- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരിച്ചയക്കുന്ന ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തില്‍ അമേരിക്കയെ ആശങ്ക അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി; 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അറിയിച്ചു യുഎസ്; പ്രതിഷേധം ഉയരവേ അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ ഇറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കില്ലെന്നും സൂചന; മോദി-ട്രംപ് കൂടിക്കാഴ്ച വരെ ഇനി തിരിച്ചയക്കല്‍ നടപടികള്‍ ഉണ്ടായേക്കില്ല
തിരിച്ചയക്കുന്ന ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തില്‍ അമേരിക്കയെ ആശങ്ക അറിയിക്കും
ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ നാടുകടത്തലില്‍ പ്രതിഷേധം കനക്കവേ അമേരിക്കയോട് വിഷയത്തില്‍ ആശങ്ക അറിയിക്കാന്‍ ഇന്ത്യ. അനധികൃതകുടിയേറ്റക്കാരെ കയറ്റി അയക്കുന്ന നടപടിയില്‍ എതിര്‍പ്പില്ലെങ്കിലും മാന്യമായ പെരുമാറ്റം വേണമെന്ന ആവശ്യമാണ് ഇന്ത്യ അമേരിക്കന്‍ അധികൃതരോട് ആവശ്യപ്പെടുന്നത്. അമേരിക്കന്‍ നടപടിയെ ന്യായീകരിച്ചു കൊണ്ടാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സിയും രംഗത്തുവന്നത്.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് നാടുകടത്തല്‍ നടപ്പാക്കുന്നത്. തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് അമേരിക്കയെ അറിയിക്കും. സൈനിക വിമാനം ഇറങ്ങാന്‍ അനുമതി നല്‍കിയത് നിലവിലെ ചട്ടപ്രകാരമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തില്‍ അമേരിക്കയെ ആശങ്ക അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. അമേരിക്ക 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതില്‍ 298 പേരുടെ വിവരം ഇന്ത്യയ്ക്ക് കൈമാറി.
ഇപ്പോള്‍ നടപ്പാക്കുന്നത് ദേശീയ സുരക്ഷയുടെ ഭാഗമായ ഓപ്പറേഷന്‍ എന്നാണ് അമേരിക്ക അറിയിച്ചത്. അതുകൊണ്ടാണ് സൈനിക വിമാനം ഉപയോഗിച്ചത്. ബദല്‍ മാര്‍ഗ്ഗങ്ങള്‍ അമേരിക്കയുമായി ചര്‍ച്ച ചെയ്യും. എത്ര ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുണ്ട് എന്നതില്‍ കൃത്യമായ വിവരമില്ലെന്നും വിക്രം മിര്‍സി പറഞ്ഞു. നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണം.
അതേസമയം സൈനിക വിമാനത്തില്‍ നാടു കടത്തിയ സാഹചര്യത്തില്‍ പ്രതിഷേധം കനക്കവേ അനധികൃത കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്ന വിമാനം ഇന്ത്യയില്‍ ഇറക്കാന്‍ അനുമതി നല്‍കിയേക്കില്ലെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. മോദി - ട്രംപ് കൂടിക്കാഴ്ച കഴിയുന്നത് വരെ ഇനി തിരിച്ചയക്കല്‍ നടപടികള്‍ ഉണ്ടാകില്ലെന്നാണ് സൂചന.
അതേ സമയം, അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്ക തിരികെ നാട്ടിലെത്തിച്ചതിലെ മനുഷ്യത്വരഹിതമായ രീതിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചത് ക്രൂരമായ രീതിയിലെന്ന് അമേരിക്കയില്‍ നിന്നെത്തിയവര്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 40 മണിക്കൂറിലധികമുണ്ടായ സൈനിക വിമാനത്തിലെ യാത്രയില്‍ കൈകാലുകളില്‍ വിലങ്ങണിയിച്ചാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഭക്ഷണം പോലും കൃത്യമായി കഴിക്കാന്‍ സാധിച്ചില്ലെന്നും രാജ്യത്ത് തിരിച്ചെത്തിയവര്‍ വെളിപ്പെടുത്തിയിരുന്നു.
