ടെല്‍ അവീവ്: സിഡ്നിയില്‍ ജൂത ആഘോഷത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഓസ്ട്രേലിയന്‍ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു. ഓസ്‌ട്രേലിയ, പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച നിലപാടിനെതിരാണ് നെതന്യാഹു രംഗത്തുവന്നത്.

ഓസ്‌ട്രേലിയ, പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് 3 മാസം മുന്‍പ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന് അയച്ച കത്തിനെക്കുറിച്ച് നെതന്യാഹു പരാമര്‍ശിച്ചു. ''താങ്കളുടെ നയം ജൂത വിരുദ്ധതയ്ക്ക് ഇന്ധനം പകര്‍ന്നു'' എന്ന കത്തിലെ വാചകമാണ് നെതന്യാഹു ഉയര്‍ത്തിക്കാണിച്ചത്. നേതാക്കള്‍ നിശബ്ദരായിരിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പടരുന്ന അര്‍ബുദമാണ് ജൂത വിരുദ്ധതയെന്നും നെതന്യാഹു വിമര്‍ശിച്ചു.

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ രണ്ടുപേര്‍ ചേര്‍ന്നു നടത്തിയ വെടിവയ്പ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. 29 പേര്‍ക്ക് പരുക്കേറ്റു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.17ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പ്പ്. നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയ്ല്‍സ് പൊലീസ് സ്ഥിരീകരിച്ചു. അക്രമികളിലൊരാളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. രണ്ടാമത്തെയാള്‍ സാരമായ പരുക്കുകളോടെ പിടിയിലായി.

നവീദ് അക്രം (24) എന്നാണ് അക്രമികളില്‍ ഒരാളുടെ പേരെന്ന് 'എബിസി ഓസ്‌ട്രേലിയ' റിപ്പോര്‍ട്ടു ചെയ്തു. പാക്കിസ്ഥാനില്‍ നിന്ന് കുടിയേറിയ ആളാണ് അക്രമിയെന്നാണു പൊലീസ് പുറത്തുവിട്ട വിവരം. നഗരപ്രാന്തത്തിലുള്ള അക്രമിയുടെ വീട് റെയ്ഡ് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞെന്നും അയാളെപ്പറ്റി വളരെക്കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നും പൊലീസ് പറഞ്ഞു. രണ്ടാമത്തെയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അക്രമികളില്‍ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു. രണ്ടാമത്തെയാള്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. ഇതില്‍ നവീദ് ആണോ കൊല്ലപ്പെട്ടതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. ഭീകരാക്രമണമാണ് നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. അക്രമികളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ബീച്ചിനടുത്തു പാര്‍ക്കു ചെയ്തിരുന്ന അക്രമികളുടെ കാറില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.

അന്വേഷണം നടക്കുകയാണെന്നും അക്രമികളുടെ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തു വിടില്ലെന്നും പൊലീസ് പറഞ്ഞു. അക്രമികളുടെ പശ്ചാത്തലവും കൂടുതല്‍പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുകയാണെന്നും രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.17ഓടെയായിരുന്നു വെടിവയ്പ്പ്. ഹനൂക്ക ആഘോഷത്തിന്റെ തുടക്കമായതിനാല്‍ ബോണ്ടി ബീച്ചില്‍ നൂറുകണക്കിനാളുകള്‍ ഒത്തുചേര്‍ന്നിരുന്നു. ഇവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. 29 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. ഒരു ഇസ്രയേല്‍ പൗരന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ബീച്ചിനടുത്തുള്ള ഒരു നടപ്പാലത്തില്‍ കറുത്ത വസ്ത്രം ധരിച്ച രണ്ട് തോക്കുധാരികള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ സംപ്രേഷണം ചെയ്തു. തോക്കുധാരിയെ ഒരാള്‍ ധീരമായി നേരിടുകയും നിരായുധനാക്കുകയും ചെയ്യുന്നത് വിഡിയോയിലുണ്ട്. ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പറഞ്ഞു. ജൂതന്‍മാര്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി.