ടെഹ്റാന്‍: ആഴ്ചകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പശ്ചിമേഷ്യയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പിലായതോടെ ലോകരാജ്യങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം ഉണ്ടായിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറന്നുകൊടുക്കാന്‍ ഇറാന്‍ സമ്മതിച്ചിരിക്കയാണ്. എന്നാല്‍, ഇതോടെ ഹോര്‍മുസ് വഴി കടന്നുവരുന്ന കപ്പലുകള്‍ക്ക് പണം നല്‍കേണ്ടി വരും. വെടിനിര്‍ത്തല്‍ കാലയളവില്‍ കടലിടുക്കിലൂടെ പോകുന്ന ഓരോ കപ്പലില്‍ നിന്നും പത്തുലക്ഷം ഡോളര്‍ (ഏകദേശം 8.3 കോടി രൂപ) വീതം ടോള്‍ ഈടാക്കാനാണ് ഇറാന്റെ നീക്കമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മേഖലയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ്, കപ്പലുകളില്‍ നിന്ന് ഓരോ യാത്രയ്ക്കും ലക്ഷക്കണക്കിന് ഡോളര്‍ ഈടാക്കി ഖജനാവ് നിറയ്ക്കാന്‍ ഇറാന്‍ ഭരണകൂടം ലക്ഷ്യമിടുന്നത്. പുതിയ നിയമനിര്‍മ്മാണത്തിലൂടെ ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ പരമാധികാരം ഊട്ടിയുറപ്പിക്കാനാണ് ഇറാന്റെ നീക്കം. സുരക്ഷാ ക്രമീകരണങ്ങള്‍ക്കും നിരീക്ഷണത്തിനുമുള്ള ഫീസ് എന്ന നിലയിലാണ് ഈ തുക ഈടാക്കുക എന്നാണ് വാദം.

ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്. നിലവില്‍ ഈ പാതയില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ്, ഇസ്രായേല്‍ കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനൊപ്പം, മറ്റ് രാജ്യങ്ങളിലെ കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതിലൂടെ പ്രതിവര്‍ഷം 80 ബില്യണ്‍ ഡോളര്‍ വരെ വരുമാനം ലഭിക്കുമെന്നാണ് ഇറാന്‍ കണക്കുകൂട്ടുന്നത്. ഇതിനോടകം തന്നെ ചില കപ്പലുകള്‍ ഇത്തരത്തില്‍ വന്‍തുക നല്‍കി കടന്നുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം സംഘര്‍ഷം അവസാനിച്ചാലും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പഴയതുപോലെ ആവില്ലെന്നാണ് ഇതോടെ പുറത്തുവരുന്ന സൂചനകള്‍. വെടിനിര്‍ത്തല്‍ നീക്കങ്ങളോട് അനുബന്ധിച്ച് ഇറാന്‍ യുഎസിന് മുന്നില്‍വച്ച നിര്‍ദേശങ്ങളിലൊന്ന് ഹോര്‍മുസില്‍ ഇറാന്റെ പരമാധികാരം അംഗീകരിക്കണമെന്നും കപ്പലുകളില്‍ നിന്ന് 'ട്രാന്‍സിറ്റ് ഫീ' പിരിക്കാന്‍ അനുവദിക്കണമെന്നുമാണ്.

ഇറാന്റെ ആവശ്യം ട്രംപ് അംഗീകരിച്ചാല്‍ അത് രാജ്യാന്തര വാണിജ്യ, ചരക്കുനീക്ക മേഖലയെത്തന്നെ മാറ്റിമറിക്കും. ക്രൂഡ് ഓയില്‍, എല്‍എന്‍ജി, എല്‍പിജി, മറ്റ് ചരക്കുകള്‍ എന്നിങ്ങനെ ഹോര്‍മുസ് വഴി കടന്നുപോകുന്ന ഉല്‍പന്നങ്ങളുടെയെല്ലാം വില കൂടാനും ഇതിടയാക്കും. ഇറാന്റെയും ഒമാന്റെയും സമുദ്രപരിധിയില്‍ 34 കിലോമീറ്റര്‍ വീതിയിലുള്ളതാണ് ഹോര്‍മുസ് കടലിടുക്ക്.

