ടെല്‍ അവീവ്: ഒക്ടോബര്‍ 7 ലെ തീവ്രവാദി ആക്രമണത്തില്‍ ബന്ധികളാക്കിയ മറ്റ് രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടിയെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. എല്ലാ മൃതദേഹങ്ങളും വിട്ടുകൊടുക്കണമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങിയാണ് ഹമാസ് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി നല്‍കിയത്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് ഹമാസ് മൃതദേഹങ്ങളടങ്ങിയ രണ്ട് ശവപ്പെട്ടികള്‍ കൈമാറിയത്. റെഡ് ക്രോസ്സ് വഴിയാണ് ഇത് ഇസ്രയേലി സൈന്യത്തിന് നല്‍കിയത്. ഔപചാരികമായ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി അവ ഇസ്രയേലിലേക്ക് കൊണ്ടുപോയി.

വെടിനിര്‍ത്തല്‍ കരാറില്‍ പരാമര്‍ശിച്ച, മരണമടഞ്ഞ 28 പേരില്‍ പത്ത് പേരുടെ മൃതദേഹങ്ങള്‍ മാത്രം ഹമാസ് നല്‍കിയത് സമാധാന കരാര്‍ നടപ്പാക്കുന്നതില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചതോടെ മൊത്തം 12 മൃതദേഹങ്ങളാണ് ഇതുവരെ ഹമാസ് കൈമാറിയത്. ഇനി 16 മൃതദേഹങ്ങള്‍ കൂടി കിട്ടാനുണ്ട്. കരാര്‍ പ്രകാരം, കഴിഞ്ഞ തിങ്കളാഴ്ചയ്ക്കുള്ളില്‍ എല്ലാ മൃതദേഹങ്ങളും കൈമാറേണ്ടതുണ്ടായിരുന്നു.

മൃതദേഹങ്ങള്‍ കൈമാറുന്നതില്‍ വന്ന കാലതാമസം ഇസ്രയേലില്‍ കടുത്ത ജനരോഷത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. മരണമടഞ്ഞവരുടെ ബന്ധുക്കള്‍, എത്രയും പെട്ടെന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൈമാറണമെന്ന ആവശ്യം ശക്തമാക്കുകയും ചെയ്തിരുന്നു.കിട്ടിയ മൃതദേഹങ്ങള്‍ എല്ലാം തന്നെ കൈമാറിക്കഴിഞ്ഞു എന്ന് വ്യക്തമാക്കിയ ഹമാസ്, കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് കഠിനമായ ശ്രമവും, പ്രത്യേക ഉപകരണങ്ങളും ആവശ്യമാണെന്നും പറഞ്ഞു.

അതേസമയം, അവശേഷിക്കുന്ന എല്ലാ മൃതദേഹങ്ങളും കണ്ടെത്താനും കൈമാറാനും ഹമാസിന് കഴിഞ്ഞേക്കില്ല എന്ന വിലയിരുത്തലിലാണ് ഇസ്രയേല്‍ ഇന്റലിജന്‍സ്. ഗാസയ്ക്കും ഇസ്രയേലിനും, ഇടയിലുള്ള റാഫ അതിര്‍ത്തി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടഞ്ഞു കിടക്കും എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ബന്ദികളെ തിരികെ നല്‍കുന്നത് സംബന്ധിച്ച് കരാറിലുള്ള വ്യവസ്തകള്‍ ഹമാസ് പൂര്‍ത്തീകരിച്ചാല്‍ മാത്രമെ അത് തുറകൂ എന്നാണ് ഇസ്രയേലിന്റെ നിലപാട്.

വെടിനിര്‍ത്തലിനുള്ള അടുത്ത പടിയായി അതിര്‍ത്തി ഇന്ന് (ഞായറാഴ്ച) തുറക്കും എന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നത്. ഈ അതിര്‍ത്തി തുറന്നാല്‍ മാത്രമെ ഗാസ നിവാസികള്‍ക്ക് പതിനായിരക്കണക്കിന് പലസ്തീനികള്‍ താമസിക്കുന്ന ഈജിപ്തിലേക്ക് പോകാനും, ചികിത്സ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ സ്വീകരിക്കുവാനും കഴിയുകയുള്ളു. ഈയാഴ്ച്ച ഇസ്രയേലിന് കൈമാറിയ നാല് മൃതദേഹങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരെണ്ണം ഗാസ നിവാസിയുടേതാണെന്ന് കണ്ടെത്തിയിരുന്നു.

അതിനിടയില്‍, മൃതദേഹങ്ങള്‍ കൈമാറാന്‍ ഹമാസ് വൈകുന്നത്, അല്ലെങ്കില്‍ തന്നെ ദുര്‍ബലമായ സമാധാന കരാര്‍ അട്ടിമറിച്ചേക്കുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട്., വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും, മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും മടക്കി നല്‍കിയിട്ടില്ലെന്നും ട്രംപ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ഹമാസ്, മൃതദേഹങ്ങള്‍ നല്‍കാതെ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. അതുകൊണ്ടു തന്നെ, ഗാസയിലേക്ക് സഹായവുമായി പോകുന്ന വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഇസ്രയേല്‍ വിസമ്മതിച്ചിരിക്കുകയാണ്.