ഇസ്‌ലാമാബാദ്: ലോകം ഉറ്റുനോക്കിയ യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയുടെ നിഴലില്‍. പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇസ്‌ലാമാബാദില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വെറുംകയ്യോടെ മടങ്ങിയെന്നാണ് ഇറാന്‍ പരിഹസിക്കുന്നത്. 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് ഇറാന്റെ ഭാഗത്തുനിന്നും കടുത്ത പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.

'വാന്‍സിനെ വീട്ടിലയച്ചു, ഹോര്‍മുസ് ഇപ്പോഴും ഞങ്ങളുടെ കയ്യില്‍'

ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഘാനയിലെ ഇറാന്‍ എംബസി പുറത്തുവിട്ട എക്‌സ് പോസ്റ്റ് യുഎസിനെ ഒന്നടങ്കം പരിഹസിക്കുന്നതാണ്. 'യുഎസ് വൈസ് പ്രസിഡന്റ് ലോകത്തിന്റെ പകുതി ദൂരവും സഞ്ചരിച്ച് ഇസ്‌ലാമാബാദിലെത്തിയത് വെറുതെയായി. യുദ്ധത്തിലൂടെ നേടാന്‍ കഴിയാത്തതെല്ലാം ചര്‍ച്ചയിലൂടെ നേടിയെടുക്കാമെന്നായിരുന്നു അവരുടെ വ്യാമോഹം. എന്നാല്‍ ഇറാന്‍ അത് തള്ളി. ജെ.ഡി. വാന്‍സ് ഇപ്പോള്‍ വെറുംകയ്യോടെ വീട്ടിലേക്ക് പറന്നിരിക്കുകയാണ്' - ഇറാന്‍ കുറിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

ഉയരാത്ത 'വെള്ളക്കൊടി'; ചര്‍ച്ച മുടക്കിയത് ആണവ നിബന്ധനകള്‍

ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഉറപ്പ് നല്‍കണമെന്ന യുഎസിന്റെ കര്‍ശന നിലപാടാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമായത്. എന്നാല്‍ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനിന്നു. ഇതോടെ അമേരിക്ക മുന്നോട്ടുവെച്ച 'അവസാനത്തെയും മികച്ചതുമായ' നിര്‍ദ്ദേശവും തള്ളപ്പെട്ടതോടെ സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായി.

പൂട്ടാന്‍ ട്രംപ് വരുന്നു; നാവിക ഉപരോധം അടുത്ത ആയുധം?

ചര്‍ച്ച പരാജയപ്പെട്ടതോടെ ഇറാന്റെ എണ്ണക്കടത്ത് പൂര്‍ണ്ണമായും തടയാന്‍ നാവിക ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഡൊണാള്‍ഡ് ട്രംപ്. 'ഇറാന്‍ വഴങ്ങുന്നില്ലെങ്കില്‍ പ്രസിഡന്റിന്റെ കൈവശമുള്ള ആയുധം - നാവിക ഉപരോധം' എന്ന ലേഖനം ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഇതിന്റെ സൂചനയായാണ് കരുതപ്പെടുന്നത്. ഇറാന്റെ വരുമാന മാര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാകും ട്രംപിന്റെ അടുത്ത നീക്കം.

വിശ്വാസം നേടിയെടുക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടു

അമേരിക്കയുടെ ഭാഗത്തുനിന്ന് വിശ്വാസം നേടിയെടുക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമായതെന്ന് ഇറാന്റെ മുഖ്യ ചര്‍ച്ചാ പ്രതിനിധിയായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് ഞായറാഴ്ച വ്യക്തമാക്കി. പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ ആദ്യ പ്രതികരണത്തിലാണ് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ ഖാലിബാഫ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ വരികള്‍ ഇങ്ങനെ:

'ആവശ്യമായ ശുഭാപ്തിവിശ്വാസവും താല്‍പ്പര്യവും ഞങ്ങളുടെ ഭാഗത്തുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് യുദ്ധങ്ങളുടെ അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ എതിര്‍ഭാഗത്തെ ഒട്ടും വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ ചര്‍ച്ചകളിലുടനീളം ഇറാനിയന്‍ പ്രതിനിധികളുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ എതിര്‍പക്ഷം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്.'

ജെ ഡി വാന്‍സ് പറഞ്ഞത്

ശനിയാഴ്ച ആരംഭിച്ച ചര്‍ച്ചകള്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടുനിന്നു. ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന കാര്യത്തില്‍ ഇറാന്‍ 'അടിസ്ഥാനപരമായ ഇച്ഛാശക്തി' പ്രകടിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചയില്‍ ധാരണയായില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പ്രഖ്യാപിച്ചത്.

