കൊച്ചി: അമേരിക്ക ടോര്‍പിഡോ വച്ചു മുക്കിയത് ഇറാന്റെ യുദ്ധക്കപ്പലിനെ മുക്കിയതിന്റെ വിവാദങ്ങള്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. കേന്ദ്രസര്‍ക്കാറിനെതിരെ ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഐആര്‍ഐഎസ് ദേന എന്ന ഇറാനിയന്‍ യുദ്ധക്കപ്പലിനെയാണ് അമേരിക്തന്‍ ടോര്‍പിഡോ മുക്കിയത്. ഈ സംഭവതതിന് തൊട്ടുമുമ്പായി, മറ്റൊരു ഇറാനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ലാവന് ഇന്ത്യ അഭയം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. ഈ യുദ്ധക്കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത് കൊച്ചിയിലാണ്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടിയന്തരമായാണ് കപ്പല്‍ കൊച്ചി തീരത്തെത്തിയതെന്നാണ് ലഭിക്ുകന്ന വിശദീകരണം.

കപ്പലിലുണ്ടായിരുന്ന 183 നാവികര്‍ കൊച്ചിയിലെ നാവിക സേനയുടെ പ്രത്യേക കേന്ദ്രങ്ങളില്‍ കഴിയുകയാണ്. കപ്പലിന് അടിയന്തരമായി അടുക്കാന്‍ അനുമതി നല്‍കണമെന്ന ഇറാന്റെ അഭ്യര്‍ത്ഥന അംഗീകരിക്കുകയായിരുന്നു. ഇറാനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേന അപകടത്തില്‍പ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് ഐആര്‍ഐഎസ് ലാവന്‍ കൊച്ചിയിലെത്തിയത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കപ്പലിന് അടിയന്തരമായി അടുക്കാന്‍ അനുമതി നല്‍കണമെന്ന ഇറാന്റെ അഭ്യര്‍ത്ഥന ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

അന്താരാഷ്ട്ര ഫ്‌ലീറ്റ് റിവ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയ ലാവന് ഫെബ്രുവരി 28-നാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കപ്പല്‍ കൊച്ചിയില്‍ അടുപ്പിക്കാന്‍ ഇറാന്‍ ഇന്ത്യയുടെ സഹായം തേടി. മാര്‍ച്ച് ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കി. തുടര്‍ന്ന് മാര്‍ച്ച് 4-ന് കപ്പല്‍ കൊച്ചിയിലെത്തി. കപ്പല്‍ ഇപ്പോഴും കൊച്ചിയില്‍ തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാരെയും നിലവില്‍ കൊച്ചിയിലെ നാവിക സേനയുടെ പ്രത്യേക കേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ നാവികസേന ഉറപ്പാക്കിയിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് ശേഷം ശ്രീലങ്കയ്ക്ക് തെക്ക് ഐആര്‍ഐഎസ് ദേന അപകടത്തില്‍പ്പെട്ട പശ്ചാത്തലത്തില്‍, ലാവന്റെ കൊച്ചിയിലേക്കുള്ള വരവിനെ പ്രതിരോധ വൃത്തങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. തകരാര്‍ പരിഹരിച്ച ശേഷം കപ്പല്‍ യാത്ര തുടരുമെന്നാണ് വിവരം. യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ഇറാന്‍ കപ്പലുകളുടെ യാത്ര അത്ര സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം ഇറാന്‍ കപ്പല്‍ യുഎസ് തകര്‍ത്ത വിഷയം ഇന്ത്യ ഉന്നത തലത്തില്‍ വിലയിരുത്തുന്നുണ്ട്.. ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി എസ്. ജയശങ്കര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ നാവിക സേനയുടെ ഇടപടല്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ജയശങ്കര്‍ വിശദീകരിച്ചെന്നാണ് സൂചന.

ശ്രീലങ്കന്‍ തീരത്ത് വെച്ച് യുഎസിന്റെ ആണവ അന്തര്‍വാഹിനി ടോര്‍പിഡ!!ോ ആക്രമണത്തിലാണ് ഇറാന്റെ യുദ്ധകപ്പല്‍ തകര്‍ന്നത്. മാര്‍ച്ച് നാലിന് പുലര്‍ച്ചെയാണ് കൊളംബോയില്‍ നിന്ന് ഐആര്‍ഐഎസ് ദേനയില്‍ നിന്ന് അപായ സന്ദേശം ലഭിക്കുന്നതെന്നും ശ്രീലങ്കന്‍ നേവിയാണ് ഇതുസംബന്ധിച്ച വിവരം നല്‍കിയെന്നും ഇന്ത്യന്‍ നാവികസേന വിശദീകരിച്ചു. ശ്രീലങ്കന്‍യുടെ ഉത്തരവാദിത്വത്തിലുള്ള മേഖലയിലാണ് അപകടമുണ്ടായത്. വിവരം ലഭിച്ച ഉടനെ പട്രോളിങ് ഹെലികോപ്ടര്‍ അയക്കുകയായിരുന്നു.

