ഗാസ: ഗാസ സിറ്റി പിടിച്ചടക്കി ഇസ്രായേലിന്റെ സുരക്ഷ ശക്തമാക്കനുള്ള ശ്രമം ശക്തമാക്കിയിരിക്കയാണ് ഇസ്രായേല്‍. ഗാസാ വാസികളെ പൂര്‍ണമായും ഒഴിപ്പിക്കുക എന്ന നെതന്യാഹുവിന്റെ പദ്ധതിക്ക് പിന്തുണയുമായി അമേരിക്കയും രംഗത്തുവന്നതോടെ ഗാസയില്‍ വീണ്ടും വന്‍ അഭയാര്‍ഥി പ്രവാഹമാണ് ഉണ്ടാകുന്നത്. വ്യോമാക്രമണം നടത്തി ഗാസയിലെ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന ശൈലിയാണ് ഇസ്രായേല്‍ ആദ്യം കൈക്കൊണ്ടതെങ്കില്‍ അടുത്ത ഘട്ടത്തില്‍ കരയില്‍ നിന്നുള്ള ആക്രമണവും തുടങ്ങി. ഇതോടെ പലസ്തീനികള്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടി അലയുന്ന അവസ്ഥയാണുള്ളത്.

ഇസ്രായേല്‍ ടാങ്കുറുകള്‍ അളന്നുമുറിച്ചു കണക്കുകൂട്ടലുകളോടെയാണ് ഗാസയില്‍ പ്രവേശിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ സൈനിക നീക്കം പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കുമെന്ന് ഉറപ്പായതോടെ ലോകരാജ്യങ്ങളും എതിര്‍പ്പുയര്‍ത്തുന്നുണ്ട്. എന്നാല്‍, അതിനെ അമേരിക്കന്‍ പിന്തുണയില്‍ മറികടക്കുകയാണ് ഇസ്രായേല്‍. കരയാക്രമണം കൂടി ആരംഭിച്ചതോടെ ഗാസ മുനമ്പ് കത്തുകയാണ്. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75ആയി എന്നാണ് റിപ്പോര്‍ട്ട്.

ഗാസയിലുള്ള 3000 ഹമാസ് പോരാളികളെ ഇല്ലാതാക്കാന്‍ കൂടുതല്‍ സൈന്യത്തെ യുദ്ധമുഖത്ത് എത്തിക്കാനാണ് ഇസ്രയേല്‍ നീക്കം. ഇസ്രയേല്‍ തീമഴ പെയ്യിക്കുമ്പോള്‍ പലായനത്തിന് പോലും വഴിയില്ലാതെ പരക്കം പായുന്ന ജനം. ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ അനുവദിച്ച അല്‍ റഷീദ് പാതയില്‍ നടന്ന് നീങ്ങാന്‍ പോലും സാധ്യമാവാത്തത്ര തിരക്കാണ്. ബോംബ് ആക്രമണങ്ങളില്‍ മരിക്കാന്‍ തയ്യാറായിരിക്കയാണ് ഒരു പറ്റം പലസ്തീനികള്‍.




നഗരം പിടിച്ചെടുക്കാന്‍ ഒടുവില്‍ ഇസ്രയേല്‍ കരയുദ്ധം കൂടി തുടങ്ങിയതോടെ ഗാസ കത്തുകയാണ്. സ്‌കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍ എല്ലാം ആക്രമണത്തില്‍ തകര്‍ന്നു കഴിഞ്ഞു. കുടിവെള്ളം അടക്കം കിട്ടാക്കനിയായി മാറിയിട്ടുണ്ട്. നഗരത്തില്‍ നിന്നും മാറി ടെന്റുകളില്‍ താസിക്കുന്നവര്‍ക്കാണ് ഭക്ഷണങ്ങള്‍ എത്തിക്കുന്നത്. നഗരവാസികള്‍ക്ക് ഇത് സാധ്യമല്ലാത്ത അവസ്ഥയിലാണ കാര്യങ്ങള്‍.

