- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെഹ്റാന്‍ നഗരത്തില്‍ തീമഴ പെയ്യിച്ച് സഖ്യസേന; ആക്രമിക്കാന്‍ ഒരുമിച്ചെത്തിയത് 50 പോര്‍വിമാനങ്ങള്‍; മൊസാദും സൈനിക ഇന്റലിജന്‍സും നല്‍കിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോംബ് വര്‍ഷം; ഖമേനിയുടെ താവളത്തിന് സമീപത്തെ ഭൂഗര്‍ഭ ബങ്കറുകള്‍ തകര്‍ത്തെറിഞ്ഞു; തരിപ്പണമാക്കിയത് ഇറാന്റെ സൈനിക നീക്കങ്ങളുടെ പ്രധാന ആസൂത്രണ കേന്ദ്രമെന്ന് ഇസ്രായേല്‍
ടെഹ്റാന്‍ നഗരത്തില്‍ തീമഴ പെയ്യിച്ച് ഇസ്രയേല്‍

ടെഹ്റാന്‍: ഇറാനില്‍ ആക്രമണം കടുപ്പിച്ചു ഇസ്രയേല്‍. ഇന്ന് പുലര്‍ച്ചെ കടുത്ത ആക്രമണമാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ സഖ്യസേന നടത്തിയത്. അമ്പതോളം യുദ്ധവിമാനങ്ങള്‍ പങ്കെടുത്തു കനത്ത ബോംബിങ്ങാണ് നടത്തിയത്. ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ടെഹ്റാനിലെ അതീവ സുരക്ഷാ ആസ്ഥാനത്തിന് താഴെയുള്ള കൂറ്റന്‍ ഭൂഗര്‍ഭ ബങ്കറുകള്‍ ഇസ്രയേല്‍ വ്യോമസേന തകര്‍ത്തെറിഞ്ഞു. മോസാദും സൈനിക ഇന്റലിജന്‍സും നല്‍കിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 50 അത്യാധുനിക യുദ്ധവിമാനങ്ങളാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 'നരകമഴ' പെയ്യിച്ചത്.
ഖമേനി കൊല്ലപ്പെട്ടതിന് ശേഷം ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൈനിക നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ബങ്കറാണ് ഇസ്രയേല്‍ തകര്‍ത്തെറിഞ്ഞത്. നഗരത്തിലെ തെരുവുകള്‍ക്ക് താഴെ പടര്‍ന്നുപന്തലിച്ചു കിടന്നിരുന്ന ഈ ബങ്കറുകള്‍ക്ക് ഒന്നിലധികം പ്രവേശന കവാടങ്ങളുണ്ടായിരുന്നു. ഇസ്രയേലിനെതിരായ സൈനിക നീക്കങ്ങളുടെ പ്രധാന ആസൂത്രണ കേന്ദ്രമായിരുന്നു ഇതെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ടെഹ്‌റാന്‍ നഗരത്തിലുടനീളം വന്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന കെര്‍മന്‍ഷായ്ക്ക് ചുറ്റും ഒട്ടേറെ സ്‌ഫോടനങ്ങളുണ്ടായി. ഇറാന്റെ ഡ്രോണുകള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍, ഭൂഗര്‍ഭ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകള്‍ സ്ഥിതി ചെയ്യുന്ന ഇടങ്ങളിലുമാണ് യുഎസ് ആക്രമണം ഇന്നുണ്ടായത്. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്റെ ആയുധപ്പുരകളും സഖ്യസേന ലക്ഷ്യമിട്ടു. സ്റ്റെല്‍ത്ത് ബോംബുകള്‍ ഉപയോഗിച്ചാണ് ഭൂഗര്‍ഭ മിസൈല്‍ ലോഞ്ചറുകള്‍ ലക്ഷ്യമിട്ടത്. ഇതിനായി ഡസന്‍ കണക്കിനു ബങ്കര്‍-ബസ്റ്റര്‍ ബോംബുകളും യുഎസ് ഇട്ടു.
ഇറാനിലെ ഭരണ സംവിധാനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണം രണ്ടാഴ്ച കൂടി തുടരുമെന്ന സൂചനയാണ് ഇസ്രായേല്‍ നല്‍കുന്നത്. മിസൈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേല്‍ പറയുമ്പോഴും, നിരവധി സിവിലിയന്മാരാണ് കൊല്ലപ്പെടുന്നത്. ആക്രമണം തുടങ്ങിയതു മുതല്‍ ഇതുവരെ 5000ലധികം ബോംബുകളാണ് ഇറാനില്‍ ഇസ്രായേല്‍ വ്യോമസേന വര്‍ഷിച്ചത്. ആയിരത്തിലധികം ഇറാന്‍ സൈനികര്‍ തങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അവകാശപ്പെടുന്നു.