104 ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കന്‍ യുദ്ധ വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തിരുന്നു. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇന്ത്യക്കാരെ കൈവിലങ്ങിട്ടും കാല്‍ ബന്ധിച്ചും അമേരിക്കന്‍ സൈനികവിമാനത്തില്‍ എത്തിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷനേതാക്കളും എംപിമാരും പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിച്ചിരുന്നു.
അതേസമയം ഇത് ആദ്യമായല്ല അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരെ നാടുകടത്തുന്നതെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പ്രതിപക്ഷത്തിന് നല്‍കിയ മറുപടിയിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ കണക്ക് നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 2009 മുതല്‍ ഇതുവരെയുള്ള കണക്ക് അനുസരിച്ച 15,756 ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയിട്ടുണ്ടെന്നാണ് മന്ത്രി രാജ്യസഭയില്‍ അറിയിച്ചത്. അമേരിക്കയെ സംബന്ധിച്ച് നാടുകടത്തല്‍ പുതിയ കാര്യമല്ല. കുറെ വര്‍ഷങ്ങളായി തുടരുന്ന നടപടിയാണ്.
ഇത് ഒരുരാജ്യം മാത്രം സ്വീകരിച്ചിട്ടുള്ള നയവുമല്ല. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ നമ്മളും ഇതേ നിലപാട് സ്വീകരിക്കണം. നാടുകടത്തുന്നവരോട് മോശമായി പെരുമാറുന്നില്ലെന്നാണ് നമ്മള്‍ ഉറപ്പുവരുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. വിദേശകാര്യ മന്ത്രി പുറത്തുവിട്ട കണക്ക് അനുസരിച്ച് അമേരിക്ക ഏറ്റവുമധികം ഇന്ത്യക്കാരെ നാടുകടത്തിയത് 2019-ലാണ്. 2042 പേരെയാണ് ആ വര്‍ഷം അമേരിക്ക ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. കോവിഡ് മഹാമാരിയുടെ കാലമായിരുന്നിട്ടും 2020-ല്‍ 1889 പേരെ അമേരിക്ക നാടുകടത്തിയെന്നാണ് മന്ത്രി പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.
2009 മുതലുള്ള കണക്കാണ് എസ്.ജയശങ്കര്‍ പുറത്തുവിട്ടത്. 2009-ല്‍ 734, 2010-ല്‍ 799, 2011-ല്‍ 597, 2012-ല്‍ 530, 2013-ല്‍ 515, 2014-ല്‍ 591, 2015-ല്‍ 708, 2016-ല്‍ 1303, 2017-ല്‍ 1024, 2018-ല്‍ 1180, 2019-ല്‍ 2042, 2020-ല്‍ 1889, 2021-ല്‍ 805, 2022-ല്‍ 862, 2023-ല്‍ 617, 2024-ല്‍ 1368, 2025-ല്‍ ഇതുവരെ 104-ഉം ഇന്ത്യക്കാരെയാണ് അമേരിക്ക നാടുകടത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങും ചങ്ങലയും ധരിപ്പിച്ചത് അമേരിക്കന്‍ അധികൃതര്‍ സ്വീകരിക്കുന്ന നടപടിക്രമത്തിന്റെ ഭാഗം മാത്രമാണെന്നാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞത്. ചങ്ങലയും കൈവിലങ്ങും ധരിപ്പിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും കേന്ദ്രം ആവശ്യമായ ഇടപെടല്‍ നടത്തിയില്ലെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ.) ആണ് യു.എസില്‍നിന്ന് ആളുകളെ തിരിച്ചയക്കുന്നത്. വിമാനംവഴിയുള്ള നാടുകടത്തലുകള്‍ക്ക് 2012-ല്‍ നിലവില്‍ വന്ന എസ്.ഒ.പി. അനുസരിച്ച് യാത്രക്കാര്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. തിരിച്ചയച്ചവരിലുള്‍പ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംമേല്‍ നിയന്ത്രണങ്ങള്‍ സ്ഥാപിച്ചിരുന്നില്ലെന്ന് ഐ.സി.ഇ. അറിയിച്ചതായും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. പത്തുമണിക്കൂര്‍ യാത്രയ്ക്കിടയില്‍ യാത്രികര്‍ക്ക് ഭക്ഷണവും മരുന്നുകളും ലഭിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.