- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിസ്ബുള്ളയും ഹമാസും ഹൂത്തികളും നിര്‍ത്താതെ മിസൈലുകള്‍ അയക്കുന്നു; സകലതിനെയും പ്രതിരോധിച്ച് ക്ഷീണിച്ച ഇസ്രയേലിന്റെ അയണ്‍ ഡോം; ഒരേസമയം ഇസ്രയേലിനും യുക്രൈനും ആയുധങ്ങള്‍ തുടരാന്‍ അക്ഷയഖനി അല്ലെന്ന് അമേരിക്ക: ഇസ്രായേല്‍ ആയുധ ക്ഷാമം നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
ഹിസ്ബുള്ളയും ഹമാസും ഹൂത്തികളും നിര്‍ത്താതെ മിസൈലുകള്‍ അയക്കുന്നു
ടെല്‍ അവീവ്: ശത്രുരാജ്യങ്ങളില്‍ നിന്നും തീവ്രവാദ സംഘടനകളില്‍ നിന്നും ഇസ്രയേലിനെ എക്കാലത്തും രക്ഷിച്ചിരുന്നത് അവരുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ഡോമുകളാണ്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പറയുന്നത് അയണ്‍ഡോമുകളുടെ പ്രതിരോധ ശേഷി കുറഞ്ഞ് വരുന്നതായിട്ടാണ്. നിരന്തരമായി ഹിസ്ബുള്ളയും ഹമാസും ഹൂത്തികളും എല്ലാം അയയ്ക്കുന്ന മിസൈലുകളും റോക്കറ്റുകളും ഡ്രോണുകളും എല്ലാം തടഞ്ഞ് അയണ്‍ഡോമുകള്‍ ക്ഷീണിച്ചിരിക്കുന്നു.
ചുരുക്കത്തില്‍ ഇസ്രയേല്‍ ആയുധക്ഷാമത്തിലേക്കാണ് നീങ്ങുന്നത് എന്ന് വ്യക്തമായി. ഇസ്രയേലിന് ഏറ്റവുമധികം ആയുധങ്ങള്‍ ലഭിക്കുന്നത് അമേരിക്കയില്‍ നിന്നാണ്. ഇസ്രയേലിന്റെ എക്കാലത്തേയും മികച്ച പ്രതിരോധ പങ്കാളിയായിരുന്നു അമേരിക്ക. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ വരെ നേരിടാന്‍ കഴിവുണ്ടായിരുന്ന ഇസ്രയേല്‍ ഇപ്പോള്‍ ഹിസ്ബുള്ള അയച്ച ഡ്രോണുകള്‍ എങ്ങനെയാണ് രാജ്യത്തേക്ക് കഴിഞ്ഞ ദിവസം കടന്ന് വന്ന് നാല് പേരുടെ മരണത്തിന് ഇടയാക്കിയത് എന്ന അന്വേഷണത്തിലാണ്.
മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനായി അമേരിക്കയെ ഇസ്രയേല്‍ സമീപിച്ചു എങ്കിലും യുക്രൈനിലേക്ക് കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുന്ന തിരക്കിലാണ് അവര്‍. റഷ്യയുമായി യുക്രൈന്‍ നടത്തുന്ന യുദ്ധം അവസാനമില്ലാതെ നീളുന്ന സാഹചര്യത്തില്‍ യുക്രൈന് കൂടുതല്‍ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും നല്‍കുന്ന തിരക്കിലാണ് അമേരിക്ക. അതിനിടയിലാണ് അമേരിക്ക ഇസ്രയേലിന് അവരുടെ ഏറ്റവും ആധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏര്യാ ഡിഫന്‍സ് അഥവാ താഡ് നല്‍കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.
മിസൈല്‍ പ്രതിരോധ സംവിധാനത്തിനൊപ്പം നൂറോളം സൈനികരേയും ഒപ്പം അയയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഇറാന് അമേരിക്ക ഇതിലൂടെ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതായിട്ടാണ് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. തങ്ങള്‍ ഇസ്രയേലിന് ഒപ്പം കാണുമെന്നും ഏതെങ്കിലും തരത്തില്‍ ഇനി ആക്രമണം നടത്തിയാല്‍ ഇസ്രയേലിന് ഒപ്പം നിന്ന് ശക്തമായി തിരിച്ചടി നല്‍കുമെന്നുമാണ് അമേരിക്ക ഈ തീരുമാനത്തിലൂടെ വ്യക്തമാക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
താഡ് പ്രതിരോധ സംവിധാനം ഉപയോഗിച്ച് ദീര്‍ഘദൂര മിസൈലുകളെ നേരിടാന്‍ ഇസ്രയേലിന് കഴിയും. മധ്യദൂര മിസൈലുകളെ നേരിടാന്‍ ഇസ്രയേല്‍ അമേരിക്കയുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ഡേവിഡ്സ് സ്ലിംഗ് സംവിധാനത്തിന് കഴിയും. കൂടാതെ അയണ്‍ഡോമുകള്‍ക്കും മിസൈലുകളേയും റോക്കറ്റുകളേയും ഡ്രോണുകളേയും ചെറുക്കാനും കഴിയും.
ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളെ നേരിടാനാണ് സംവിധാനം എത്തിക്കുന്നത്. സാങ്കേതിക വിദ്യക്കൊപ്പം താഡ് പ്രവര്‍ത്തിപ്പിക്കുന്നതിന് ഏകദേശം 100 യുഎസ് സൈനികരെയും ഇസ്രായേലില്‍ വിന്യസിച്ചിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ രൂപകല്‍പ്പന ചെയ്ത താഡ്, ഇസ്രായേലിന്റെ നിലവിലുള്ള പ്രതിരോധ ഇന്‍ഫ്രാസ്ട്രക്ചറിന് പരിരക്ഷ നല്‍കും. ഹ്രസ്വ, ഇടത്തരം ബാലിസ്റ്റിക് മിസൈല്‍ ഭീഷണികളെ ചെറുക്കാനാണ് താഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മിസൈല്‍ പ്രതിരോധത്തിന് പുറമെ, കിഴക്കന്‍ മെഡിറ്ററേനിയന്‍, ചെങ്കടല്‍, അറബിക്കടല്‍ എന്നിവിടങ്ങളില്‍ വിമാനവാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിച്ചിട്ടുണ്ട്.
മേഖലയിലുടനീളം അധിക വ്യോമ പ്രതിരോധം നിലയുറപ്പിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കല്‍ പദ്ധതികളെ സഹായിക്കാന്‍ യുഎസ് സൈന്യം സൈപ്രസില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാനും ഹിസ്ബുല്ലയുമായി സംഘര്‍ഷം നിലനില്‍ക്കെയാണ് താഡ് സംവിധാനം നല്‍കിയത്. എന്നാല്‍ ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം എല്ലാ ദിവസവും ഹിസ്ബുള്ളയും ഹമാസും എല്ലാം അയയ്ക്കുന്ന റോക്കറ്റുകളേയും മിസൈലുകളേയും നിരന്തരമായി തടഞ്ഞ് അയണ്‍ഡോമുകള്‍ ഇപ്പോള്‍ പഴയ തോതില്‍ പ്രവര്‍ത്തനക്ഷമമല്ല എന്ന് തന്നെയാണ് ഇസ്രയേല്‍ ഇപ്പോള്‍ മനസിലാക്കിയിരിക്കുന്നത്.