- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇറാനെ ഭൂപടത്തില്‍നിന്ന് തുടച്ചുമാറ്റാമെന്നത് മിഥ്യാധാരണ; ഭീകരതയും ഭീഷണിയും ഞങ്ങളെ ഐക്യപ്പെടുത്തും; ഹോര്‍മുസ് ഇപ്പോഴും തുറന്നുതന്നെ; ശത്രുക്കള്‍ക്ക് പ്രവേശനമില്ല'; നിലപാട് വ്യക്തമാക്കി പെസെഷ്‌കിയാന്‍; ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ ഹോര്‍മുസ് പൂര്‍ണമായും അടച്ചുപൂട്ടുമെന്നും ഇറാന്റെ ഭീഷണി; ഹോര്‍മുസ് തുറക്കാന്‍ നാറ്റോ സഖ്യം പടയൊരുക്കത്തിനോ?
ഹോര്‍മുസ് തുറക്കാന്‍ നാറ്റോ സഖ്യം പടയൊരുക്കത്തിനോ?

ടെഹ്‌റാന്‍: ലോകത്തിന്റെ ആശങ്കാ കേന്ദ്രമായി ഹോര്‍മുസ് കടലിടുക്ക് മാറുകയാണ്. ഇറാന്റെ നിയന്ത്രണത്തിലുള്ള കടലിടുക്ക് വരുതിയില്‍ നിര്‍ത്താന്‍ അമേരിക്ക ശ്രമം തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്കൊന്നും ഇറാന്‍ വഴങ്ങുന്നില്ല. ഹോര്‍മുസ് അടച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രംഗത്തെത്തി.
ഹോര്‍മുസ് ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും എന്നാല്‍ ഇറാന്‍ മണ്ണിനെ എതിര്‍ക്കുന്നവര്‍ക്ക് പ്രവേശമനമില്ലെന്നും പെസെഷ്‌കിയാന്‍ സമൂഹമാധ്യമമായ എക്‌സില്‍ പറഞ്ഞു. ഇറാനെതിരെയുള്ള ഭീഷണിയും ഭീകരതയും രാജ്യത്തെ കൂടുതല്‍ ഐക്യമുള്ളതാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് പൂര്‍ണമായി തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണു പെസെഷ്‌കിയാന്റെ മറുപടി.
'ഇറാനെ ഭൂപടത്തില്‍നിന്ന് തുടച്ചുമാറ്റുമെന്ന മിഥ്യാധാരണ, ചരിത്രം രചിക്കുന്ന ഒരു രാജ്യത്തിന്റെ ഇച്ഛാശക്തിയോടുള്ള നിരാശയാണ്. ഭീഷണിയും ഭീകരതയും ഞങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ. ഞങ്ങളുടെ മണ്ണിനെ എതിര്‍ക്കുന്നവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ഹോര്‍മുസില്‍ പ്രവേശനമുണ്ട്. യുദ്ധക്കളത്തില്‍ നേരിടുന്ന ഭ്രാന്തമായ ഭീഷണികളെയെല്ലാം ഞങ്ങള്‍ ശക്തമായി നേരിടും' പെസെഷ്‌കിയാന്‍ പറഞ്ഞു.
അമേരിക്ക തങ്ങളുടെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ മുന്നറിയിപ്പും എത്തിയിട്ടുണ്ട്. ഇറാന്റെ ഊര്‍ജ്ജ പശ്ചാത്തല സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായാണ് ഈ മുന്നറിയിപ്പ്. തകര്‍ക്കപ്പെടുന്ന ഊര്‍ജ്ജ നിലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നത് വരെ കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്റെ സൈനിക കമാന്‍ഡര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇറാന്‍ 48 മണിക്കൂറിനകം നിര്‍ണ്ണായക കപ്പല്‍ പാത തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ സംവിധാനങ്ങളെ തുടച്ചുനീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പുതിയ താക്കീത് വരുന്നത്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് ആരംഭിച്ച യുദ്ധത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് ഫലത്തില്‍ അടച്ചിട്ടിരിക്കുകയാണ്.
