ഡമസ്‌കസ്: സിറിയന്‍ നഗരമായ ഹമായില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ക്രിസ്മസ് ട്രീ അജ്ഞാതര്‍ അഗ്‌നിക്കിരയാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. മധ്യസിറിയയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ സുഖൈലബിയയിലാണ് അതിക്രമം നടന്നത്. നഗരത്തിലെ ഒരു പ്രധാന സ്‌ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്മസ് ട്രീക്ക് തോക്കുധാരിയായ രണ്ടാളുകള്‍ തീ വെക്കുന്ന വീഡിയോയാണ് പ്രപരിച്ചത്. ഇതോടെ കടുത്ത പ്രതിഷേധവും ഉണ്ടായി.

ഓര്‍ത്തഡോക്‌സ് വിഭാഗക്കാരായ ക്രൈസ്തവര്‍ കൂടുതലുള്ള മേഖലയാണ് ഇവിടം. എന്നാല്‍, ഇസ്ലാമിക ഭരണകൂടം എന്ന ലക്ഷ്യത്തോടെയാണ് ഹയാത്ത് തെഹ്രീര്‍ അല്‍ ഷാം പ്രവര്‍ത്തിക്കുന്നത്. ഇതോടെ ഇവിടുത്ത് ക്രൈസ്തവര്‍ കടുത്ത ആശങ്കയിലാണ്. ക്രിസ്തുമസ് ട്രീക്ക് തീവെച്ച സംഭവത്തെ തുടര്‍ന്ന് പുതിയ ഇസ്ലാമിക ഭരണകൂടത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് നിരവധി ജനങ്ങള്‍ തെരുവുകളിലേക്കിറങ്ങി.

ഭരണകക്ഷിയായ ഹയാത്ത് തെഹ്രീര്‍ അല്‍ ഷാമിലെ ഒരു മതനേതാവ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മരം നന്നാക്കുമെന്ന് സുഖൈലബിയയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് ഉറപ്പ് നല്‍കിയിരുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ ഉള്ളവരെ പിടികൂടിയതായി നിലവില്‍ സിറിയ ഭരിക്കുന്ന ഹയാത്ത് തെഹ്രീര്‍ അല്‍ ഷാം അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം തങ്ങളല്ല ആക്രമണത്തിന് പിന്നിലെന്നാണ് എച്ച്ടിഎസ് പറയുന്നത്. സിറിയയിലെ വിദേശികളാണ് സംഭവത്തിന് പിന്നിലെന്ന് എച്ച്.ടി.എസ് വെളിപ്പെടുത്തിയതോടെ വിദേശികള്‍ക്കെതിരേയും പ്രതിഷേധക്കാര്‍ വിമര്‍ശനമുന്നയിക്കുകയുണ്ടായി. അസദിന്റെ പതനശേഷം മുഹമ്മദ് അബു ജുലാനിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന പുതിയ ഭരണകൂടം അധികാരം ഏറ്റെടുക്കും മുമ്പ് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുമെന്ന് അറിയിച്ചിരുന്നു. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും തങ്ങള്‍ അഫ്ഗാനിസ്ഥാന്‍ ആകില്ലെന്നുമാണ് എച്ച്. ടി. എസ് മേധാവി അഭിപ്രായപ്പെട്ടത്.




