- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ കാര്യങ്ങളിലും ഒത്തുതീര്‍പ്പായി എന്ന് ഖത്തറും ഈജിപ്തും അമേരിക്കയും വ്യക്തമാക്കുമ്പോഴും ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് നെതന്യാഹു; ഹമാസിന്റെ കൈവശമുള്ള ബന്ദികളില്‍ എത്രപേര്‍ ജീവനോടെ ഉണ്ടെന്നും സംശയം; യാഹ്യാ സിന്‍വറിന്റെ മൃതദേഹവും വിട്ടുകൊടുക്കില്ല
ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് നെതന്യാഹു;
ടെല്‍ അവീവ്: പതിനഞ്ച് മാസം നീണ്ട ഏറ്റുമുട്ടലിന് അന്ത്യം കുറിച്ച് ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വരുമ്പോഴും പല കാര്യങ്ങളിലും ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. ഞായറാഴ്ചയാണ് കരാര്‍ നിലവില്‍ വരുന്നത്. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. അമേരിക്കയുടെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയില്‍ ഒരാഴ്ചയിലേറെ നീണ്ട ചര്‍ച്ചകളെത്തുടര്‍ന്നാണ് വെടിനിര്‍ത്തല്‍.
മൂന്നുഘട്ട കരാറിനാണ് ധാരണയായിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് ഈ മാസം ഇരുപതിന് സ്ഥാനം ഒഴിയുന്ന ജോബൈഡനെ സംബന്ധിച്ച് ഇത് അങ്ങേയറ്റം നേട്ടമാണ്. പലപ്പോഴും ദുര്‍ബലനായ പ്രസിഡന്റ് എന്ന പഴി ഏറെ കേട്ടിട്ടുള്ള ബൈഡനെ സംബന്ധിച്ച് പടിയിറങ്ങി പോകുമ്പോള്‍ ലോകത്ത് ഏറെ ചര്‍ച്ചാവിഷയമായ ഒരു കാര്യത്തിന് സമാധാനപരമായ അന്ത്യം കുറിക്കാന്‍ തനിക്ക് കഴിഞ്ഞു എന്ന് അദ്ദേഹത്തിന് അഭിമാനിക്കാം. യു എസ് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് കരാര്‍ യാഥാര്‍ത്ഥ്യമായത്.
ഗാസയില്‍ വെടിനിര്‍ത്തലും ബന്ദി മോചനവും യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ ഹമാസിനെ നരകം കാണിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്കും ഫലമുണ്ടായി എന്ന് അദ്ദേഹത്തിനും ആശ്വസിക്കാം. അതേ സമയം ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് കരാറിന് അന്തിമ അംഗീകാരം നല്‍കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഇക്കാര്യത്തില്‍ അല്‍പ്പം ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ് മനസിലാക്കുന്നത്. എല്ലാ കാര്യങ്ങളിലും ഒത്തുതീര്‍പ്പായി എന്ന്് മധ്യസ്ഥരായ ഖത്തറും ഈജിപ്തും അമേരിക്കയും വ്യക്തമാക്കുമ്പോഴും ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്നാണ് നെതന്യാഹു പറയുന്നത്.
ഏതൊക്കെ കാര്യങ്ങളിലാണ് വ്യക്തത എന്ന് അദ്ദേഹം കൃത്യമായി ഇനിയും പറഞ്ഞിട്ടില്ല. ഹമാസിന്റെ കൈവശമുള്ള ബന്ദികളില്‍ ആദ്യഘട്ടത്തില്‍ വിട്ടുകൊടുക്കാം എന്ന് ഉറപ്പ് നല്‍കിയവരുടെ പട്ടികയില്‍ എത്ര പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇനിയും ഉറപ്പില്ലാത്ത അവസ്ഥയാണ്. ഹമാസ് നല്‍കിയ ബന്ദികളുടെ പട്ടിക നേരത്തേ ഇസ്രയേല്‍ അവര്‍ക്ക് നേരത്തേ നല്‍കിയ പട്ടികയാണെന്നാണ് നെതന്യാഹു നേരത്തേ വ്യക്തമാക്കിയിരുന്നത്. കൂടാതെ പട്ടികയില്‍ പേരുള്ള രണ്ട് കുട്ടികള്‍ നേരത്തേ മരിച്ചു പോയതായി ഹമാസ് തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഹമാസിന്റെ ഭാഗത്ത് നിന്ന് ഇസ്മായില്‍ ഹനിയയോ യാഹ്യാ സിന്‍വറോ ഒന്നും തന്നെ ജീവിച്ചിരിപ്പില്ല എന്ന കാര്യവും പ്രധാനമാണ്. ഹമാസിന് വേണ്ടി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എല്ലാം മുന്നോട്ട്് വെയ്ക്കുന്നതും നടപ്പിലാക്കുന്നതും ആരാണെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വധിച്ച ഹമാസ് തലവനായിരുന്ന യാഹ്യാ സിന്‍വറിന്റെ മൃതദേഹം വിട്ടു നല്‍കണമെന്ന ഭീകരസംഘടനയുടെ ആവശ്യവും നേരത്തേ ഇസ്രയേല്‍ തളളിക്കളഞ്ഞിരുന്നു. നേരത്തേയും പലപ്പോഴും കരാറുകള്‍ ലംഘിച്ചെന്ന പേരുദോഷമുള്ള ഹമാസിനെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ കഴിയുമോ എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.