ഇസ്രയേലിനും മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ഇതിനകം തന്നെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇസ്രയേലിന്റെ ഊര്‍ജ്ജ, വാര്‍ത്താവിനിമയ മേഖലകളെയും അമേരിക്കന്‍ സൈനിക താവളങ്ങളുള്ള മറ്റ് പ്രാദേശിക രാജ്യങ്ങളിലെ സംവിധാനങ്ങളെയും ലക്ഷ്യം വെക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
'ഇസ്രയേലിന്റെ എല്ലാ ഊര്‍ജ്ജ, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളും യുഎസ് ഓഹരി ഉടമകളുള്ള മേഖലയിലെ സമാന കമ്പനികളും ലക്ഷ്യമിടും. യുഎസ് താവളങ്ങള്‍ നിലവിലുള്ള പ്രാദേശിക രാജ്യങ്ങളുടെ വൈദ്യുത നിലയങ്ങള്‍ ഞങ്ങള്‍ക്ക് ലക്ഷ്യങ്ങളായിരിക്കും' ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന പാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക്. ലോകത്തെ ആകെ എണ്ണയുടെയും എല്‍എന്‍ജിയുടെ ഏകദേശം 20 ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ യുദ്ധം ആരംഭിച്ചതോടെ ഇവിടത്തെ കപ്പല്‍ ഗതാഗതം കുത്തനെ ഇടിഞ്ഞു. കപ്പല്‍ ഗതാഗത ഡാറ്റാ സ്ഥാപനമായ കെപ്ലറുടെ കണക്കുകള്‍ പ്രകാരം, സാധാരണ നിലയിലുള്ള ഗതാഗതത്തിന്റെ വെറും അഞ്ച് ശതമാനം മാത്രമാണ് ഇപ്പോള്‍ കടലിടുക്കിലൂടെ നടക്കുന്നത്.
തങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച പല കപ്പലുകളെയും ഇറാനിയന്‍ സൈന്യം ലക്ഷ്യം വെച്ചിട്ടുണ്ട്. തങ്ങളുമായി സൗഹൃദത്തിലുള്ള രാജ്യങ്ങളിലെ ചില കപ്പലുകളെ കടന്നുപോകാന്‍ അനുവദിക്കുന്നുണ്ടെങ്കിലും അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ തടയുമെന്നാണ് ഇറാന്റെ നിലപാട്. കൂടാതെ, കപ്പലുകള്‍ക്ക് മേല്‍ ടോള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പുതിയ നിയന്ത്രണ നടപടികളും ഇറാനിയന്‍ അധികൃതര്‍ പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹോര്‍മുസ് തുറക്കാന്‍ നാറ്റോ സഖ്യം?
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതടക്കം നടപടികളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം അണിനിരക്കാന്‍ 22 രാജ്യങ്ങള്‍ രംഗത്തെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. നാറ്റോ സഖ്യരാജ്യങ്ങള്‍ക്കൊപ്പം യുഎഇ, ബഹ്‌റൈന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, കൊറിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളുമുണ്ടാകുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അവകാശപ്പെട്ടു. യുഎസ് സൈനികനടപടി അനിവാര്യമെന്നും എന്ത്, എപ്പോള്‍ എങ്ങനെ ചെയ്യണമെന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്നും യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
നേരത്തെ ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും തുറന്നുനല്‍കിയില്ലെങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയുപ്പ് നല്‍കിയിരുന്നു. 'ഏറ്റവും വലിയ നിലയത്തില്‍ നിന്ന് തന്നെ ആക്രമണം തുടങ്ങും' എന്നാണ് ട്രംപ് ശനിയാഴ്ച രാത്രി വൈകി നല്‍കിയ അന്ത്യശാസനത്തില്‍ വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ട്രംപ് സൂചന നല്‍കി ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ കടുത്ത നിലപാട് എന്നതും ശ്രദ്ധേയമാണ്. ഇതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ട്രംപ് ഭീഷണി നടപ്പിലാക്കിയാല്‍ മേഖലയിലെ യുഎസ് ഊര്‍ജ്ജ കേന്ദ്രങ്ങള്‍, ഐടി സംവിധാനങ്ങള്‍, കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകള്‍ എന്നിവ തകര്‍ക്കുമെന്ന് ഇറാന്‍ സൈനിക കമാന്‍ഡ് തിരിച്ചടിച്ചു.
ഇറാന്റെ ഉപരോധം മൂലം ആഗോള എണ്ണ വിതരണത്തില്‍ കടുത്ത തടസ്സം നേരിടുകയും ഇന്ധനവില കുതിച്ചുയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക ഈ കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നത്.