'ഞങ്ങള്‍ 21 മണിക്കൂര്‍ ഇതിനായി ചെലവഴിച്ചു. ഇറാനികളുമായി ഗൗരവകരമായ നിരവധി ചര്‍ച്ചകള്‍ നടത്തി എന്നത് ശുഭവാര്‍ത്തയാണ്. എന്നാല്‍ ഒരു കരാറില്‍ എത്താന്‍ കഴിഞ്ഞില്ല എന്നതാണ് മോശം വാര്‍ത്ത. ഇത് അമേരിക്കയേക്കാള്‍ കൂടുതല്‍ ഇറാന് തന്നെയാകും ദോഷം ചെയ്യുക എന്ന് ഞാന്‍ കരുതുന്നു. 'ഇരുരാജ്യങ്ങളും വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

ജാരെഡ് കുഷ്ണര്‍, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരുള്‍പ്പെടെയുള്ള യുഎസ് ചര്‍ച്ചാ സംഘത്തിലെ അംഗങ്ങളോ സാങ്കേതിക സംഘമോ ഇസ്‌ലാമാബാദില്‍ തുടരുന്നില്ലെന്ന് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എല്ലാവരും വാഷിംഗ്ടണിലേക്ക് മടങ്ങിയിരിക്കുകയാണ്.

പന്ത് ഇനി അമേരിക്കയുടെ കോര്‍ട്ടില്‍'

'അമേരിക്ക ഞങ്ങളുടെ യുക്തിയും തത്വങ്ങളും മനസ്സിലാക്കിയിട്ടുണ്ട്. ഇനി ഞങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ അവര്‍ക്ക് സാധിക്കുമോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്,' ഖാലിബാഫ് കുറിച്ചു.

വെല്ലുവിളി നിറഞ്ഞ ഒരു സന്ദേശത്തില്‍ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: '40 ദിവസം നീണ്ടുനിന്ന ഇറാന്റെ ദേശീയ പ്രതിരോധത്തിലൂടെ നേടിയെടുത്ത നേട്ടങ്ങള്‍ ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിന്ന് ഒരു നിമിഷം പോലും ഞങ്ങള്‍ പിന്നോട്ട് പോകില്ല.' 'നമ്മുടെ പ്രിയപ്പെട്ട ഇറാന്‍ നീണാള്‍ വാഴട്ടെ!' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

നേരത്തെ ഞായറാഴ്ച, ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് കാരണം അമേരിക്കയുടെ 'അമിതമായ ആവശ്യങ്ങള്‍' ആണെന്ന് ടെഹ്റാന്‍ കുറ്റപ്പെടുത്തുകയും 'പന്ത് ഇനി അമേരിക്കയുടെ കോര്‍ട്ടിലാണെന്ന്' വ്യക്തമാക്കുകയും ചെയ്തിരുന്നു.

'ഇറാന്‍ ആവര്‍ത്തിച്ച് പുതിയ ആശയങ്ങള്‍ മുന്നോട്ടുവെക്കുകയും അമേരിക്കന്‍ പക്ഷത്തെ യാഥാര്‍ത്ഥ്യബോധമുള്ളവരാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഓരോ ഘട്ടത്തിലും അമേരിക്കയുടെ അമിതമായ മോഹങ്ങള്‍ ഒരു പൊതു ധാരണയില്‍ എത്തുന്നതിന് തടസ്സമായി,' പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.

'ഇറാന് ഒന്നിനും തിടുക്കമില്ല. അമേരിക്ക യുക്തിസഹമായ ഒരു കരാറിന് സമ്മതിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യത്തില്‍ മാറ്റമുണ്ടാകില്ല,' റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ചര്‍ച്ചകള്‍ക്കായി നിലവില്‍ പ്ലാനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഖാഇ പറഞ്ഞത് ഇങ്ങനെ: 'ഒറ്റ കൂടിക്കാഴ്ച കൊണ്ട് തന്നെ നമ്മള്‍ ഒരു കരാറില്‍ എത്തുമെന്ന് തുടക്കം മുതലേ ആരും പ്രതീക്ഷിക്കേണ്ടതില്ലായിരുന്നു. ' ചര്‍ച്ചയ്ക്കിടെ ചില വിഷയങ്ങളിലും കാര്യങ്ങളിലും ഇരുപക്ഷവും ഒരു ധാരണയില്‍ എത്തിയെങ്കിലും, രണ്ടോ മൂന്നോ പ്രധാന കാര്യങ്ങളില്‍ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ എഴുതി: 'ഹോര്‍മുസ് കടലിടുക്ക് പോലുള്ള ചില പുതിയ കാര്യങ്ങള്‍ കൂടി ഈ ചര്‍ച്ചകളില്‍ കടന്നുവന്നു, അതിനൊക്കെ അതിന്റേതായ സങ്കീര്‍ണ്ണതകളുണ്ട്. എന്നിരുന്നാലും, നയതന്ത്രം ഒരിക്കലും അവസാനിക്കുന്നില്ല.'

