തെല്‍ അവീവ്: ഗാസയില്‍ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാന്‍ ഹമാസിന്റെ മുന്‍കരുതല്‍. നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഇസ്രായേലിന് വിട്ടുനില്‍കി ഹമാസ്. ഇതിന് പകരമായി ഫലസ്തീനി തടവുകാരെ ഇസ്രായേലും ഹമാസിന് കൈമാറി. അഞ്ചാഴ്ചയായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് നടപടി. ഇതോടെ ഗസ്സയില്‍ വീണ്ടും യുദ്ധം തുടങ്ങുമെന്ന ആശങ്കകള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിരാമമായി.

ബന്ദികളുടെ മൃതദേഹങ്ങള്‍ ദക്ഷിണ ഗസ്സയില്‍ വെച്ചാണ് റെഡ്‌ക്രോസിന് കൈമാറി. അര്‍ധരാത്രിയോടെ കെരാം ഷാലോമിലാണ് മൃതദേഹങ്ങള്‍ കൈമാറിയത്. വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയില്‍ വെച്ചാണ് ഇസ്രായേല്‍ ബന്ദികളെ കൈമാറിയത്. റെഡ്‌ക്രോസിനാണ് ഇസ്രായേല്‍ തടവുകാരെ കൈമാറിയത്. 600 തടവുകാരെയാണ് ഇസ്രായേല്‍ ഇത്തരത്തില്‍ വിട്ടുനല്‍കിയത്.

നേരത്തെ, തടവുകാരുടെ മോചനം ഇസ്രായേല്‍ വൈകിപ്പിച്ചത് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവിയെ സംബന്ധിച്ച് ആശങ്കയുളവാക്കിയിരുന്നു. ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ സമാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തില്‍ പുരോഗതിയുണ്ടായിരിക്കുന്നത്.

തടവുകാരെ വിട്ടയക്കാന്‍ ഇസ്രായേല്‍ വിസമ്മതിക്കുന്നത് കരാറിന്റെ ഗുരുതരമായ ലംഘനമാണെന്ന് ഹമാസ് കുറ്റപ്പെടുത്തിയിരുന്നു. തടവുകാരെ വിട്ടയക്കാതെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സാധ്യമാകില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതിനിടെയാണ്, മധ്യസ്ഥര്‍ മുന്‍കൈയെടുത്ത് ഇരു കൂട്ടര്‍ക്കുമിടയില്‍ ധാരണയുണ്ടാക്കിയത്.

അതിനിടെ ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ സൈനിക നടപടി ഇസ്രായേല്‍ കടുപ്പിച്ചു. ഹെബ്രോണ്‍, തുല്‍കറം, നെബലൂസ് പ്രദേശങ്ങളില്‍ നിന്ന് 50ലധികം പേരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. നൂര്‍ ശംസ് ക്യാമ്പില്‍ നിന്ന് അഭയാര്‍ഥി പ്രവാഹമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച ഹമാസ് മോചിപ്പിച്ച ആറ് ഇസ്രായേല്‍ ബന്ദികള്‍ക്ക് പകരം 620 ഫലസ്തീന്‍ തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയക്കേണ്ടിയിരുന്നത്. എന്നാല്‍ കരാര്‍ പാലിക്കാതെ ഇസ്രായേല്‍ അവസാന നിമിഷം തടവുകാരുടെ കൈമാറ്റം മാറ്റിവെച്ചു. ശേഷം കൈറോയില്‍ നടന്ന സമവായ ചര്‍ച്ചയിലാണിപ്പോള്‍ തടവുകാരുടെ മോചനത്തിന് വഴി തെളിഞ്ഞത്.

വൈകാതെ 620 ഫലസ്തീന്‍ തടവുകാരെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന പുതിയ ബാച്ചിലെ സമാന എണ്ണം തടവുകാരെയും ഇസ്രായേല്‍ മോചിപ്പിക്കും. ഇവരെ മോചിപ്പിച്ച ശേഷം നാല് ബന്ദികളുടെ മൃതദേഹം കൈമാറാന്‍ ഹമാസും സന്നദ്ധത അറിയിച്ചു. കരാര്‍ ഇസ്രായേല്‍ സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ നല്‍കിയില്ല. അതേസമയം പുതിയ കരാര്‍, ഇസ്രായേല്‍ പാലിക്കുമെന്ന് മധ്യസ്ഥരില്‍ നിന്ന് വ്യക്തമായ ഉറപ്പ് ലഭിച്ചെന്ന് ഹമാസ് വക്താവ് ഹസീം ഖാസിം പറഞ്ഞു

അതിനിടെ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ അമേരിക്ക ശ്രമം തുടങ്ങിയതായി ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. അനുരജ്ഞന ചര്‍ച്ചകള്‍ക്കിടയിലും വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈനിക നടപടി കടുപ്പിക്കുകയാണ്. 50 ഓളം പേരെ ഇന്നും ഇസ്രയായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. നേരത്തെ വിട്ടയക്കപ്പെട്ട തടവുകാരെയും കുട്ടികളെയും ഉള്‍പ്പെടെയാണ് ഇസ്രായേല്‍ സൈന്യം തടവിലാക്കിയത്. തുല്‍കറം നൂര്‍ശംസ് നെബലൂസ് ക്യാന്പുകളില്‍ നിന്ന് അഭയാര്‍ഥി പ്രവാഹം തുടരുകയാണ്.