കാല്‍നടയായോ വാഹനങ്ങളിലോ നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികള്‍ നഗരം വിട്ട് പലായനം ചെയ്യുകയാണ്. പലയിടങ്ങളിലും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു. രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ തങ്ങള്‍ നേരിട്ട ഏറ്റവും തീവ്രമായ ബോംബാക്രമണമെന്നാണ് ഫലസ്തീനികള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. കരസേന ഗസ്സ മുനമ്പിന്റെ പ്രധാന നഗരത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ നീങ്ങുകയാണെന്നും ഇപ്പോഴും നഗരത്തിലുണ്ടെന്ന് കരുതുന്ന ഹമാസ് തീവ്രവാദികളെ നേരിടാന്‍ വരും ദിവസങ്ങളില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ഇസ്രായേല്‍ പ്രതിരോധ സേന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'ഗസ്സ കത്തുകയാണ്' എന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് 'എക്സി'ല്‍ പോസ്റ്റ് ചെയ്തു. 'ഐ.ഡി.എഫ് ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ആക്രമണം നടത്തുകയാണെന്നും ബന്ദികളെ മോചിപ്പിക്കുന്നതിനും ഹമാസിനെ പരാജയപ്പെടുത്തുന്നതിനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഐ.ഡി.എഫ് സൈനികര്‍ ധീരമായി പോരാടുകയാണെന്നും' കാറ്റ്‌സ് പോസ്റ്റ് ചെയ്തു.

ആക്രമണം ആരംഭിച്ചതിലൂടെ ഇസ്രായേല്‍ ഭരണകൂടം, യൂറോപ്യന്‍ നേതാക്കളുടെ ഉപരോധ ഭീഷണികളെയും അത് വളരെയധികം വില കൊടുക്കേണ്ട 'തെറ്റാ'യിരിക്കാമെന്ന ഇസ്രായേലിന്റെ സ്വന്തം സൈനിക കമാന്‍ഡര്‍മാരുടെയും മുന്നറിയിപ്പുകളെയും അവഗണിച്ചു കൊണ്ടാണ് മുന്നോട്ടു നീങ്ങുന്നത്.




ഇസ്രയേല്‍ വംശഹത്യ ചെയ്യുന്നു എന്ന് യുഎന്‍ കമ്മീഷന്‍, തിരിച്ചടിയായ ആക്രമണം കടിപ്പിച്ചു ഇസ്രായേല്‍

പലസ്തീനികളെ ഇസ്രയേല്‍ വംശഹത്യ ചെയ്യുന്നു എന്ന യുഎന്‍ പ്രതികരണമാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. യുകെയും ജര്‍മ്മനിയും ഇറ്റലിയും ആക്രമണത്തെ അപലപിക്കുമ്പോഴും ഹമാസിനെ കൂടെ കൂട്ടുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന മാര്‍ക്കോ റൂബിയയുടെ പ്രതികരണം ഇസ്രയേലിന് അമേരിക്കയുടെ മൗനസമ്മതമാണ്. ഇനിയും സൈന്യത്തെ വിന്യസിക്കാനാണ് ഇസ്രയേല്‍ നീക്കം.

അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയാണെന്നും ഇസ്രയേല്‍ നേതാക്കളുടെ പ്രസ്താവനയും സൈന്യത്തിന്റെ നടപടിയും വംശഹത്യയ്ക്കെതിരായ തെളിവാണെന്നും യുഎന്‍ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. '2023-ല്‍ ഹമാസുമായുളള യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയാണ്. ഒരു പ്രത്യേക വിഭാഗത്തിലെ ആളുകളെ ലക്ഷ്യംവെച്ച് ആക്രമണം നടത്തുക, ഗുരുതരമായ ശാരീരിക, മാനസിക ഉപദ്രവമേല്‍പ്പിക്കുക, ജനനം തടയുന്നത് ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ ഗാസയില്‍ നടക്കുന്നത് വംശഹത്യയാണ് എന്നതിന് തെളിവാണ്'എന്നാണ് ഐക്യരാഷ്ട്രസഭ അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വ്യാജവും വളച്ചൊടിച്ചതുമാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കമ്മീഷനിലെ മൂന്നുപേര്‍ ഹമാസ് അനുകൂലികള്‍ ആണെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ ഗാസയില്‍ കരയുദ്ധം കടുപ്പിച്ചത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 78 പേരാണ് കൊല്ലപ്പെട്ടത്. ഗാസ മുനമ്പിനെ പല ഭാഗങ്ങളാക്കി തിരിച്ച് ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. അല്‍ ഷിഫ മെഡിക്കല്‍ കോളേജ് കോംപ്ലക്സ്, അല്‍ ദറാജ്, അല്‍ നാസര്‍ തുടങ്ങിയ മേഖലകളില്‍ കനത്ത ആക്രമണമുണ്ടായി.




