ഗാസ: ഗാസ സിറ്റിയെ ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ട് വലിയ ആക്രമണമാണ് ഇസ്രായേല്‍ കുറച്ചു ദിവസങ്ങളായി നടത്തുന്നത്. ഇതോടെ വലിയ അഭയാര്‍ഥി പ്രവാഹമാണ് ഗാസയില്‍ നടക്കുന്നത്. വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ കരയുദ്ധത്തിലേക്കും ഇസ്രായേല്‍ കടന്നിട്ടുണ്ട്. ഹമാസിനെതിരായ അന്തിമയുദ്ധമെന്ന വിധത്തിലാണ് ഇസ്രായേലിന്റെ ആക്രമണങ്ങള്‍. ഹമാസിന്റെ തുരങ്ക ശൃംഖലയെ അടക്കം തരിപ്പണമാക്കുക എന്നതാണ് ഇസ്രായേലിന്റെ ഉദ്ദേശ്യം.

അതിനിടെ ഗാസയില്‍ നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങളും ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു. കഴിഞ്ഞ ആഴ്ച ഗാസയില്‍ 850 ലധികം കേന്ദ്രങ്ങളെ ആക്രമിച്ചു എന്നാണ് ഐഡിഎഫ് വ്യക്തമാക്കിയത്. ഗാസയിലെ കര, വ്യോമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഐഡിഎഫ് പങ്കുവെച്ചത്. 'ഓപ്പറേഷന്‍ ഗിഡിയോണ്‍സ് ചാരിയറ്റ്‌സ് 2 എന്ന പേരിലാണ് ആക്രമണം നടത്തിയത്. നിര്‍ബന്ധിത സൈനികരും റിസര്‍വ് സൈനികരും അടങ്ങുന്നവരാണ് ഗാസ നഗരത്തിലെ കര ആക്രമണങ്ങള്‍ നടത്തിയത്.

ഇസ്രായേലുമായുള്ള അതിര്‍ത്തി പങ്കിടുന്ന സുരക്ഷാ മേഖലയിലും ഗാസയിലെ റാഫ, ഖാന്‍ യൂനിസ് പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹമാസ് യൂണിറ്റുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 'ഗാസ നഗരത്തില്‍ 850-ലധികം ഭീകര കേന്ദ്രങ്ങളെയും നൂറുകണക്കിന് തീവ്രവാദികളെയും ആക്രമിച്ചു' എന്ന് ഐഡിഎഫ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

അതേസമയം ഇസ്രായേല്‍ ആക്രമണം കടിപ്പിച്ചതോടെ ഗാസയില്‍ വലിയ അഭയാര്‍ഥി പ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. ഇനി മരിച്ചാല്‍ മതിയെന്ന മനസ്സോടെ പലയാനത്തിന്് തയ്യാറാകാത്തവരെ കുറിച്ചുള്ള വിവരങ്ങളും ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പതിനെട്ട് വയസ്സുള്ള സനബെലും അവളുടെ മാതാപിതാക്കളും മൂന്ന് ഇളയ സഹോദരങ്ങളും ഉള്‍പ്പെടെ ഗാസ സിറ്റിയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചത്. അവരുടെ കുടുംബത്തിലെ പകുതിയില്‍ അധികം പേര്‍ ഇതിനോടകം കൊലപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞയാഴ്ച അവളുടെ കുടുംബവീട് ഒരു ഇസ്രായേലി മിസൈലില്‍ നശിപ്പിക്കപ്പെട്ടു, അവര്‍ ഗാസ സിറ്റിയില്‍ സുഹൃത്തുക്കളോടൊപ്പം അഭയം കണ്ടെത്തിയിരിക്കയാണ്. എന്നാല്‍, എനിക്ക് എവിടേക്ക് പോകണമെന്ന് എനിക്കറിയില്ല,' എന്നാണ് സനബെല്‍ പറയുന്നത്. കുടുംബത്തിന് പോകാന്‍ ഒരിടവുമില്ലാത്ത അവസ്ഥയാണ്. തിടുക്കത്തില്‍ വീട് വിട്ടു, കൂടുതല്‍ തെക്കോട്ട് മാറി തെരുവില്‍ താമസിക്കേണ്ടിവരും,

'ഇനിയും യുദ്ധങ്ങളിലൂടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഗാസയില്‍ നമ്മളെല്ലാവരും കഷ്ടപ്പെടുകയും കഷ്ടപ്പെടുകയും ചെയ്യുന്നു, ഇനി ഒരിക്കലും സാഹചര്യം ശരിയാകില്ല എന്നാണ് അവള്‍ ഒരു വീഡിയോ സന്ദേശത്തില്‍ പറയുന്നത്. 'എന്റെ ഒരു ഫോട്ടോ അയച്ചു തരാം. ഞങ്ങള്‍ മരിക്കാനുള്ള ഊഴത്തിനായി കാത്തിരിക്കുകയാണെന്നും പെണ്‍കുട്ടിയ സന്ദേശത്തില്‍ പറയുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചത്. പലസ്തീന്‍ വിഷയത്തില്‍ അചഞ്ചലമായ പിന്തുണ ഇസ്രയേലിന് പ്രതീക്ഷിക്കാമെന്ന് റൂബിയോ അറിയിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം നടന്നത്.

