- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അടുത്ത പരമോന്നത നേതാവാകാന്‍ ഇറാന്‍ എന്നോട് ആവശ്യപ്പെട്ടു; ഭരണ നേതൃത്വത്തില്‍ ഉണ്ടായ വിടവ് നികത്താനായാണ് അവര്‍ തന്നെ സമീപിച്ചത്; ഞാന്‍ നിരസിച്ചു'; വിചിത്ര അവകാശവാദവുമായി ട്രംപ്; സമാധാന ചര്‍ച്ച നടക്കുന്നുവെന്ന് സമ്മതിക്കാന്‍ ഇറാന്‍ നേതാക്കള്‍ക്ക് ഭയമെന്നും യുഎസ് പ്രസിഡന്റ്
അടുത്ത പരമോന്നത നേതാവാകാന്‍ ഇറാന്‍ എന്നോട് ആവശ്യപ്പെട്ടു

വാഷിങ്ടണ്‍: ഇറാന്റെ അടുത്ത പരമോന്നത നേതാവാകാന്‍ അവിടുത്തെ നേതൃത്വം തന്നോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന ഒരു ചടങ്ങിലായിരുന്നു ട്രംപിന്റെ ഈ വിചിത്രമായ വെളിപ്പെടുത്തല്‍ ഉണ്ടായത്. എന്നാല്‍, ഈ ആവശ്യം താന്‍ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ഭരണനേതൃത്വത്തില്‍ ഉണ്ടായ വിടവ് നികത്താനായാണ് അവര്‍ തന്നെ സമീപിച്ചതെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കഴിഞ്ഞ മാസം യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇറാനില്‍ വലിയൊരു ഭരണശൂന്യത നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകന്‍ മൊജ്തബ ഖമനേയിയെ പിന്നീട് പിന്‍ഗാമിയായി തിരഞ്ഞെടുത്തുവെങ്കിലും യുദ്ധം ആരംഭിച്ച ശേഷം അദ്ദേഹം പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹം ആക്രമണങ്ങളില്‍ പരിക്കേറ്റ് ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ഇറാന്റെ ക്ഷണത്തെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദം.
അതേസമയം, ഇറാനിലെ യുദ്ധം ലക്ഷ്യത്തിന് അടുത്തെത്തിയെന്നും ട്രംപ് പറഞ്ഞു. സമാധാന ചര്‍ച്ച നടക്കുന്നുവെന്ന് സമ്മതിക്കാന്‍ ഇറാന്‍ നേതാക്കള്‍ക്ക് ഭയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനുമായി രഹസ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വെടിനിര്‍ത്തലിന് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, അമേരിക്കയുമായി യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാന്‍ ഇക്കാര്യം ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. ട്രംപ് തന്നോട് തന്നെയാണോ ചര്‍ച്ച നടത്തുന്നതെന്ന് ഇറാന്റെ സൈനിക വക്താവ് ഇബ്രാഹിം സോല്‍ഫാഖാരി പരിഹസിച്ചു.
അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഉപാധികള്‍ ഇറാന്‍ കഴിഞ്ഞദിവസം തള്ളിയിരുന്നു. വെടിനിര്‍ത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്‍ തള്ളി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാന്‍ അഞ്ച് നിബന്ധനകളാണ് മുന്നോട്ടുവെച്ചത്. ഹോര്‍മുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നല്‍കണം, യുദ്ധത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്കു കൃത്യമായ നഷ്ടപരിഹാരം നല്‍കണം, ഇറാനില്‍ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് ഇറാന്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍.
ഇറാന്‍ യു.എസിന് ഹോര്‍മുസുമായി ബന്ധപ്പെട്ട വളരെവലിയ ഒരു സമ്മാനം നല്‍കിയെന്ന് ട്രംപ് പറഞ്ഞിരുന്നുു. ''ഇന്നലെ അവര്‍ വളരെ മികച്ച ഒരുകാര്യം ചെയ്തു. അവര്‍ ഞങ്ങള്‍ക്കൊരു സമ്മാനം നല്‍കി. ആ സമ്മാനം ഇന്നാണ് ലഭിച്ചത്. അത് ഭീമമായ തുകയെക്കാള്‍ മൂല്യമുള്ള വളരെ വലിയ ഒരു സമ്മാനമാണ്'' -ട്രംപ് പറഞ്ഞു. ഈ സമ്മാനം ഹോര്‍മുസിലെ എണ്ണനീക്കവുമായി ബന്ധപ്പെട്ടതാണെന്നും എന്നാല്‍, ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്നും സൂചിപ്പിക്കുകയും ചെയ്തു.