അന്തിമ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് നെതന്യാഹു

ഗാസയില്‍ നിന്നും പിന്‍മാറ്റമില്ലെന്ന പ്രഖ്യാപിച്ചാണ് നെതന്യാഹുവിന്റെ നിലപാട്. ഹമാസ് നേതാക്കള്‍ എവിടെയായിരുന്നാലും വീണ്ടും ആക്രമിക്കും എന്ന സൂചന നല്‍കി അദ്ദേഹം വീണ്ടും രംഗത്തുവന്നു. ഇസ്രയേല്‍ ദോഹയില്‍ നടത്തിയ ആക്രമണത്തെ അപലപിക്കാന്‍ അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍ ഖത്തറില്‍ ഉച്ചകോടി നടത്തവേയായിരുന്നു നെതന്യാഹു വാക്കുകള്‍ കടുപ്പിച്ചതും.

സ്വയം പ്രതിരോധത്തിന് ഇസ്രയേലിന് അവകാശമുണ്ടെന്നും അതിര്‍ത്തി കടന്നും ആക്രമിക്കുമെന്നും ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇനി ഖത്തറിനെ ഇസ്രയേല്‍ ആക്രമിക്കില്ലെന്നാണ് ട്രംപിന്റെ വാദം. ഇക്കാര്യം നെതന്യാഹു ഉറപ്പു നല്‍കിയെന്നും ട്രംപ് പറഞ്ഞു. ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി.

അതിനിടെ അമേരിക്ക ഇസ്രായേലിന് തുറന്ന പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കകം ഹമാസ് പാഠം പഠിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു. ഇസ്രായേലിന്റെ പുതിയ ഗസ്സ ആക്രമണത്തിന്റെ ഫലം എന്തെന്ന് ഉറ്റുനോക്കുന്നതായിപ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു. വൈറ്റ്ഹൗസിലേക്ക് ട്രംപ് തന്നെ വീണ്ടും കൂടിക്കാഴ്ചക്ക് ക്ഷണിച്ചതായി നെതന്യാഹു പറഞ്ഞു.

ട്രംപ് രണ്ടാം തവണ അധികാരത്തില്‍ വന്ന ശേഷം ഇത് നാലാം തവണയാണ് നെതന്യാഹു അമേരിക്ക സന്ദര്‍ശിക്കുന്നത്. സെപ്തമബര്‍ 29നാണ് നെതന്യാഹു വൈറ്റ്ബഹൗസ് സന്ദര്‍ശിക്കുക. യുഎന്‍ അസംബ്ലിയെയും നെതന്യാഹു അഭിസംബോധന ചയ്യുമെന്നാണ് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിനിടെ, ഗസ്സക്ക് പിന്നാലെ യമനും ചോരക്കളമാക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ഇസ്രായേല്‍. യമനിലെ ഹുദൈദ തുറമുഖത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയെന്നോണം ഇസ്രായേല്‍ നഗരങ്ങള്‍ക്ക് നേരെ ഹൂതികള്‍ നിരവധി ബാലിസ്റ്റിക് മസൈലുകള്‍ അയച്ചു.




ഗാസയില്‍ സമാധാനം പുലരണം എന്ന ആവശ്യവുമായി ഫ്രാന്‍സും സൗദിയും ചേര്‍ന്നു ശ്രമങ്ങള് നടത്തുന്നത്. ഈ മാസം 22 ന് നടക്കാനിരിക്കുന്ന യോഗത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര പിന്തുണ പ്രതീക്ഷിക്കുന്നു. ഗാസയില്‍ നിന്ന് പിന്‍വാങ്ങണമെന്ന അറബ് - ഇസ്ലാമിക് ഉച്ചകോടിയുടെ കൂട്ടായ മുന്നറിയിപ്പും ഇസ്രായേലിനെ ചൊടിപ്പിച്ചിട്ടുണ്ട്. ആരൊക്കെ ഉപരോധിച്ചാലും എല്ലാം തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പക്ഷം. ഒക്‌ബോടബറിലെ ആക്രമണത്തിന് എങ്ങനെയും പകരം വീട്ടുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.