കുര്‍ദുകള്‍, അര്‍മേനിയക്കാര്‍, അസീറിയക്കാര്‍, ക്രിസ്ത്യാനികള്‍, ഡ്രൂസ്, അലവിറ്റ് ഷിയ, അറബ് സുന്നികള്‍ എന്നിവരുള്‍പ്പെടെ നിരവധി വംശീയവും മതപരവുമായ ന്യൂനപക്ഷ ഗ്രൂപ്പുകള്‍ നിലവില്‍ സിറിയയിലുണ്ട്. റിയയില്‍ വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് ലഭ്യമായിക്കൊണ്ടിരുന്ന മാനുഷിക സഹായങ്ങള്‍ വിമത സംഘങ്ങള്‍ പിടിച്ചെടുക്കുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഗ്ലോബല്‍ ക്രിസ്റ്റ്യന്‍ റിലീഫ്' (ജി.സി.ആര്‍) എന്ന സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സിറിയയില്‍ മാനുഷിക സഹായങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്നും എന്നാല്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ ശേഖരങ്ങളില്‍ ചിലത് വിമതര്‍ പിടിച്ചെടുത്തുവെന്നും സിറിയന്‍ ക്രൈസ്തവരെ സഹായിക്കുന്ന ഗ്ലോബല്‍ ക്രിസ്റ്റ്യന്‍ റിലീഫ് വ്യക്തമാക്കി. തങ്ങളുടെ കൈയില്‍ ബാക്കിയുള്ള സാധനങ്ങള്‍ കഴിയുന്നത്ര ജാഗ്രതയോടെ പലായനം ചെയ്യുന്നവര്‍ക്ക് വിതരണം ചെയ്യുവാനാണ് പദ്ധതിയെന്നും ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സിറിയ ഇപ്പോള്‍ വളരെ അപകടകരമായ ഒരു മേഖലയായി മാറിയിരിക്കുകയാണെന്നും ജി.സി.ആറിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ഡേവിഡ് കറി പറഞ്ഞു.

ഏതാണ്ട് ഇരുപതിനായിരത്തോളം പേരുടെ വിശപ്പകറ്റുവാന്‍ പോന്ന ഭക്ഷ്യ സാധനങ്ങള്‍ക്ക് പുറമേ വെള്ളവും മരുന്നുകളും വിമതര്‍ മോഷ്ടിച്ചു. ആലപ്പോ ചരിത്രപരമായി ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ കേന്ദ്രമായിരുന്നെന്നും ഇപ്പോള്‍ ഇവിടുത്തെ ക്രൈസ്തവ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഡേവിഡ് കറി കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ക്വയ്ദ എന്നീ തീവ്രവാദി സംഘടനകളുടെ ഒരു പുനരവതാരമാണ് ഹയാത്ത് താഹിര്‍ അല്‍-ഷാം എന്ന വിമത സേന.

ഒരു ദശകത്തിന് മുന്‍പ് ആഭ്യന്തര യുദ്ധം ആരംഭിക്കുമ്പോള്‍ സിറിയന്‍ ക്രൈസ്തവരുടെ എണ്ണം 15 ലക്ഷം (ആകെ ജനസംഖ്യയുടെ 10%) വരുമായിരുന്നു. ഇപ്പോള്‍ അത് ഏതാണ്ട് മൂന്ന് ലക്ഷമായി കുറഞ്ഞു. ആലപ്പോയില്‍ വിമതപക്ഷം പിടിമുറുക്കിയതിന് ശേഷം ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

സിറിയന്‍ ക്രൈസ്തവര്‍ രാജ്യത്തിന്റെ സാമൂഹ്യ ഘടനയുടെ അവിഭാജ്യ ഘടകമായി തുടരുമെന്നും ക്രിസ്ത്യന്‍ ദേവാലയങ്ങളിലും സഭാ സ്വത്തുക്കളിലും സ്പര്‍ശിക്കുക പോലുമില്ലെന്ന് വിമത സേനയില്‍ നിന്ന് ആവര്‍ത്തിച്ച് ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്ന് ആലപ്പോയിലെ അപ്പസ്തോലിക വികാരിയും സിറിയയിലെ ലാറ്റിന്‍ സഭാ തലവനുമായ ബിഷപ്പ് ഹന്നാ ജല്ലൌഫ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.




അതേസമയം സിറിയയിലെ ഭരണമാറ്റത്തോടെ തുല്യാവകാശങ്ങള്‍ക്കായി സമരം ചെയ്ത് സിറിയയിലെ സ്ത്രീകളും രംഗത്തുണ്ട്. പുതിയ ഭരണാധികാരികള്‍ പുതിയ സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കണമെന്ന് ആവശ്യം. വടക്കന്‍ കുര്‍ദിഷ് നേതൃത്വത്തിലുള്ള പ്രദേശങ്ങളിലെ തുര്‍ക്കി അധിനിവേശം തള്ളിപ്പറയണമെന്നും വനിതകള്‍. ആവശ്യങ്ങള്‍ ഉന്നയിച്ച് വടക്കുകിഴക്കന്‍ സിറിയന്‍ നഗരമായ ഖമിഷ്ലിയില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധവുമായി തെരിവിലിറങ്ങി. തുര്‍ക്കിയെ ദേശീയ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്‌സ് മിലിഷ്യയുടെ (വൈപിജി) അഫിലിയേറ്റ് ആയ വിമന്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (വൈപിജെ) അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഞങ്ങള്‍ പുതിയ ഭരണാധികാരികളില്‍ നിന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ ആവശ്യപ്പെടുന്നു. ഇവിടെ സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടരുത്. സ്ത്രീകളുടെ അവകാശ പ്രവര്‍ത്തകയായ സോസന്‍ ഹുസൈന്‍ പറഞ്ഞു. കൊബാനി നഗരത്തിനെതിരായ തുര്‍ക്കി അധിനിവേശ ആക്രമണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നുവെന്നും പ്രതിഷേധത്തില്‍ മുദ്രാവാക്യമുയര്‍ന്നു.

