ന്യൂഡല്‍ഹി: യുഎസ് സന്ദര്‍ശനത്തിനിടെ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കിയതിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത്. ആണവായുധം കാട്ടിയുള്ള പോര്‍വിളി പാകിസ്ഥാാന്റെ 'വില്‍പനച്ചരക്കാണെന്നും' ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ രാജ്യം വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒരു സൗഹൃദ രാജ്യത്തിന്റെ മണ്ണില്‍ വെച്ച് ഇത്തരം നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയത് അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

ഫ്‌ലോറിഡയിലെ ടാംപയില്‍ പാകിസഥാന്‍ വംശജരുടെ ചടങ്ങില്‍ സംസാരിക്കവേയാണ്, ഇന്ത്യയുമായി ഭാവിയിലുണ്ടാകുന്ന യുദ്ധത്തില്‍ പാകിസ്ഥാന്റെ നിലനില്‍പ്പ് ഭീഷണിയിലായാല്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് അസിം മുനീര്‍ മുന്നറിയിപ്പ് നല്‍കിയത്. 'ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും,' എന്നായിരുന്നു മുനീറിന്റെ വാക്കുകള്‍. വ്യവസായിയും ടാംപയിലെ ഓണററി കോണ്‍സലുമായ അദ്‌നന്‍ അസദ് ഒരുക്കിയ അത്താഴ വിരുന്നിലായിരുന്നു ഈ വിവാദ പരാമര്‍ശം.

പാക് സൈനിക മേധാവിയുടെ വാക്കുകളിലെ നിരുത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം തിരിച്ചറിയണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 'സൈന്യം ഭീകരസംഘടനകളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്തെ ആണവ നിയന്ത്രണ സംവിധാനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ന്യായമായ സംശയങ്ങളെ ഈ സംഭവം ഊട്ടിയുറപ്പിക്കുന്നു,' എന്നും പ്രസ്താവനയില്‍ പറയുന്നു.

അസിം മുനീറിന്റെ ഭീഷണി, പാകിസ്ഥാന്‍ ആണവായുധങ്ങള്‍ കൈവശം വെക്കുന്ന നിരുത്തരവാദപരമായ ഒരു രാജ്യമാണെന്ന് തെളിയിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. പാകിസ്ഥാനില്‍ ജനാധിപത്യം നിലനില്‍ക്കുന്നില്ലെന്നും സൈന്യമാണ് യഥാര്‍ത്ഥ ഭരണകൂടമെന്നും ഇത് വ്യക്തമാക്കുന്നു. അമേരിക്കയുടെ പിന്തുണ ലഭിക്കുമ്പോഴെല്ലാം പാക് സൈന്യം തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തുകാണിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ഈ സാഹചര്യം പാകിസ്ഥാനിലെ ആണവായുധങ്ങള്‍ ഭീകരരുടെ കൈകളിലെത്താനുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ആണവ ഭീഷണിക്ക് വഴങ്ങില്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച ഇന്ത്യ, രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും തുടര്‍ന്നും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു.