വാഷിങ്ടണ്‍: ഇന്ത്യയോട് കൂടുതല്‍ മുഖം തിരിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ ചര്‍ച്ചകളില്‍ തീരുമാനമാകും വരെ ഇന്ത്യയുമായി തുടര്‍ വ്യാപാര ചര്‍ച്ചകളില്ലെന്ന് ട്രംപ് പ്രതികിച്ചു. നിലവില്‍ തീരുവയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നത് വരെ ഒരു ചര്‍ച്ചക്കുമില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. വൈറ്റ്ഹൗസില്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയുടെ ചോദ്യത്തിനാണ് ട്രംപ് മറുപടി നല്‍കിയത്.

50 ശതമാനം തീരുവ ചുമത്തിയതോടെ ഇന്ത്യയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമോയെന്നായിരുന്നു ട്രംപിനോടുള്ള ചോദ്യം. അതിന് ചര്‍ച്ചകള്‍ നടത്തില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. നേരത്തെ ഇന്ത്യക്കുള്ള തീരുവ യു.എസ് പ്രസിഡന്റ് ട്രംപ് 50 ശതമാനമായി ഉയര്‍ത്തിയിരുന്നു. ട്രംപിന്റെ പ്രതികരണത്തോടെ ഇന്ത്യ വ്യാപാരത്തിന് പുതിയ പങ്കാളികളെ കണ്ടെത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഓഗസ്റ്റ് അവസാന വാരം അമേരിക്കന്‍ സംഘം വ്യാപാര ചര്‍ച്ചകള്‍ക്കായി എത്താനായിരുന്നു ധാരണ. ഈ ധാരണയാണ് ഇപ്പോള്‍ ട്രംപ് തെറ്റിച്ചിരിക്കുന്നത്.

ഇന്ത്യയുള്‍പ്പെടെ 60-ലേറെ രാജ്യങ്ങള്‍ക്കുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍വന്നിരുന്നു. ഇന്ത്യക്ക് 25 ശതമാനമാണ് യുഎസിന്റെ പകരച്ചുങ്കം. അതുകൂടാതെ റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായം ചെയ്യുന്നെന്നാരോപിച്ച് കഴിഞ്ഞദിവസം ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധികതീരുവ ഈ മാസം 27-ന് നിലവില്‍വരും.

രണ്ടുംചേര്‍ത്ത് ഇന്ത്യക്ക് ആകെ 50 ശതമാനമാകും യുഎസ് തീരുവ. വിദേശരാജ്യങ്ങള്‍ക്ക് യുഎസ് ചുമത്തിയ തീരുവയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യയെക്കൂടാതെ ബ്രസീലിനുമാത്രമാണ് 50 ശതമാനം തീരുവയുള്ളത്. സിറിയക്ക് 41 ശതമാനമാണ് തീരുവ. ഇതിനിടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള പകരച്ചുങ്കം 50 ശതമാനമായി ഉയര്‍ത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടി യുഎസിലേക്കുള്ള ഇന്ത്യയുടെ 55 ശതമാനംവരെ കയറ്റുമതിയെ നേരിട്ട് ബാധിച്ചേക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്ഐഇഒ) അറിയിച്ചു.

ഇത് ടെക്‌സ്റ്റൈല്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍ ഉത്പന്ന മേഖലകളില്‍ വലിയ ആഘാതമുണ്ടാക്കും. 50 ശതമാനം തീരുവ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ ചെലവുയര്‍ത്തും. മറ്റു വിപണികളുമായി മത്സരിക്കാനാകാതെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പുറന്തള്ളപ്പെടുമെന്നും എഫ്ഐഇഒ ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു.

അതേസമയം ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ക്കിടയിലും, റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും. ആവശ്യമായ എല്ലാ നടപടികളും ഇക്കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കും. തീരുവ വിഷയത്തില്‍ പരമാധികാരം സംരക്ഷിച്ചേ നിലപാട് സ്വീകരിക്കൂ എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. മറ്റു രാജ്യങ്ങളുമായുള്ള ബന്ധം യുഎസ് നിര്‍ദേശിക്കും പോലെ തീരുമാനിക്കാനാവില്ലെന്നാണ് നിലപാട്. സംയമനത്തോടെ സ്ഥിതി കൈകാര്യം ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച തീരുവയില്‍ ഒത്തുതീര്‍പ്പിനില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്.

ട്രംപിന്റെ തീരുവ ഭീഷണി നേരിടാന്‍ ഇന്ത്യയും ബ്രസീലും ഒന്നിച്ചു നില്ക്കുമെന്ന് ബ്രസീല്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏകപക്ഷീയ തീരുവയെക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ദ സില്‍വ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഒരു മണിക്കൂര്‍ നീണ്ടു നിന്ന സംഭാഷണമാണ് രണ്ടു നേതാക്കളും നടത്തിയത്. തീരുവ സമ്മര്‍ദ്ദം നേരിടാനുള്ള വഴികള്‍ ബ്രിക്‌സ് രാജ്യങ്ങള്‍ കൂട്ടായി ആലോചിച്ചേക്കും. ലുല ദ സില്‍വയും മോദിയുമായുള്ള ചര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ തീരുവ സംബന്ധിച്ച പരാമര്‍ശം ഇന്ത്യ ഒഴിവാക്കിയിരുന്നു. കര്‍ഷക താല്പര്യം സംരക്ഷിക്കാന്‍ എന്തുവിലയും നല്കാന്‍ തയ്യാറെന്നായിരുന്നു പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.