- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റീല്‍പ്ലാന്റ് ആക്രമിച്ച ഇസ്രായേലിന് കനത്ത തിരിച്ചടിയുമായി ഇറാന്‍; ഇസ്രായേലില്‍ ബീര്‍ഷേബയിലെ കെമിക്കല്‍ ഫാക്ടറിക്ക് നേരെ മിസൈല്‍ ആക്രമണം; ഒരാള്‍ക്ക് പരിക്ക്; അപകടകരമായ രാസവസ്തുക്കള്‍ വായുവില്‍ കലര്‍ന്നതായും പുറത്തിറങ്ങരുതെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദേശം
സ്റ്റീല്‍പ്ലാന്റ് ആക്രമിച്ച ഇസ്രായേലിന് കനത്ത തിരിച്ചടിയുമായി ഇറാന്‍

ടെല്‍ അവീവ്: ഇറാനിലെ സ്റ്റീല്‍പ്ലാന്റ് ആക്രമിച്ച ഇസ്രായേലിന് തിരിച്ചടി നല്‍കി ഇറാന്‍. ഇസ്രായേലിലെ ബീര്‍ഷേബയില്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അപകടകരമായ രാസവസ്തുക്കള്‍ വായുവില്‍ കലര്‍ന്നതായും പുറത്തിറങ്ങരുതെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കി. ഫാക്ടറിയിലെ തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.
ബീര്‍ഷേബ നഗരത്തിന്റെ ദക്ഷിണഭാഗത്തുള്ള ന്യോട്ട് ഹോവാവ് മേഖലയിലെ ഫാക്ടറിയിലാണ് മിസൈലാക്രമണം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയെ ഭീതിയുടെ മുള്‍മുനയിലേക്ക് തള്ളിവിട്ട് ഇസ്രായേലും യുഎസും ഇറാനെ ആക്രമിച്ചതിന് പിന്നാലെയുണ്ടായ യുദ്ധത്തില്‍ ഇറാനും ഹിസ്ബുല്ലക്കും പുറമെ ഹൂത്തികളും കൂടി പോര്‍മുഖം തുറന്നതോടെ ഇസ്രായേല്‍ ജാഗ്രതയാണ്.
ഇറാന്റെ ഭാഗത്തുനിന്നുള്ള നേരിട്ടുള്ള ആക്രമണങ്ങളും ലബനന്‍ അതിര്‍ത്തിയിലെ ഹിസ്ബുല്ലയുമായുള്ള കടുത്ത പോരാട്ടവും ഇസ്രായേലിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വടക്ക് നിന്ന് ഹിസ്ബുല്ലയും കിഴക്ക് നിന്ന് ഇറാനും ആക്രമണം നടത്തുമ്പോള്‍, തെക്ക് ഭാഗത്ത് നിന്ന് യെമനിലെ ഹൂതി വിമതരും ഇസ്രായേലിനെതിരെ നീങ്ങുന്നുണ്ട്. ഇതോടെ ഒരേസമയം മൂന്ന് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള ഭീഷണിയെയാണ് ഇസ്രായേല്‍ പ്രതിരോധ സേന നേരിടുന്നത്. എന്നാല്‍, ഈ ഭീഷണിയെ നേരിടും എന്നതാണ് ഇസ്രായേല്‍ വിലയിരുത്തല്‍.
അതേസമയം ലബനന്‍ അതിര്‍ത്തിയിലാണ് നിലവില്‍ ഏറ്റവും രൂക്ഷമായ പോരാട്ടം നടക്കുന്നത്. തെക്കന്‍ ലബനനിലേക്ക് കരമാര്‍ഗമുള്ള സൈനിക നീക്കം ഇസ്രായേല്‍ ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തില്‍ രാജ്യത്തെ പ്രധാന ആണവ നിലയങ്ങള്‍ക്കും ഉരുക്ക് ഫാക്ടറികള്‍ക്കും കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.
'ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍' എന്ന് പേരിട്ട സൈനിക നീക്കത്തിലൂടെ ഇസ്രായേല്‍ പ്രതിരോധ സേന ഇറാനിലെ അരാക് ഹെവി വാട്ടര്‍ പ്ലാന്റും യാസ്ദിലെ യുറേനിയം ഖനന കേന്ദ്രവും തകര്‍ത്തു. ആണവായുധ നിര്‍മ്മാണത്തിന് ആവശ്യമായ പ്ലൂട്ടോണിയം, യുറേനിയം എന്നിവ ഉത്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രങ്ങളെയാണ് ഇസ്രായേല്‍ ലക്ഷ്യം വെച്ചത്. അരാക് പ്ലാന്റിലെ പ്ലൂട്ടോണിയം ഉത്പാദനം തടയാനും യാസ്ദിലെ യുറേനിയം സമ്പുഷ്ടീകരണം തടസ്സപ്പെടുത്താനുമാണ് ഈ നീക്കമെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു.
ആണവ നിലയങ്ങള്‍ക്ക് പുറമെ ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഇസ്ഫഹാനിലെയും ഖുസെസ്താനിലെയും രണ്ട് വലിയ ഉരുക്ക് ഫാക്ടറികള്‍ക്ക് നേരെയും ശക്തമായ ആക്രമണമുണ്ടായി. ഇസ്ഫഹാനിലെ മൊബാരകെ സ്റ്റീല്‍ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖുസെസ്താനിലെ ഫാക്ടറിയില്‍ 16 തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.
ഏപ്രില്‍ 6 വരെ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. കൂടാതെ ചര്‍ച്ചകള്‍ നന്നായി പോകുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്നതിനിടെയാണ് ഈ നയത്തിന് വിരുദ്ധമായി ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇസ്രായേലിന്റെ ഈ നടപടിക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവെ സിവിലിയന്‍ കേന്ദ്രങ്ങളെയും സാമ്പത്തിക സ്രോതസ്സുകളെയും ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി. ആക്രമണത്തെത്തുടര്‍ന്ന് ടെഹ്റാന്‍, ഇസ്ഫഹാന്‍, ഷിറാസ്, തബ്രിസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം മണിക്കൂറുകളോളം സ്‌ഫോടന ശബ്ദങ്ങള്‍ മുഴങ്ങിക്കേട്ടത് ജനങ്ങളില്‍ കടുത്ത ഭീതി പടര്‍ത്തിയിട്ടുണ്ട്. സ്‌ഫോടനങ്ങളുടെ ആഘാതത്തില്‍ പലയിടത്തും കെട്ടിടങ്ങള്‍ കുലുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.