അമേരിക്കയുടെ ചുവപ്പന്‍ വരകള്‍ (Red Lines)

'അങ്ങേയറ്റം ലളിതമായ ഒരു നിര്‍ദ്ദേശവുമായാണ് ഞങ്ങള്‍ ഇവിടെനിന്ന് മടങ്ങുന്നത്. ഇത് ഞങ്ങളുടെ അവസാനത്തെയും മികച്ചതുമായ (Final and best offer) വാഗ്ദാനമാണ്. ഇറാന്‍ ഇത് സ്വീകരിക്കുമോ എന്ന് നമുക്ക് കണ്ടറിയാം,' വാന്‍സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു: 'ഞങ്ങളുടെ 'ചുവപ്പന്‍ വരകള്‍' എവിടെയാണെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതൊക്കെ കാര്യങ്ങളില്‍ വിട്ടുവീഴ്ചയാകാം, ഏതൊക്കെ കാര്യങ്ങളില്‍ കഴിയില്ല എന്നത് സംശയമില്ലാത്ത വിധം അവരെ ബോധ്യപ്പെടുത്തി. എന്നാല്‍ ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്.'

ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്നും അവ വേഗത്തില്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യകള്‍ സ്വന്തമാക്കില്ലെന്നും ഇറാന്റെ ഭാഗത്തുനിന്ന് 'ഉറപ്പായ പ്രതിജ്ഞാബദ്ധത' ഉണ്ടാകണമെന്നാണ് വാഷിംഗ്ടണ്‍ ആവശ്യപ്പെട്ടത്.'അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രധാന ലക്ഷ്യം അതാണ്. ഈ ചര്‍ച്ചകളിലൂടെ ഞങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ചതും അതുതന്നെയാണ്,' വാന്‍സ് പറഞ്ഞു.

'ലളിതമായ ഒരു ചോദ്യം ഇതാണ്: ആണവായുധം നിര്‍മ്മിക്കില്ലെന്ന കാര്യത്തില്‍ ഇറാന്റെ ഭാഗത്തുനിന്ന് ഒരു അടിസ്ഥാനപരമായ ഇച്ഛാശക്തി ഞങ്ങള്‍ കാണുന്നുണ്ടോ? അത് ഇപ്പോള്‍ മാത്രമല്ല, രണ്ട് വര്‍ഷത്തിന് ശേഷവും ദീര്‍ഘകാലത്തേക്കും ബാധകമായിരിക്കണം. അത്തരമൊരു ഉറപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. അത് ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.'

നേരത്തെ, ചര്‍ച്ചകള്‍ പാളുന്നു എന്നതിന്റെ സൂചന നല്‍കിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഇസ്‌ലാമാബാദില്‍ എന്ത് സംഭവിച്ചാലും 'നമ്മള്‍ ജയിക്കും' എന്നായിരുന്നു ട്രംപിന്റെ മറുപടി.

അന്താരാഷ്ട്ര പ്രതികരണങ്ങള്‍

ഇരുപക്ഷവും രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ ഉറച്ചുനില്‍ക്കണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനും സൗകര്യമൊരുക്കുന്നതില്‍ പാകിസ്ഥാന്‍ തങ്ങളുടെ പങ്കുവഹിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ഇറാനുമായും ഗള്‍ഫ് അയല്‍രാജ്യങ്ങളുമായും അടുത്ത സൗഹൃദമുള്ള ചൈനയുടെ നിലപാട് അന്താരാഷ്ട്രതലത്തില്‍ സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്നുണ്ട്. ചര്‍ച്ചകള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചൊവ്വാഴ്ച വരെ ചൈന സന്ദര്‍ശിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മേഖലയിലെ നയതന്ത്ര ഇടപെടലുകള്‍ തുടരാനുള്ള മറ്റൊരു അവസരമായാണ് ചൈന ഇതിനെ കാണുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ദീര്‍ഘകാലമായുള്ള ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നതിനുമാണ് സന്ദര്‍ശനമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വ്യക്തമാക്കി.

