അങ്കാറ: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ യുദ്ധോപകരണ നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം. 12 പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ബാലികേസിര്‍ പ്രവിശ്യയിലെ കവാക്ലി ഗ്രാമത്തിലെ ഫാക്ടറിയിലാണ് ചൊവ്വാഴ്ച ശക്തമായ സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ബോംബുകള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്.

അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു. കാരണം ഉടനടി അറിവായിട്ടില്ലെന്നും അട്ടിമറി സാധ്യത തള്ളുന്നുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രാരംഭ റിപ്പോര്‍ട്ടുകള്‍ പ്രകാരം 12 ജീവനക്കാര്‍ മരിക്കുകയും നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ടെന്ന് പ്രാദേശിക ഗവര്‍ണര്‍ ഇസ്മായില്‍ ഉസ്താഗ്ലു പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 8.25ന് പ്ലാന്റിന്റെ ഒരു ഭാഗത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ആ ഭാഗം തകര്‍ന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളില്‍ പ്രക്ഷേപണം ചെയ്ത ഫൂട്ടേജുകള്‍ പ്ലാന്റിന് പുറത്ത് ചിതറിക്കിടക്കുന്ന ഗ്ലാസുകളുടെയും ലോഹത്തിന്റെയും കഷണങ്ങള്‍ കാണിച്ചു.

തീയണക്കാന്‍ നിരവധി അഗ്‌നിശമന സേനാംഗങ്ങളെയും ആരോഗ്യ,സുരക്ഷാ യൂണിറ്റുകളെയും പ്രദേശത്തേക്ക് അയച്ചതായി സര്‍ക്കാറിന്റെ കമ്യൂണിക്കേഷന്‍ ഡയറക്ടറേറ്റ് അറിയിച്ചു. യുദ്ധോപകരണങ്ങളും സ്‌ഫോടക വസ്തുക്കളും ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലേക്കുള്ള ബോംബുകളും ഇവിടെ നിര്‍മിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡ്രോണുകള്‍ അടക്കം തുര്‍ക്കിയയെ ഒരു പ്രധാന പ്രതിരോധ കയറ്റുമതി രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍.

അടുത്തിടെ സിറിയയില്‍ ഭരണ അട്ടിമറിയില്‍ അടക്കം തുര്‍ക്ക്ക്ക് നിര്‍ണായക റോള്‍ ഉണ്ടായിരുന്നു. തുര്‍ക്കിയയുടെ വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ സിറിയയിലെ പുതിയ ഭരണത്തലവന്‍ അഹമ്മദുല്‍ ഷറായെ കണ്ട് രാഷ്ട്രീയ മാറ്റത്തിനുള്ള സഹായം വാഗ്ദാനം ചെയ്തത് കഴിഞ്ഞ ദിസവസമാണ്. ബശ്ശാറുല്‍ അസ്സദ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം യുദ്ധത്തില്‍ തകര്‍ന്ന രാജ്യം പുനഃര്‍നിര്‍മിക്കാനുള്ള പിന്തുണയാണ് അറിയിച്ചത്.

ഞായറാഴ്ച ഡമാസ്‌കസില്‍ നടന്ന കൂടിക്കാഴ്ചയില്‍, ഹകന്‍ ഫിദാനും അഹമ്മദുല്‍ ഷറായും ഐക്യത്തിന്റെയും സ്ഥിരതയുടെയും ആവശ്യകത ഊന്നിപ്പറഞ്ഞു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിനെതിരായ എല്ലാ അന്താരാഷ്ട്ര ഉപരോധങ്ങളും പിന്‍വലിക്കാന്‍ ഇരുവരും ആഹ്വാനം ചെയ്തു. സിറിയയുടെ പുതിയ ഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫിദാന്‍ ഡമാസ്‌കസിലേക്ക് പോകുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞതിന് രണ്ട് ദിവസത്തിനു ശേഷമാണ് ഫിദാനും ഷറായും ആലിംഗനം ചെയ്യുന്നതും ഹസ്തദാനം ചെയ്യുന്നതുമായ ചിത്രങ്ങള്‍ തുര്‍ക്കി മന്ത്രാലയം പുറത്തുവിട്ടത്.

'തുര്‍ക്കിയ നിങ്ങളുടെ പക്ഷത്ത് തുടരും. സിറിയയുടെ ഇരുണ്ട നാളുകള്‍ക്കു പിന്നാലെ നല്ല ദിനങ്ങള്‍ നമ്മെ കാത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- ഷറായുമായുള്ള വാര്‍ത്താസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫിദാന്‍ പറഞ്ഞു. ഡമസ്‌കസിനെതിരായ ഉപരോധം എത്രയും വേഗം പിന്‍വലിക്കണമെന്നും സിറിയയെ തിരികെ കൊണ്ടുവരാനും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ മടങ്ങിവരാനും സഹായിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം അണിനിരക്കേണ്ടതുണ്ടെന്നും ഫിദാന്‍ പറഞ്ഞു.