ജെറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അടുത്തയാഴ്ച അമേരിക്ക സന്ദര്‍ശിക്കും. ഇറാനിലെ ആണവ നിലയങ്ങള്‍ അമേരിക്ക ആക്രമിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നെതന്യാഹുവും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. തിങ്കളാഴ്ച വൈറ്റ്ഹൗസിലാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുന്നത്.

വെടിനിര്‍ത്തലും ബന്ദി കരാറും സ്ഥാപിക്കുന്നതിനും ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ട്രംപ് മുന്‍കൈയെടുത്ത പശ്ചാത്തലത്തില്‍

വളരെ പ്രാധാന്യത്തോടെയാണ് ലോകം ഈ സന്ദര്‍ശനം നോക്കിക്കാണുന്നത്. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പരം വെല്ലുവിളി ഉയര്‍ത്തിയതും ഈ ദിവസങ്ങളിലാണ്.

ഈ വര്‍ഷം ജനുവരിയില്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം ഇത് മൂന്നാം തവണയാണ് നെതന്യാഹു വൈറ്റ്ഹൗസില്‍ എത്തുന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രായേലും ഇറാനും തമ്മില്‍ 12 ദിവസങ്ങളിലായി നടന്ന യുദ്ധത്തിന് അമേരിക്കയുടെ ഇടപെടല്‍ കാരണമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

അതേ സമയം നെതന്യാഹുവിന്റെ സന്ദര്‍ശനത്തെ കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. നെതന്യാഹുവും ട്രംപും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളില്‍ പ്രധാന ചര്‍ച്ചാവിഷയമാകാന്‍ സാധ്യതയുള്ളത് ഗസ്സയും ഇറാനും ആയിരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

സിറിയയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. ഗസ്സയിലെ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇസ്രയേല്‍ മന്ത്രിസഭാംഗമായ റോണ്‍ ഡെര്‍മര്‍ അമേരിക്കയില്‍ നേരത്തേ തന്നെ എത്തിക്കഴിഞ്ഞു. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനായി നെതന്യാഹു കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ധാരണയില്‍ എത്താന്‍ ഇസ്രയേലിനും കഴിഞ്ഞിട്ടില്ല.

യുദ്ധം അവസാനിപ്പിക്കാനും ഗാസയില്‍ അവശേഷിക്കുന്ന 50 ബന്ദികളെ തിരികെ കൊണ്ടുവരാനുമുള്ള ഒരു കരാര്‍ ഇസ്രായേല്‍ സമ്മതിക്കണമെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേലും ഹമാസും അവരവരുടെ നിലപാടുകളില്‍ ഉറച്ച് നിന്നത് കാരണം ഇക്കാര്യത്തില്‍ ധാരണയാകാന്‍ കഴിഞ്ഞിരുന്നില്ല. ഖത്തറും മധ്യസ്ഥ ശ്രമങ്ങളുമായി ഇപ്പോഴും സജീവമായി രംഗത്തുണ്ട്. ഖത്തറിന്റെ ഇടപെടലിനെ ഇസ്രയേലും ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. അതിനിടെ ഗസ്സയില്‍ ഹമാസിനെതിരായ പോരാട്ടം ഇസ്രയേല്‍ ഇപ്പോഴും തുടരുകയാണ്.