ടെഹ്‌റാന്‍: അമേരിക്കയും ഇസ്രയേലും ഇറാന്റെ അവകാശങ്ങള്‍ അംഗീകരിച്ചാല്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. നിലവിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമായും മൂന്ന് നിബന്ധനകളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്.

ഇറാന്റെ പരമാധികാരം പൂര്‍ണ്ണമായും അംഗീകരിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, ഭാവിയില്‍ സമാനമായ സംഘര്‍ഷങ്ങള്‍ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തില്‍ ഉറപ്പുനല്‍കുക എന്നീ കാര്യങ്ങള്‍ അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാമെന്നാണ് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കിയത്. ഇറാന്‍ പ്രസിഡന്റിന്റെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന പ്രസ്താവന ലോകത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.

റഷ്യയിലെയും പാകിസ്താനിലെയും നേതാക്കളുമായി സംസാരിച്ചപ്പോഴും താന്‍ ഇക്കാര്യം വ്യക്തമാക്കിയെന്ന് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. മേഖലയിലെ സമാധാനത്തിന് ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ യു.എസും ഇസ്രയേലും തുടങ്ങിവെച്ച ഈ യുദ്ധം അവസാനിക്കണമെങ്കില്‍ ഇറാന്റെ നിയമാനുസൃത അവകാശങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മേഖലയില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം യു.എന്‍ രക്ഷാസമിതി അംഗീകരിച്ചു. എന്നാല്‍ ഈ വോട്ടെടുപ്പില്‍ നിന്ന് റഷ്യയും ചൈനയും വിട്ടുനിന്നു. പ്രമേയം പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം.

ഇതിനിടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടയാന്‍ ഇറാന്‍ ശ്രമിച്ചാല്‍, നിലവിലുള്ളതിനേക്കാള്‍ 20 മടങ്ങ് ശക്തിയോടെ തിരിച്ചടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ട്രംപിന്റെ ഭീഷണിയെ തള്ളി ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി. അമേരിക്ക, ഇസ്രായേല്‍ എന്നിവരുമായോ അവരുടെ സഖ്യകക്ഷികളുമായോ ബന്ധമുള്ള കപ്പലുകളെ ഇറാന്‍ ലക്ഷ്യം വെക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.