൃപ്പൂണിത്തുറ), വീണ നായര്‍ (ഏറ്റുമാനൂര്‍), അഖില്‍ മാരാര്‍ (തൃക്കാക്കര) എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍. ലക്ഷ്മിപ്രിയയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പെരുമ്പാവൂരില്‍ എന്‍ഡിഎയ്ക്ക് പുതിയ മുഖത്തെ തേടേണ്ടി വരും. ഇതിനുള്ള ചര്‍ച്ചകള്‍ ട്വന്റി ട്വന്റിയില്‍ തുടങ്ങി കഴിഞ്ഞു.