ഗസ്സ: ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം കൂട്ടാന്‍ ഹമാസ് പയറ്റിയ തന്ത്രം തിരിച്ചടിക്കുന്നു. പട്ടിണി കിടന്ന് എല്ലും തോലുമായ ബന്ദിയായ യുവാവ് സ്വന്തം ശവക്കുഴി എടുക്കുന്ന വീഡിയോ ഹമാസ് പുറത്തുവിട്ടതോടെയാണ് പ്രതിഷേധം മുറുകിയത്. ഭൂഗര്‍ഭ തുരങ്കത്തില്‍ സ്വന്തം കുഴിയെടുക്കുകയാണ് താനെന്നാണ് എവ്യാതര്‍ ഡേവിഡ് വീഡിയോയില്‍ വിശദീകരിക്കുന്നത്. 48 മണിക്കൂറിനിടെ ഹമാസ് പുറത്തുവിടുന്ന 24 കാരന്റെ രണ്ടാമത്തെ വീഡിയോ ആണിത്.

ആകെ ക്ഷീണിതനായ യുവാവിന് സംസാരിക്കാന്‍ പോലും വിഷമമാണ്. മണ്‍വെട്ടി കൊണ്ട് സ്വന്തം കുഴി കുഴിക്കുകയാണ് എവ്യാതര്‍ ഡേവിഡ്.

' ഞാന്‍ എന്റെ സ്വന്തം ശവക്കുഴി തോണ്ടുകയാണ്'- ഹീബ്രുവില്‍ ഡേവിഡ് പറഞ്ഞു. ' എല്ലാ ദിവസവും എന്റെ ശരീരം കൂടുതല്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്നു. ഞാന്‍ എന്റെ ശവക്കുഴിയിലേക്ക് നേരിട്ട് നടക്കുകയാണ്. ഇക്കാണുന്ന ശവക്കുഴിയിലാണ് എന്നെ സംസ്‌കരിക്കാന്‍ പോകുന്നത്. ഞാന്‍ ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ല. എനിക്ക് കുടിവെള്ളം പോലും കഷ്ടിച്ചാണ് കിട്ടിയത്്. മോചിതനാകാനുള്ള സമയം കടന്നുപോവുകയാണ്. എന്റെ കുടുംബത്തോടൊപ്പം എനിക്ക് ഉറങ്ങാന്‍ സാധിക്കുമോ'-ഡേവിഡ് കരഞ്ഞുകൊണ്ട് വീഡിയോയില്‍ പറഞ്ഞു.


' ലോകം കണ്ട ഏറ്റവും വലിയ ഭീകര ദൃശ്യങ്ങളില്‍ ഒന്നാണ് ഹമാസിന്റെ പ്രചാരണത്തിനായി ഞങ്ങളുടെ മകനെ മന:പൂര്‍വം പട്ടിണിക്കിട്ട് പീഡിപ്പിക്കുന്നത്' -ഡേവിഡിന്റെ കുടുംബം പ്രതികരിച്ചു. മകനെ രക്ഷിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് ഡേവിഡിന്റെ മാതാപിതാക്കള്‍ ഇസ്രായേല്‍ സര്‍ക്കാരിനോടും ലോക സമൂഹത്തോടും അഭ്യര്‍ത്ഥിച്ചു.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുവാവിന്റെ കുടുംബവുമായി ചര്‍ച്ച നടത്തി. തടവുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം കുടുംബത്തോട് പറഞ്ഞു. അതിനിടെ ഹമാസ് മറ്റൊരു ബന്ദിയുടെ ദൃശ്യങ്ങള്‍ കൂടി പുറത്തുവിട്ടിരുന്നു. ഇസ്രായേലി-ജര്‍മ്മന്‍ പൗരത്വമുള്ള റോം ബ്രെസ്ലാവ്സ്‌കി എന്ന യുവാവിന്റേതാണ് വീഡിയോ. മോചനത്തിന് സഹായിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങളായിരുന്നു അത്. ഒക്ടോബറില്‍ ഹമാസിന്റെ ആക്രമണം നടന്നപ്പോള്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ജറുസലേമില്‍ നിന്നുള്ള പൗരനാണ് ബ്രെസ്ലാവ്സ്‌കിയെന്ന് അറബ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയും ഇസ്രായേലി മാദ്ധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

ഏകദേശം രണ്ട് വര്‍ഷം മുമ്പ് ഇസ്രായേലിനെതിരായ ആക്രമണത്തിനിടെ 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന 49 പേരില്‍ ഒരാളാണ് ഡേവിഡ്. മരിച്ചതായി കരുതപ്പെടുന്ന 27 ബന്ദികളും ഇതില്‍ ഉള്‍പ്പെടുന്നു.അതേസമയം, ആയിരക്കണക്കിന് പേര്‍ ടെല്‍അവീവില്‍ ഒത്തുകൂടി ബന്ദികളുടെ മോചനത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടു. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ റാലിക്കാണ് ടെല്‍അവീവ് സാക്ഷ്യം വഹിച്ചത്.