ഒമാനുമായി ചേര്‍ന്ന് ഹോര്‍മുസില്‍ ഫീസ് പിരിക്കുന്നതിനുള്ള ചട്ടക്കൂട്ട് തയാറാക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായി ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഖാരിബാബദി പറഞ്ഞിരുന്നു. ഇതുവരെ ഇറാനോ മറ്റേതെങ്കിലും രാജ്യമോ ഹോര്‍മുസില്‍ ഫീസുകളൊന്നും പിരിച്ചിരുന്നില്ല. സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കപ്പല്‍ ഗതാഗതം താളംതെറ്റിയിരുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന തുടങ്ങി ഏതാനും രാജ്യങ്ങളുടെ കപ്പലുകളെ മാത്രമാണ് ഇറാന്‍ കടത്തിവിട്ടത്. ഫീസ് പിരിക്കാനുള്ള നീക്കം യുഎസ് അംഗീകരിച്ചാല്‍ ഹോര്‍മുസ് വഴി നീങ്ങുന്ന എല്ലാ കപ്പലുകളും പണം നല്‍കേണ്ടിവരും. ഇത് ഇന്ത്യയെയും ബാധിക്കും.

ലോക വിപണിയിലേക്കുള്ള മൊത്തം എണ്ണ, ഗ്യാസ് നീക്കത്തിന്റെ 20 ശതമാനവും നടക്കുന്നത് ഹോര്‍മുസ് വഴിയാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം എണ്ണയുടെ 40% വന്നിരുന്നതും ഇതുവഴിയായിരുന്നു. അതേസമയം, ഫീസ് ഈടാക്കാനുള്ള ഇറാന്റെ നീക്കം നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവച്ചേക്കും. യുഎന്‍ ചട്ടപ്രകാരം ഇത്തരം കടലിടുക്കുകള്‍ വഴിയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും സുരക്ഷിതവും സൗജന്യവുമായിരിക്കണമെന്നാണ്. ഏതെങ്കിലും രാജ്യം ഫീസ് പിരിക്കുന്നത് ചട്ടലംഘനമാകും. ഫീസ് പിരിക്കാന്‍ ഇറാനെ അനുവദിച്ചാല്‍ ലോകത്ത് ഇത്തരം പാതകള്‍ നിയന്ത്രിക്കുന്ന മറ്റ് രാജ്യങ്ങളും സമാന ആവശ്യവുമായി വന്നേക്കാം. അത് കപ്പല്‍ ഗതാഗതത്തെയും ചരക്കുകളുടെ വിലയെയും ബാധിക്കും.

ഇറാനില്‍ സമാധാന കരാറിനായി പത്തിന നിര്‍ദ്ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ നിയന്ത്രണം അംഗീകരിക്കുക, യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം അനുവദിക്കുക, ഉപരോധങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുക, യുദ്ധനഷ്ടപരിഹാരം നല്‍കുക, മേഖലയില്‍നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ടോളിലൂടെ ലഭിക്കുന്ന പണം യുദ്ധത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഉപയോഗിക്കാനാണ് ഇറാന്റെ പദ്ധതി.

സമാധാന ചര്‍ച്ചകള്‍ ലോകത്തിന് ശുഭവാര്‍ത്തയാണെന്നും ഇത് വലിയൊരു വിജയമാണെന്നും ട്രംപ് പ്രതികരിച്ചു. 'ഹോര്‍മുസിലെ ട്രാഫിക് നിയന്ത്രിക്കാന്‍ ഞങ്ങള്‍ സഹായിക്കും, വലിയ സാമ്പത്തിക നേട്ടമുണ്ടാകും' - ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളറിന് താഴെയെത്തിയത് ആശ്വാസമായി. ഇസ്രായേലും രണ്ടാഴ്ചത്തേക്ക് ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ സമ്മതിച്ചിട്ടുണ്ട്.

അതേസമയം, ട്രംപിന്റെ നയങ്ങള്‍ക്കെതിരെ അമേരിക്കയില്‍ വിമര്‍ശനവും ശക്തമാണ്. നിയമവിരുദ്ധമായ ഒരു യുദ്ധത്തിലേക്ക് രാജ്യത്തെ തള്ളിവിട്ട ശേഷം ട്രംപ് ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ കണ്ണില്‍പ്പൊടിയിടാനാണെന്ന് ഡെമോക്രാറ്റിക് പ്രതിനിധി മാക്‌സ്‌വെല്‍ ഫ്രോസ്റ്റ് ആരോപിച്ചു. ഇറാന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നത് അമേരിക്കയുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും പ്രതിരോധ വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്.