ഗാസ: ഗാസയില്‍ വെടിനിര്‍ത്തലിന്റെ ഭാഗമായുള്ള ബന്ദി മോചനം തുടരുന്നു. ഇന്ന് നാല് ഇസ്രയേല്‍ വനിതാ സൈനികരെ ഹമാസ് മോചിപ്പിച്ചു. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ ബാഗ് എന്നിവരെയാണ് മോചിപ്പിച്ചത്. നാല് പേരും സൈനിക യൂണിഫോമില്‍ ഒരു പോഡിയത്തില്‍ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

എല്ലാവരുടെയും കൈയില്‍ ബാഗുകളും കാണാമായിരുന്നു. ഗസ്സസിറ്റിയിലെ ഫലസ്തീന്‍ ചത്വരത്തില്‍ തടിച്ചു കൂടിയവര്‍ക്കു നേരെ പുഞ്ചിരിയോടെ, കൈവീശിക്കൊണ്ടാണ് നാലു പേരും മടങ്ങിയത്. ഇവരെ റെഡ് ക്രോസ് അംഗങ്ങള്‍ക്ക് കൈമാറി. ഇതോടെ കൂടുതല്‍ പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കും.

ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ ബന്ദികളാക്കിയ നാല് സ്ത്രീകളെയും ഇന്ന് വിട്ടയക്കുമെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ ബന്ദിമോചനമാണിത്. ഗാസ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള നഹാല്‍ ഒസെഡ് സൈനിക താവളത്തില്‍ നിന്നാണ് നാല് പേരെയും ഹമാസ് ബന്ദികളാക്കിയത്. കരാര്‍ പ്രകാരം ഇന്ന് ഇസ്രയേല്‍ പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും.

ആദ്യഘട്ടത്തില്‍ മൂന്ന് ബന്ദികളെയായിരുന്നു ഹമാസ് ഇസ്രയേലിന് കൈമാറിയത്. ഡോറോന്‍ സ്റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നിവരെയായിരുന്നു മോചിപ്പിച്ചത്. തുടര്‍ന്ന് ഇസ്രയേല്‍ 69 സ്ത്രീകളും 21 കുട്ടികളുമടങ്ങുന്ന 90 അംഗ സംഘത്തെ മോചിപ്പിച്ചിരുന്നു. ജനുവരി 19ന് ഇസ്രയേല്‍ പ്രാദേശിക സമയം രാവിലെ 11.15ഓടെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.

നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമായത്. പ്രാദേശിക സമയം രാവിലെ എട്ടരയോടെ കരാര്‍ നടപ്പാകുമെന്നായിരുന്നു ആദ്യത്തെ ധാരണ. എന്നാല്‍ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേല്‍ കരാറില്‍ നിന്ന് പിന്‍വലിഞ്ഞു. സാങ്കേതിക പ്രശ്നമാണ് പട്ടിക കൈമാറാന്‍ വൈകിയതിന് കാരണമെന്നായിരുന്നു ഹമാസ് നല്‍കിയ വിശദീകരണം.

അതോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. കരാര്‍ നിലവില്‍ വന്നതോടെ ഗാസയില്‍ വലിയ ആഘോഷമാണ് നടന്നത്. 2023 ഒക്ടോബര്‍ ഏഴിന് നടന്ന മിന്നലാക്രമണത്തിന് പിന്നാലെയാണ് ഹമാസ് ഇസ്രായേല്‍ പൗരന്‍മാരെ ബന്ദികളാക്കിയത്. സൈനികരില്‍ ഒരാള്‍ ഐ.എസിന്റെ പിടിയിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനിടെ, വടക്കന്‍ ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ ബോംബാക്രമണവും ഒഴിപ്പിക്കല്‍ ഭീഷണിയും മൂലം നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് ഫലസ്തീനികള്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നതിനാല്‍ തങ്ങളുടെ പ്രദേശങ്ങളിലേക്ക് മടങ്ങാനുള്ള പ്രതീക്ഷയിലാണ്. ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ ഇസ്രായേല്‍ തുടങ്ങിയ യുദ്ധത്തില്‍ 47,283 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,11,472 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


ഹമാസിന്റെ ആക്രമണത്തില്‍ 1139 ഇസ്രായേല്‍ പൗരന്‍മാരും കൊല്ലപ്പെട്ടു. 200 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. ഇസ്രായേല്‍ ആക്രമണത്തല്‍ ഹമാസ് നേതൃനിരയിലെ പലരും കൊല്ല്‌പെട്ടിരുന്നു.