ടെല്‍ അവീവ്: ഇറാന്റെ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ ആലോചിക്കുന്നതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇറാനെതിരെ ഭീഷണി മുഴക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ചേര്‍ന്ന് ഇറാന്റെ ആണവ സ്വപ്‌നങ്ങള്‍ ഇല്ലാതാക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. പശ്ചിമേഷ്യയിലെ ഇറാന്റെ ഭീഷണിയെ അമേരിക്കയുടെ പിന്തുണയോടെ പ്രതിരോധിക്കുമെന്നും നെതന്യാഹുവിന്റെ വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഇസ്രായേലില്‍ വെച്ചു നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു പരാമര്‍ശം.

'ട്രംപിനൊപ്പം ചേര്‍ന്ന് ഇറാന്റെ ആണവ സ്വപ്നങ്ങളില്ലാതാക്കും, ആയത്തുള്ളമാരെ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അനുവദിക്കില്ല, അതിനായി യുഎസിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും,' ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ജെറുസലേമില്‍ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുവരും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനമുണ്ടായത്.

പശ്ചിമേഷ്യയിലെ ഇറാന്റെ ഭീഷണിയെ അമേരിക്കയുടെ പിന്തുണയോടെ പ്രതിരോധിക്കുമെന്ന് മാര്‍ക്കോ റൂബിയോയെ വലതുവശത്ത് നിര്‍ത്തിയാണ് നെതന്യാഹു പ്രഖ്യാപിച്ചത്. 16 മാസക്കാലത്തെ ഗാസ യുദ്ധത്തിനിടെ ലെബനനിലെ ഹിസ്ബുള്ളയെ അടക്കം ദുര്‍ബലപ്പെടുത്തിക്കൊണ്ട് ഇറാന് വലിയ അടിയാണുണ്ടാക്കിയതെന്ന് നെതന്യാഹു പറഞ്ഞു. പിന്നാലെ, ഗാസയിലെ ഇസ്രയേലിന്റെ നയത്തിന് യുഎസ് നല്‍കിയ ഉറച്ച പിന്തുണയ്ക്കും നന്ദി പറഞ്ഞു.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്ന പലസ്തീന്‍ എന്‍ക്ലേവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള ഇസ്രായേലും അമേരിക്കയും ഒരു പൊതു തന്ത്രമാണ് പങ്കിടുന്നതെന്നും നെതന്യാഹു പറഞ്ഞു. ഡൊണാള്‍ഡ് ട്രംപും താനും പൂര്‍ണ്ണ സഹകരണത്തിലും ഏകോപനത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്നും നെതന്യാഹു അറിയിച്ചു.

നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, പശ്ചിമേഷ്യയിലെ എല്ലാ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഇറാനാണെന്ന് റൂബിയോ ആരോപിച്ചു. ഹമാസിന് അക്രമത്തെ ആശ്രയിക്കുന്ന കാലത്തോളം ഒരു സൈന്യമായോ സര്‍ക്കാരായോ ഹമാസിന് ഗാസ മുനമ്പില്‍ തുടരാനാവില്ല എന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ ആലോചിക്കുന്നതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള സാധ്യത ഇസ്രായേല്‍ പരിഗണിക്കുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് വെളിപ്പെടുത്തി. മിഡില്‍ ഈസ്റ്റിലുടനീളം ഇറാന്റെ സൈനിക സംവിധാനത്തിന്റെ 'ദുര്‍ബലമായ' അവസ്ഥ മേഖലയില്‍ കൂടുതല്‍ സൈനിക പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന്റെ അവസാന നാളുകളില്‍ നടത്തിയ ഇന്റലിജന്‍സ് വിലയിരുത്തലില്‍, ഇത്തരമൊരു ആക്രമണം നടത്താന്‍ ഇസ്രായേല്‍ യുഎസ് പിന്തുണ തേടുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ സമയത്ത് ബൈഡന്‍ സൈനിക നടപടിയെ പിന്തുണച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ നിലവിലെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പിന്തുണയ്ക്കുമെന്ന് ഇസ്രായേലികള്‍ വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ട്രംപ് ഭരണകൂടത്തിന്റെ ആദ്യ നാളുകളില്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഇസ്രായേല്‍ പരിഗണിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ പറയുന്നു. 'ബോംബുകള്‍ പൊട്ടിക്കുകയോ അല്ലെങ്കില്‍ ഒരു കടലാസ് കഷണം എഴുതി വക്കുകയോ' ചെയ്യുന്നത് ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയാന്‍ സഹായിക്കുമെന്ന് ട്രംപ് തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടത്താനുള്ള ഇസ്രായേലിന്റെ പദ്ധതി സംബന്ധിച്ച വെളിപ്പെടുത്തല്‍ വരുന്നത്. അ അതേസമയം ഇത്തരം ഭീഷണികളെ സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൈനിക ശേഷി കൂടുതല്‍ വികസിപ്പിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനാഇ കഴിഞ്ഞദിവസം രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു.