- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിലെ യുദ്ധം മേഖലയില്‍ മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമം; വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടണമെന്ന് അവര്‍ക്ക് ആഗ്രഹമില്ലെന്ന് ഉര്ദുഗാന്
അങ്കാര: ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയ ഇസ്രായേല്‍ നടപടിക്കെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്ദുഗാന്. ഗസ്സയില്‍ നടക്കുന്ന യുദ്ധം മേഖലയില്‍ മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് കുറ്റപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടണമെന്ന് ഇസ്രായേലിന് ആഗ്രഹമില്ലെന്നും ഉര്ദുഗാന് കുറ്റപ്പെടുത്തി. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടയിലാണ് ഉര്ദുഗാന് ഇക്കാര്യം വ്യക്തമാക്കിയത്.
വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള താല്പര്യമില്ലായ്മ ബിന്യമിന് നെതന്യാഹു പ്രകടിപ്പിക്കുകയാണെന്ന് ഉര്ദുഗാന് പറഞ്ഞു. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് നെതന്യാഹു നടത്തിയ പ്രസംഗം തുര്‍ക്കിയക്കും ലോകത്തിനും നിരാശ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയയെ വധിച്ചത് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് കനത്ത തിരിച്ചടിയാണ്. നാറ്റോ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉര്ദുഗാന് അറിയിച്ചു.
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇസ്രയേലി ചാര സംഘടനയായ മൊസാദിനുള്ളില്‍ അതി വിപുല ബന്ധങ്ങളുള്ള മാധ്യമപ്രവര്ത്തകന് റോനെന്‍ ബര്‍ഗ്മാന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ന്യൂയോര്‍ക് ടൈംസ് വ്യാഴാഴ്ച രാത്രി പുറത്തുവിട്ടു.
ബര്‍ഗ്മാന്റെ റിപ്പോര്‍ട്ട് പ്രകാരം തെഹ്റാനില്‍ ഹനിയ്യ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസ് മുറിയിലുണ്ടായ ബോംബ് സ്ഫോടനമാണ് മരണകാരണം. കുറഞ്ഞത് രണ്ടുമാസമെങ്കിലും മുമ്പ് മുറിയില്‍ ബോംബ് സ്ഥാപിച്ചിരുന്നു. വടക്കന്‍ തെഹ്റാനിലെ സമ്പന്ന വാസമേഖലയിലുള്ള നിശാത്ത് എന്ന കോമ്പൗണ്ടിലുള്ള ഈ ഗെസ്റ്റ് ഹൗസ് റെവല്യുഷണി ഗാര്‍ഡിന്റെ കാവലിലാണ്. ഹനിയ്യയുടെ മുറിയില്‍ സ്ഥാപിച്ച ബോംബ് റിമോട്ട് കണ്ട്രോള് ഉപയോഗിച്ചാണ് പൊട്ടിച്ചതത്രെ. ദോഹയില്‍ താമസിക്കുന്ന ഹനിയ്യ തെഹ്റാനിലെത്തുമ്പോള്‍ സ്ഥിരമായി ഈ ഗെസ്റ്റ് ഹൗസിലെ മുറിയിലാണ് പാര്‍ക്കുന്നത്. പുലര്‍ച്ചെ രണ്ടിന് ശബ്ദം കേട്ട് നടുങ്ങിയ ഗെസ്റ്റ്ഹൗസ് ജീവനക്കാരും സുരക്ഷാഉദ്യോഗസ്ഥരും അതിന്റെ പ്രഭവകേന്ദ്രം തേടി പായുകയായിരുന്നു.
ഒടുവിലാണ് ഹനിയ്യയും അംഗരക്ഷകനും ഉറങ്ങിയിരുന്ന മുറിയിലെത്തിയത്. ഗെസ്റ്റ് ഹൗസിലെ മെഡിക്കല്‍ ടീം ഉടനടി മുറിയിലെത്തി. പക്ഷേ, അപ്പോഴേക്കും ഹനിയ്യ മരിച്ചിരുന്നു. അംഗരക്ഷകന് ജീവനുണ്ടായിരുന്നു. പ്രാഥമിക ശുശ്രുഷ നല്‍കുന്നതിനിടെ അയാളും മരിച്ചു. തെഹ്റാനിലുണ്ടായിരുന്ന ഹമാസിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഖലീല്‍ അല്‍ഹയ്യ ഉടന്‍ സ്ഥലത്തെത്തി നേതാവിന്റെ മൃതദേഹം കണ്ടു. ഖുദ്സ് ഫോഴ്സിന്റെ കമാന്‍ഡര്‍ ജനറല്‍ ഇസ്മായില്‍ ഗനിയെ ഉടന്‍ വിവരമറിയിച്ചു. അദ്ദേഹമാണ് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി ദുരന്ത വാര്‍ത്ത എത്തിച്ചത്.
നാലുമണിക്കൂറിന് ശേഷം പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെ റെവല്യൂഷണറി ഗാര്‍ഡിന്റെ പ്രസ്താവനയിലൂടെയാണ് വിവരം പുറം ലോകമറിയുന്നത്. പിന്നാലെ ഖാംനഈ ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളെ വസതിയിലേക്ക് വിളിച്ചുവരുത്തി. ആ യോഗത്തിലാണ് ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാനുള്ള ഉത്തരവ് അദ്ദേഹം നല്‍കിയത്. സംഭവത്തിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്തിട്ടില്ലെങ്കിലും കഴിഞ്ഞ മണിക്കൂറുകളില്‍ യു.എസ് ഉള്‍പ്പെടെ ചില രാഷ്ട്രങ്ങള്‍ക്ക് ഓപറേഷന്റെ വിവരങ്ങള്‍ ഇസ്രയേല്‍ കൈമാറിയെന്നാണ് സൂചന.
കൊലപാതകത്തെ കുറിച്ച് മുന്നറിവുണ്ടായിരുന്നില്ലെന്ന് ബുധനാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചിരുന്നു. ഹനിയ്യയുടെ മരണം പുറത്തുവന്നയുടന്‍ ഒരു മിസൈലാക്രമണമാകും എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍.