കാന്‍ബറ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിനിടെ ഇറാനില്‍ നിന്നും ഇറാനില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് അടുത്ത ആറുമാസത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഓസ്ട്രേലിയ. നിലവില്‍ സാധുവായ വിസയുള്ളവര്‍ക്കും ഇന്നലെ മുതല്‍ ഈ നിയന്ത്രണം ബാധകമാകും. വിസ കാലാവധി കഴിഞ്ഞാലും ഇറാന്‍ പൗരന്മാര്‍ തിരികെ പോകാന്‍ സാധ്യതയില്ലെന്ന ആശങ്ക മുന്‍നിര്‍ത്തിയാണ് ഓസ്‌ട്രേലിയന്‍ ആഭ്യന്തര വകുപ്പ് അടിയന്തര നിലപാട് സ്വീകരിച്ചത്. ആഭ്യന്തര മന്ത്രി മന്ത്രി ടോണി ബര്‍ക്കാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഈ നടപടി ഇതിനോടകം വിവാദമായിട്ടുണ്ട്.

സര്‍ക്കാരിന്റെ ഈ പെട്ടെന്നുള്ള തീരുമാനം ഏതാണ്ട് 6,800ഓളം ഇറാന്‍ വിസ ഉടമകളെ നേരിട്ട് ബാധിക്കും. ഓസ്ട്രേലിയന്‍ പൗരന്മാരുടെ പങ്കാളികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ് നല്‍കിയിട്ടുള്ളത്. പൗരന്മാരുടെ മാതാപിതാക്കളുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കിയേക്കും. എന്നാല്‍ മറ്റെല്ലാ സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമാണ്.

ഓസ്ട്രേലിയയിലെ സ്ഥിരതാമസം എന്നത് സര്‍ക്കാരിന്റെ ബോധപൂര്‍വമായ തീരുമാനമാകണം. അല്ലാതെ അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്നവര്‍ ഇവിടെ തങ്ങുന്നത് അങ്ങനെയല്ല ടോണി ബര്‍ക്ക് വ്യക്തമാക്കി. ആഗോളതലത്തില്‍ മാറിമറയുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചും ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുമാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ തീരുമാനം ധാര്‍മ്മികമായ പരാജയമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും എം.പിമാരും ആരോപിച്ചു. ഇറാന്‍ പൗരന്മാര്‍ ഏറ്റവും കൂടുതല്‍ സുരക്ഷ ആഗ്രഹിക്കുന്ന സമയത്ത് ഓസ്ട്രേലിയ വാതിലുകള്‍ കൊട്ടിയടക്കുന്നത് വഞ്ചനയാണെന്ന് അസൈലം സീക്കര്‍ റിസോഴ്‌സ് സെന്റര്‍ കുറ്റപ്പെടുത്തി. ഇറാന്‍ ജനതയെ സഹായിക്കാനാണ് യു.എസ്-ഇസ്രായേല്‍ യുദ്ധത്തെ പിന്തുണക്കുന്നത് എന്ന ലേബര്‍ സര്‍ക്കാരിന്റെ വാദം കപടമാണെന്ന് ഗ്രീന്‍സ് സെനറ്റര്‍ ഡേവിഡ് ഷോബ്രിഡ്ജ് പറഞ്ഞു.

നിയമപരമായി വിസ നേടിയവരെ തടയുന്നത് ഓസ്ട്രേലിയയുടെ കുടിയേറ്റ സംവിധാനത്തിലുള്ള വിശ്വാസം തകര്‍ക്കുമെന്നും ഇത് അപകടകരമായ കീഴ്വഴക്കമാണെന്നും സ്വതന്ത്ര എം.പി സാലി സ്റ്റെഗ്ഗല്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ വനിതാ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങള്‍ക്ക് ഓസ്ട്രേലിയ മാനുഷിക വിസ അനുവദിച്ചതിന് പിന്നാലെയാണ് സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്. നിലവില്‍ ഇറാന്‍ പൗരന്മാര്‍ക്ക് മാത്രമാണ് ഓസ്ട്രേലിയ ഈ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണത്തില്‍ ഓസ്‌ട്രേലിയ സര്‍ക്കാര്‍ അമേരിക്കയ്ക്ക് തുറന്ന പിന്തുണ അറിയിച്ചിരുന്നു. ഇറാന്‍ ആണവായുധം നേടുന്നത് തടയാനുള്ള അമേരിക്കയുടെ നടപടികളെ പിന്തുണക്കുന്ന നിലപാടാണ് ആന്റണി ആല്‍ബനീസ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളും പ്രദേശത്തെ സായുധ സംഘങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും ലോകസ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് കാന്‍ബറ ആരോപിച്ചു. അതേസമയം ഓസ്‌ട്രേലിയ ഇറാന്‍ ജനങ്ങളോടൊപ്പം ആണെന്നും അറിയിക്കുകയും ചെയ്ത. ഇറാനിലെ ജനങ്ങള്‍ ''അത്യാചാരത്തിനെതിരായ പോരാട്ടത്തില്‍'' ഓസ്‌ട്രേലിയ അവരുടെ കൂടെയാണെന്ന് ആല്‍ബനീസ് വ്യക്തമാക്കിയിരുന്നു.