ഇതോടൊപ്പം ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണവും തുടരുന്നുണ്ട്. ഇറാന്‍ ക്ലസ്റ്റര്‍ ബോംബ് വാര്‍ഹെഡുകള്‍ വഹിച്ചുകൊണ്ടുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായും ഇസ്രായേലി പ്രതിരോധ സേന അറിയിച്ചു. ഇത് രാജ്യത്ത് കനത്ത നാശം വിതച്ചതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വലിയ നാശം വിതക്കാന്‍ ശേഷിയുള്ളവയാണ് ക്ലസ്റ്റര്‍ ബോംബുകള്‍. അത്തരം മിസൈലുകളുടെ വാര്‍ഹെഡ് താഴേക്കിറങ്ങുമ്പോള്‍ തുറക്കുകയും ഏകദേശം 2.5 കിലോഗ്രാം സ്ഫോടകവസ്തുക്കളുള്ള 20 ചെറിയ ബോംബുകളായി മാറി ഏകദേശം എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ചിതറുകയും ചെയ്യുന്നുവെന്നാണ് ഐ.ഡി.എഫ് പറയുന്നത്.
അതേസമയം, രാജ്യത്ത് 150ഓളം നഗരങ്ങള്‍ ഇതുവരെ ആക്രമിക്കപ്പെട്ടതായി ഇറാനിയന്‍ അധികൃതര്‍ പറയുന്നു. ഇസ്രായേലിലേക്ക് ഇറാന്റെ പ്രത്യാക്രമണവും തുടരുകയാണ്. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെയും ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈന്‍ ഖത്തര്‍ എന്നീ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ കടുത്ത ആക്രമണം നടത്തി.
പ്രധാനമായും ഡ്രോണുകളാണ് ആക്രമണത്തിനു ഉപയോഗിച്ചത്. എന്നാല്‍ സൗദി അറേബ്യയില്‍ ആക്രമണത്തിനു മിസൈലുകള്‍ ഉപയോഗിച്ചു. ആക്രമണങ്ങള്‍ തടഞ്ഞതായി സൗദി അറിയിച്ചു. ബഹ്റൈനില്‍ ആളുകള്‍ താമസിക്കുന്ന ഇടങ്ങളും ഇറാന്‍ ലക്ഷ്യമിട്ടു. ഒരു ഹോട്ടലിലും രണ്ട് പാര്‍പ്പിട സമുച്ചയങ്ങളിലും ആക്രമണം ഉണ്ടായി. ലക്ഷ്യമിട്ടെത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രണണങ്ങളെ ഫലപ്രദമായി തടഞ്ഞതായി കുവൈത്തും അറിയിച്ചു.
അതിനിടെ, ഇറാനെതിരെയുള്ള സൈനിക നടപടികള്‍ പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകള്‍ യു.എസ് സെനറ്റില്‍ കൊണ്ടുവന്ന ഉഭയകക്ഷി പ്രമേയം പരാജയപ്പെട്ടു. 53-47 എന്ന നിലയിലായിരുന്നു വോട്ടെടുപ്പ്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇറാനില്‍ സൈനിക നടപടി തുടരുന്നത് തടയാനായിരുന്നു പ്രമേയം ലക്ഷ്യമിട്ടത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ഒന്നിച്ച് പ്രസിഡന്റിനെ പിന്തുണച്ചു. അമേരിക്കന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ കക പ്രകാരം, പെട്ടെന്നുള്ള ഭീഷണി ഉണ്ടാകുമ്പോള്‍ സ്വയം പ്രതിരോധത്തിനായി മാത്രമേ പ്രസിഡന്റിന് ആക്രമണം നടത്താന്‍ അധികാരമുള്ളൂ. എന്നാല്‍, യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോണ്‍ഗ്രസിനാണ്. ട്രംപ് ഈ അധികാരം മറികടന്നു എന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. ഇറാന്റെ ഭാഗത്തുനിന്ന് പെട്ടെന്നുള്ള ആക്രമണ ഭീഷണി ഉണ്ടായിരുന്നതിന് ഒരു തെളിവും ഹാജരാക്കാന്‍ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്ന് സെനറ്റര്‍ ടിം കെയ്ന്‍ വാദിച്ചു.