ശ്രീലങ്കയുടെ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നതിനായിട്ടായിരുന്നു ഇത്. ഇതോടൊപ്പം രക്ഷാ ബോട്ടുകള്‍ അടങ്ങിയ മറ്റൊരു ഹെലികോപ്ടറും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനായി സജ്ജമാക്കിയിരുന്നു. ഐഎന്‍എസ് തരംഗിണി കപ്പല്‍ മാര്‍ച്ച് നാലിന് വൈകിട്ട് നാലുമണിയോടെ തെരച്ചില്‍ നടക്കുന്ന മേഖലയിലെത്തിയിരുന്നു. എന്നാല്‍, ഇതേ സമയത്ത് തന്നെ ശ്രീലങ്കന്‍ നാവികസേനയും മറ്റു ഏജന്‍സികളും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.

വിശാഖപട്ടണത്ത് രാജ്യാന്തര ഫ്‌ലീറ്റ് റിവ്യൂവില്‍ പങ്കെടുത്തശേഷം ഇറാനിലേക്കു മടങ്ങുകയായിരുന്ന ഇറാന്‍ നാവികസേനാ കപ്പലിനെയാണ് മുക്കിയത്. മുങ്ങിയ കപ്പല്‍ 'ഇന്ത്യയുടെ അതിഥി'യായിരുന്നു എന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞത്. എന്നാല്‍, നാവികാഭ്യാസത്തിനു പിന്നാലെ കഴിഞ്ഞ 25ന് ഇന്ത്യന്‍ തീരം വിട്ട കപ്പല്‍ 'അതിഥി'യായി തുടരുന്നതെങ്ങനെ എന്ന ചോദ്യം പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ ഉയര്‍ത്തി.

കപ്പല്‍ മുങ്ങുമ്പോള്‍ ഇന്ത്യ എന്തു ചെയ്‌തെന്ന ചോദ്യം ശക്തമായപ്പോഴാണ് ഇന്നലെ വൈകിട്ട് നാവികസേനയുടെ പ്രസ്താവന വന്നത്. എന്നാല്‍, കപ്പലിനെ യുഎസ് ആക്രമിക്കുമെന്ന് ഇന്ത്യയ്ക്ക് വിവരം ലഭിച്ചിരുന്നോയെന്ന് കോണ്‍ഗ്രസും മുന്‍ വിദേശകാര്യ സെക്രട്ടറി കന്‍വല്‍ സിബല്‍ ഉള്‍പ്പെടെ പലരും ചോദിച്ചു. കപ്പല്‍ ആക്രമിക്കപ്പെടുമെന്ന് ഇന്ത്യ നേരത്തേ അറിഞ്ഞിട്ടില്ലെങ്കില്‍ അത് രാജ്യത്തിന്റെ ഇന്റലിജന്‍സ് പിഴവാണ്, അറിഞ്ഞെങ്കില്‍ ആക്രമണം തടയാന്‍ എന്തുകൊണ്ട് താല്‍പര്യപ്പെട്ടില്ല എന്ന ചോദ്യവും ഉയരുന്നു.

പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ പക്ഷംപിടിക്കാതിരിക്കുമ്പോഴും നാവികരെ രക്ഷിക്കാന്‍ കൈക്കൊണ്ട നടപടികള്‍ പരസ്യപ്പെടുത്താന്‍ ശ്രീലങ്കന്‍ നാവികസേന മടിച്ചില്ല. അടുത്തയാഴ്ച പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി തുടങ്ങുമ്പോള്‍ ഇറാന്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്യുമെന്നാണ് പ്രതിപക്ഷം സൂചിപ്പിക്കുന്നത്.

ഇന്ത്യ-ഇറാന്‍ നാവികസേനകള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. 1990 കളുടെ മധ്യത്തില്‍ ഇന്ത്യയും യുഎസും നടത്തുന്ന സംയുക്ത നാവികാഭ്യാസത്തിന് ഇന്ത്യ റഷ്യയില്‍നിന്നു വാങ്ങിയ കിലോക്ലാസ് മുങ്ങിക്കപ്പലും വേണമെന്ന് യുഎസ് താല്‍പര്യപ്പെട്ടു. ഇന്ത്യ അതിനു വഴങ്ങിയേക്കുമെന്ന സ്ഥിതിയില്‍ ഇറാന്‍ ഇടപെട്ടു. ഹോര്‍മുസ് കടലിടുക്കില്‍ തങ്ങള്‍ വിന്യസിക്കുന്ന റഷ്യന്‍ മുങ്ങിക്കപ്പലിന്റെ വിവരങ്ങള്‍ കൈവശപ്പെടുത്താനാണ് യുഎസിന്റെ ശ്രമമെന്ന് ഇറാന്‍ പ്രധാനമന്ത്രിതലത്തില്‍ അറിയിച്ചു. തുടര്‍ന്നാണ് ഇത്തരം മുങ്ങിക്കപ്പല്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കേണ്ടതെന്ന് ഇന്ത്യ തീരുമാനിച്ചത്. ഇത് യുഎസിന് കടുത്ത അപ്രീതിയുണ്ടാക്കുകയും ചെയ്തു.