മുന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു: 'അമേരിക്ക ഒരുകാര്യം പഠിക്കണം: ഇറാനോട് നിബന്ധനകള്‍ കല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇത് പഠിക്കാന്‍ ഇനിയും വൈകിയിട്ടില്ല.' 2018-ല്‍ ട്രംപ് ഏകപക്ഷീയമായി പിന്മാറിയ 2015-ലെ ആണവ കരാറില്‍ ഇറാന്റെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് സരീഫ് ആയിരുന്നു.

ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെനി വോങ് ഈ സാഹചര്യത്തെ 'നിരാശാജനകം' എന്നാണ് വിശേഷിപ്പിച്ചത്. 'വെടിനിര്‍ത്തല്‍ തുടരുകയും ചര്‍ച്ചകളിലേക്ക് തിരികെ വരികയുമാണ് ഇപ്പോള്‍ പ്രധാനം. ഈ സംഘര്‍ഷത്തിന് എത്രയും വേഗം പരിഹാരം കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,' അവര്‍ എബിസിയോട് പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ഒമാന്‍ സുല്‍ത്താനുമായി സാഹചര്യം ചര്‍ച്ച ചെയ്തതായും, വെടിനിര്‍ത്തല്‍ തുടരേണ്ടത് അനിവാര്യമാണെന്നും കൂടുതല്‍ പ്രകോപനങ്ങള്‍ ഒഴിവാക്കണമെന്നും ഇരുപക്ഷവും സമ്മതിച്ചതായി ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു.

ടെഹ്റാന്‍ അനുകൂലിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ അലി ഗോല്‍ഹാക്കി കുറിച്ചത് പ്രകാരം, ഇറാനില്‍ നിന്ന് '400 കിലോ യുറേനിയം പുറത്തേക്ക് കൊണ്ടുപോകണം', '0 ശതമാനം സമ്പുഷ്ടീകരണം', 'ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം' എന്നീ ആവശ്യങ്ങളാണ് അമേരിക്ക ഉന്നയിക്കുന്നത്. കൂടാതെ, ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണം അവസാനിപ്പിക്കുന്ന കാര്യത്തില്‍ വാഷിംഗ്ടണ്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക്

നിര്‍ദ്ദിഷ്ട നിയമങ്ങള്‍ പാലിക്കുന്ന സൈനികേതര കപ്പലുകള്‍ക്ക് മാത്രമേ ഹോര്‍മുസ് കടലിടുക്കിലൂടെ യാത്രാനുമതി നല്‍കൂ എന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) നേവി കമാന്‍ഡ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎസ്എന്‍എ റിപ്പോര്‍ട്ട് ചെയ്തു. സൈനിക കപ്പലുകള്‍ കടലിടുക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചാല്‍ 'അങ്ങേയറ്റത്തെ ദൃഢതയോടും കാര്‍ക്കശ്യത്തോടും' നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കിത്തുടങ്ങിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു. എണ്ണ-വാതക നീക്കത്തിന് പ്രധാനമായ ഈ പാതയിലൂടെ രണ്ട് യുഎസ് നേവി ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകള്‍ കടന്നുപോയി.

ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി 'Myvessel.cn' എന്ന വെസ്സല്‍ ട്രാക്കിംഗ് പ്ലാറ്റ്ഫോം വ്യക്തമാക്കി. ശനിയാഴ്ച 18 കപ്പലുകള്‍ ഇതുവഴി സഞ്ചരിച്ചു. ഇതില്‍ രണ്ട് ക്രൂഡ് ഓയില്‍ ടാങ്കറുകളും ഒരു ഡ്രൈ ബള്‍ക്ക് കാരിയറും ഉള്‍പ്പെടെ മൂന്നെണ്ണം ചൈനീസ് കപ്പലുകളായിരുന്നു.

ചര്‍ച്ചകള്‍ക്ക് ശേഷം

ചര്‍ച്ചകള്‍ക്ക് ശേഷം ഇസ്ലാമാബാദ് നഗരമധ്യത്തില്‍ സുരക്ഷാ സേനാംഗങ്ങള്‍ ശാന്തരായിരുന്നെങ്കിലും കനത്ത സുരക്ഷാ വലയം അവിടെത്തന്നെ തുടര്‍ന്നു. നഗരത്തിലെ പൊതുപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നു. ഏതാനും കാല്‍നടയാത്രക്കാര്‍ പുറത്തിറങ്ങിയെങ്കിലും മിക്ക കടകളും അടഞ്ഞുകിടക്കുകയായിരുന്നു.