നഗരത്തില്‍ കനത്ത ബോംബാക്രമണമാണ് ഉണ്ടായതെന്നും നിരവധി വീടുകള്‍ തകര്‍ന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഗാസ നഗരത്തിലുടനീളം ബോംബാക്രമണം ശക്തമായി തുടരുകയാണെന്നും മരണ നിരക്ക് വര്‍ധിക്കുകയാണെന്നും ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് മഹ്‌മൂദ് ബസാല്‍ പറഞ്ഞു.

ഇസ്രയേല്‍ സൈന്യം ഖാന്‍ യൂനിസിനെയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടതായി ബസാല്‍ പറഞ്ഞു. തിങ്കളാഴ്ച ഉണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ റൂബിയോ നിസാരമായി കണ്ടതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023 ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയ ഹമാസിനെ ക്രൂര മൃഗങ്ങള്‍ എന്ന് റൂബിയോ വിളിച്ചിരുന്നു.

ഫ്രാന്‍സ് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടിക്ക് ഒരാഴ്ച മുന്‍പാണ് മാര്‍ക്ക് റൂബിയോയുടെ ഇസ്രയേല്‍ സന്ദര്‍ശനം. ഇസ്രയേലിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ രോഷാകുലരായ നിരവധി അമേരിക്കന്‍ സഖ്യകക്ഷികള്‍ പലസ്തീന്‍ രാഷ്ട്രമായി അംഗീകരിക്കാന്‍ തയാറെടുക്കുന്നതായി വിവിധ വൃത്തങ്ങള്‍ പറഞ്ഞു. ഹമാസിനെ ഇല്ലാതാക്കാതെ ഇസ്രയേലിന് മെച്ചപ്പെട്ട ഭാവി ആരംഭിക്കാന്‍ കഴിയില്ലെന്ന് റൂബിയോ പത്രസമ്മേളനത്തില്‍ പറഞ്ഞു.

റൂബിയോയുടെ സന്ദര്‍ശനം അമേരിക്ക ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്നതിന്റെ വ്യക്തമായ സന്ദേശമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രയേല്‍ പിടിച്ചടക്കിയ കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തില്‍ നിന്നാണ് റൂബിയോ സന്ദര്‍ശനം ആരംഭിച്ചതെന്ന് വിവിധ വൃത്തങ്ങള്‍ പറഞ്ഞു. പലസ്തീന്‍ സമീപ പ്രദേശമായ സില്‍വാനിലൂടെ തീര്‍ഥാടന കേന്ദ്രത്തിലേയ്ക്ക് എത്താനാകുന്ന തുരങ്കപാത മാര്‍ക്ക് റൂബിയോ ഉദ്ഘാടനം ചെയ്തിരുന്നു. ജൂതന്മാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുവാദമുള്ള ഏറ്റവും പുണ്യസ്ഥലമെന്ന് വിശ്വസിക്കുന്ന വെസ്റ്റേണ്‍ വാളില്‍ നെതന്യാഹുവിനൊപ്പം റൂബിയോയും എത്തിയതായി വിവിധ വൃത്തങ്ങള്‍ പറഞ്ഞു.

അതിനിടെ ഇസ്രയേലിനെതിരെ താക്കീത് ചെയ്ത് ദോഹ ഉച്ചകോടി. ഖത്തറിന്റെ പരമാധികാരത്തിലേയ്ക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു ദോഹ ഉച്ചകോടി. ഖത്തറിന്റെ പരമാധികാരം ചോദ്യം ചെയ്ത് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ രാഷ്ട്രനേതാക്കള്‍ ഒന്നടങ്കം അപലപിച്ചു. അന്താരാഷ്ട്രതലത്തില്‍ ഇസ്രയേലിനെതിരെ ഒരുമിച്ചു നീങ്ങാന്‍ ലക്ഷ്യമിട്ടുള്ള പ്രമേയം ഉച്ചകോടി പാസാക്കിയിരുന്നു.

അപലപിച്ചതുകൊണ്ട് മിസൈലുകള്‍ നിര്‍ത്താന്‍ കഴിയില്ല, പ്രഖ്യാപനങ്ങള്‍ പലസ്തീനെ സ്വതന്ത്രമാക്കില്ല എന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. കഠിനവും ശിക്ഷാര്‍ഹവുമായ നടപടികള്‍ സ്വീകരിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിനെ സാമ്പത്തികമായി ഞെരുക്കേണ്ടിവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു.

ഇസ്രായേലുമായി നയതന്ത്ര കരാറുകളുള്ള ചില രാജ്യങ്ങള്‍ ബന്ധം വിച്ഛേദിക്കാന്‍ താത്പര്യപ്പെട്ടില്ല. ഹമാസ് നേതാക്കളെ വധിക്കാന്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ചോദിച്ചു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ ഷെയ്ഖ് തമീം അപലപിച്ചു.