2011-ല്‍ സിറിയയിലെ ആഭ്യന്തരയുദ്ധം ആരംഭിച്ചതുമുതല്‍ വടക്കന്‍ പ്രദേശങ്ങളും ഭൂരിഭാഗം കുര്‍ദിഷ് ഗ്രൂപ്പുകളും സ്വയംഭരണാവകാശം നേടിയിരുന്നു. യുഎസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും (എസ്ഡിഎഫ്) സായുധ സംഘമായ കുര്‍ദിഷ് വൈപിജി മിലിഷ്യയുമായിരുന്നു പ്രദേശത്തെ ശക്തികേന്ദ്രങ്ങള്‍. എന്നാല്‍ ഇസ്ലാമിസ്റ്റ് ഹയാത്ത് തഹ്രീര്‍ അല്‍-ഷാം ഗ്രൂപ്പ് (എച്ച്ടിഎസ്) ബഷാര്‍ അസദിനെ അട്ടിമറിച്ച് തുര്‍ക്കിയുമായി സഹകരിച്ച് പുതിയ ഭരണകൂട സാധ്യതകളിലേക്ക് കടക്കുന്നതിന്റെ ആശങ്കയാണ് പ്രതിഷേധക്കാര്‍ പങ്കുവയ്ക്കുന്നത്.

മുന്‍ അല്‍-ഖ്വയ്ദ അഫിലിയേറ്റായ എച്ച്ടിഎസിന്റെ യാഥാസ്ഥിതിക ഇസ്ലാമിസ്റ്റ് വീക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കുര്‍ദിഷ് ഗ്രൂപ്പുകളുടെ ആശയധാര. സോഷ്യലിസത്തിനും ഫെമിനിസത്തിനും ഊന്നല്‍ നല്‍കുന്ന ഒരു പ്രത്യയശാസ്ത്രം പിന്തുടര്‍ന്ന് വരുന്നവരാണ് ഇവര്‍. എന്നാല്‍ കടുത്ത ഇസ്ലാമിക ഭരണത്തിലേക്ക് എച്ച്ടിഎസ് ആകര്‍ഷിക്കപ്പെടുമെന്നും ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും ഇത് ബാധിക്കുമെന്നും സിറിയക്കാര്‍ക്കിടയില്‍ വ്യപകമായ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

വടക്കന്‍ നഗരമായ മാന്‍ബിജില്‍ നിന്ന് എസ്ഡിഎഫിനെ പുറത്താക്കിയതോടെ, എസ്ഡിഎഫും സിറിയന്‍ നാഷണല്‍ ആര്‍മി എന്നറിയപ്പെടുന്ന തുര്‍ക്കിയുടെ പിന്തുണയുള്ള സിറിയന്‍ സേനയും തമ്മിലുള്ള ശത്രുത വര്‍ദ്ധിച്ചിരിക്കുകയാണ്.ഐന്‍ അല്‍-അറബ് എന്നറിയപ്പെടുന്ന തുര്‍ക്കി അതിര്‍ത്തിയിലെ എസ്ഡിഎഫ് നിയന്ത്രണത്തിലുള്ള കൊബാനി നഗരത്തില്‍ ആക്രമണത്തിനായി തുര്‍ക്കി സൈന്യം അണിനിരക്കുന്നതായി സിറിയന്‍-കുര്‍ദിഷ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതും പ്രതിഷേധത്തിലേക്ക് വഴിതുറന്നുവെന്നാണ് വിലയിരുത്തല്‍.