- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവരുടെ കൈവശം ആണവായുധങ്ങള്‍ ഉണ്ടെങ്കിലും ഞങ്ങള്‍ക്ക് പ്രശ്നമില്ല'; പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ തുടര്‍ച്ചയായി ആക്രമിച്ചു താലിബാന്; പാക്-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുമോ?
'അവരുടെ കൈവശം ആണവായുധങ്ങള്‍ ഉണ്ടെങ്കിലും ഞങ്ങള്‍ക്ക് പ്രശ്നമില്ല'
കാബൂള്‍: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഒരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ഇരു രാജ്യത്തേയും ജനങ്ങള്‍. താലിബാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുകയാണ്. അതിര്‍ത്തിയില്‍ ഉടനീളം പാക്കിസ്ഥാന്റെ സൈനിക ചെക്ക്പോസ്റ്റുകള്‍ താലിബാന്‍ സൈന്യം ആക്രമിക്കുകയാണ്. പാക്കിസ്ഥാന്റെ നിരവധി സൈനിക സന്നാഹങ്ങള്‍ തകര്‍ത്തതായിട്ടാണ് താലിബാന്‍ അവകാശപ്പെടുന്നത്.
തിരിച്ചടിക്കാന്‍ നോക്കിയാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പാക്കിസ്ഥാന്‍
ബോംബുമായി വന്നാലും നേരിടും എന്നാണ് അവരുടെ നിലപാട്. ദൈവം തങ്ങള്‍ക്കൊപ്പം ഉണ്ടെന്നാണ് താലിബന്‍ നേതാക്കള്‍ പറയുന്നത്. കിഴക്കന്‍ അഫ്ഗാനിലെ താലിബാന്‍ ശക്തികേന്ദ്രങ്ങള്‍ക്ക് നേരേ കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കാനാണ് അഫ്ഗാനിസ്ഥാന്‍ തയ്യാറെടുക്കുന്നത്.
താലിബാനോട് അനുഭാവം പുലര്‍ത്തുന്ന തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ എന്ന തീവ്രവാദ സംഘടനയുടെ നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. അഫ്ഗാനിസ്ഥാനിലെ ബര്‍മാല്‍ ജില്ലയിലെ പക്തിക പ്രവിശ്യയില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 46 പേര്‍ കൊല്ലപ്പെട്ടിരുന്നു. മരണ സംഖ്യ ഇനിയും കൂടിയേക്കാം. ലാമന്‍ ഉള്‍പ്പടെ ഏഴ് ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് ഡിസംബര്‍ 24 ന് രാത്രി പാകിസ്താന്‍ ആക്രമണം നടത്തിയത്. ലാമനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
പാക് വിമാനങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക വൃത്തങ്ങള്‍ ആരോപിക്കുന്നുു. ബര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമം പൂര്‍ണമായി നശിപ്പിക്കപ്പെട്ടുവെന്നും വ്യോമാക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് താലിബാന്‍ അന്ന്് പ്രഖ്യാപിച്ചിരുന്നു. ഭൂമിയും പരമാധികാരവും സംരക്ഷിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
പാകിസ്താനിലെ ഗോത്രമേഖലയില്‍ നിന്ന് സൈനിക നടപടികളില്‍ കുടിയൊഴിപ്പിക്കപ്പെട്ട സാധാരണക്കാരാണ് വസീരിസ്താനിലെ അഭയര്‍ഥികള്‍. ഇവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും താലിബാന്‍ കുറ്റപ്പെടുത്തി. പാകിസ്താന്‍ ഔദ്യോഗികമായി വ്യോമാക്രമണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിര്‍ത്തിക്കടുത്തുള്ള താലിബാന്‍ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് വിവരം. ഏതൊരു ആക്രമണവും നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നാണ് താലിബന്‍ അവകാശപ്പെടുന്നത്. തങ്ങളുടെ സൈനിക ശക്തിയെ വിലകുറച്ച് കാണരുതെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം പാക്കിസ്ഥാന് മുന്നറിയിപ്പ്് നല്‍കിയിരുന്നു.
പാക്കിസ്ഥാന്‍ തങ്ങള്‍ക്ക് ഒരു കാലത്ത് ചെയ്ത സഹായങ്ങള്‍ മറക്കില്ലെന്നും എന്നാല്‍ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലേക്ക് കടന്ന് കയറി നടത്തിയ ആക്രമണം ഒരു തരത്തിലും പൊറുക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അമേരിക്കയുടെ നേതൃത്വത്തില്‍ ഒരു കാലത്ത് താലിബാന് എതിരെ നടത്തിയ ആക്രമണങ്ങളില്‍ പാക്കിസ്ഥാന്‍ താലിബന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം റഷ്യ ഇരു കൂട്ടരോടും ആക്രമിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.