വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് മത്സരത്തിലെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു കഴിഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപുമാണ് മത്സരരംഗത്ത്. ബൈഡന്‍ പിന്‍മാറിയെങ്കിലും ട്രംപിന് പണി കൊടുക്കാനുള്ള നീക്കങ്ങളുമായി അദ്ദേഹം മുന്നോട്ടു പോകുകയാണ്. പ്രസിഡന്റായിരുന്നു എന്ന പേരില്‍ ഡോണള്‍ഡ് ട്രംപിനെപ്പോലെയുള്ളവര്‍ ക്രിമിനല്‍ കേസില്‍ തടിയൂരുന്ന സാഹചര്യം ഒഴിവാക്കാന്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിയമപരിഷ്‌ക്കാരത്തിന് ഒരുങ്ങുകയാണ്.

6 മാസം മാത്രം കാലാവധി ശേഷിക്കെയാണ് സുപ്രീം കോടതി ജഡ്ജിമാരുടെ ആജീവനാന്ത നിയമനം നിര്‍ത്തലാക്കാനും പ്രസിഡന്റിന്റെ നിയമ പരിരക്ഷയ്ക്കു നിയന്ത്രണമേര്‍പ്പെടുത്താനുമുളള ഭരണഘടനാ ഭേദഗതിക്കായി ശ്രമിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കിയത്. വാഷിങ്ടന്‍ പോസ്റ്റ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ബൈഡന്‍ ഇതൊക്കെ വിശദീകരിച്ചു. യുഎസ് കോണ്‍ഗ്രസില്‍ നിയമം പാസ്സാകാനുള്ള സാധ്യത പക്ഷേ വളരെ കുറവാണ്. ഇത്തരമൊരു പരിഷ്‌ക്കാരത്തിന് കോണ്‍ഗ്രസിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് അംഗങ്ങളുടെ അംഗീകാരം ലഭിക്കണം. അല്ലെങ്കില്‍, 50 ല്‍ 38 സംസ്ഥാനങ്ങളിലെ നിയമസഭകളില്‍നിന്നുള്ള അംഗീകാരം വേണം.

പ്രസിഡന്റിന്റെ അധികാരപരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള ട്രംപിന്റെ പ്രവൃത്തികളുടെ പേരില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ പാടില്ലെന്ന് സുപ്രീം കോടതി ഈയിടെ വിധിച്ചിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ പ്രസിഡന്റിനുള്ള പരിരക്ഷയ്ക്കു പൊതുവില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണു ബൈഡന്‍ ലക്ഷ്യമിടുന്നത്. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിനെതിരെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പുള്ള ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രചാരണത്തില്‍ ഇനി ഇതും ഇടം നേടിയേക്കാം.

ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ നിയമിച്ചവര്‍ ഉള്‍പ്പെടെ സുപ്രീം കോടതിയില്‍ നിലവില്‍ യാഥാസ്ഥിതികരായ ജഡ്ജിമാര്‍ക്കാണു ഭൂരിപക്ഷം (63). അധികാരത്തിലുള്ള പ്രസിഡന്റിന് 2 വര്‍ഷത്തിലൊരിക്കല്‍ ഒരു ജഡ്ജിയെ നിയമിക്കാമെന്നും പരമാവധി കാലാവധി 18 വര്‍ഷമായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതിയാണു ബൈഡന്‍ നിര്‍ദേശിക്കുന്നത്. പദവിയിലിരിക്കുമ്പോള്‍ പൊതുപ്രവര്‍ത്തനമരുത്, പാരിതോഷിക വിവരങ്ങള്‍ വെളിപ്പെടുത്തണം, വ്യക്തിപരമായി ബന്ധമുള്ള കേസുകളില്‍നിന്നു വിട്ടുനില്‍ക്കണം എന്നിങ്ങനെ ജഡ്ജിമാര്‍ക്കുള്ള പെരുമാറ്റ മാര്‍ഗരേഖയും മുന്നോട്ടുവച്ചു. നിലവിലെ ജഡ്ജിമാരില്‍ പലരും ഇത്തരം വിവാദങ്ങളില്‍പ്പെട്ടിട്ടുള്ളവരാണ്.

യുഎസില്‍ ഏറ്റവുമൊടുവില്‍ ഭരണഘടനാ ഭേദഗതി വന്നത് 1992 ല്‍ ആയിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ടതായിരുന്നു ആ ഭേദഗതി. അതേസമയം ബൈഡന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥി കമല ഹാരിസിനെ ലക്ഷ്യമാക്കി ട്രംപും രംഗത്തുണ്ട്. ജോ ബൈഡനെക്കാള്‍ മോശം സ്ഥാനാര്‍ത്ഥിയാണെന്ന് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. കമല സര്‍വേകളില്‍ മുന്നേറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപ് അവരെ കടന്നാക്രമിച്ചു കൊണ്ട് രംഗത്തുവന്നിരിക്കുന്നത്.

കമലഹാരിസ് ബൈഡനേക്കാള്‍ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണെന്ന് താന്‍ കരുതുന്നു. അവര്‍ തീവ്ര ഇടതുപക്ഷമാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ തിങ്കളാഴ്ച ഫോക്സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ട്രംപ്. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ ജൂലൈ 20ന് പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. അടുത്ത മാസം ഡെമോക്രാറ്റ് പാര്‍ട്ടി അവരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.