ജെറുസലേം: ഹിസ്ബുളള ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് എല്ലാ വിധ സഹായവും നല്‍കുന്ന ഇറാനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍. ഇതിനായി അവര്‍ കൂട്ടുപിടിക്കുന്നത് അമേരിക്കയേയും ബ്രിട്ടനേയും ആണെന്നാണ് സൂചന. പല ഗള്‍ഫ് രാജ്യങ്ങളിലുമുളള വിദേശ രാജ്യങ്ങളുടേയും സൈനിക വിഭാഗങ്ങള്‍ ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളിലാണ്. ഇസ്ലാമിക രാജ്യങ്ങളായ സൗദി അറേബ്യയും കുവൈറ്റും ബഹറൈനും ഖത്തറും ഇറാന് എതിരായ പോരാട്ടത്തില്‍ ഇസ്രയേലിന് ഒപ്പം നില്‍ക്കും.

കഴിഞ്ഞ ഒരു മാസത്തിനിടെ ഗാസയില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ഹമാസിനെ തകര്‍ക്കാന്‍ ഇസ്രയേലിന് കഴിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഹിസ്ബുള്ളയുടെ നേതാക്കളെ ഒന്നടങ്കം വക വരുത്താനും അവരുടെ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാനും ഇസ്രയേലിന് കഴിഞ്ഞു. ഇതിന് തൊട്ടു പിന്നാലെയാണ് ഇറാന്‍ ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തിയത്. 181 മിസൈലുകളാണ് അവര്‍ ഇസ്രയേലിന് നേര്‍ക്ക് തൊടുത്തു വിട്ടത്. ഇതിന് ശക്തമായ തോതില്‍ തിരിച്ചടി നല്‍കാന്‍ തന്നെയാണ് ഇസ്രയേല്‍ തീരുമാനിച്ചിരിക്കുന്നത്. ഇറാന്റെ എണ്ണ , പ്രകൃതി വാതക പ്ലാന്റുകളും ആണവ കേന്ദ്രങ്ങളും ആക്രമിക്കാനാണ് ഇസ്രയേലിന്റെ നീക്കമെന്നാണ് അവിടുത്തെ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടാതെ ഗള്‍ഫ് മേഖലയിലുള്ള അമേരിക്കയുടേയും ബ്രിട്ടന്റെയും പടക്കപ്പലുകളും യുദ്ധ വിമാനങ്ങളുമെല്ലാം യുദ്ധസജ്ജാരായിരിക്കുന്നു എന്നും പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേല്‍ ആക്രമിക്കുന്നതിന് വളരെ മുമ്പ് തന്നെ ഗള്‍ഫ് മേഖലയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നാവിക സേനയും വ്യോമസേനയും എല്ലാം തന്നെ എല്ലാ വിധ സന്നാഹങ്ങളുമായി നിലയുറപ്പിച്ചിരുന്നു. ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലായി മുപ്പതിനായിരത്തോളം അമേരിക്കന്‍ സൈനികരാണ് നിലയുറപ്പിച്ചിട്ടുളളത്.

ഇതില്‍ പതിമൂവായിരം പേര്‍ ഖത്തറിലും ഏഴായിരം പേര്‍ ബഹറൈനിലും സൗദി അറേബ്യയിലും ജോര്‍ദ്ദാനിലും കുവൈറ്റിലും മൂവായിരം പേര്‍ വീതവും ഇറാനിലും തുര്‍ക്കിയിലും രണ്ടായിരത്തി അഞ്ഞൂറ് പേരും വീതമാണ് ഉള്ളത്. സിറിയയിലും അമേരിക്കന്‍ സൈനികര്‍ ഉണ്ടെങ്കിലും അവരുടെ എണ്ണം വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം രണ്ടായിരത്തോളം സൈനികരെ അമേരിക്ക കുവൈറ്റില്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഹൂത്തി വിമതരുടെ ആക്രമണങ്ങളില്‍ നിന്ന് ചെങ്കടലിലൂടെ കടന്ന് പോകുന്ന ചരക്ക് കപ്പലുകളെ രക്ഷിക്കുന്നതിനായി അമേരിക്കയുടെ പടക്കപ്പലുകള്‍ മേഖലയില്‍ റോന്ത് ചുറ്റുന്നുണ്ട്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇറാന്‍ ഇസ്രയേലിലേക്ക് അയച്ച മിസൈലുകള്‍ സമയോചിതമായി തകര്‍ത്തതും അമേരിക്കയുടെ പടക്കപ്പലുകളാണ്. ഹമാസ് ആക്രമണം നടന്ന് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ തന്നെ അമേരിക്ക ഗള്‍ഫ് മേഖലയിലേക്ക് പതിനായിരം സൈനികരെയാണ് അയച്ചത്. ഇവരില്‍ തന്നെ രണ്ടായിരത്തോളം പേര്‍ ദ്രുതകര്‍മ്മ സേനയില്‍ പെട്ടവരാണ്. അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലുകളായ യു.എസ്.എസ് ജെറാള്‍ഡ് ഫോര്‍ഡ് ഇപ്പോള്‍ ഗള്‍ഫ് മേഖലയിലുണ്ട്. അയ്യായിരത്തോളം സൈനികരും 90 യുദ്ധ വിമാനങ്ങളും വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ കൂറ്റന്‍ വിമാനവാഹിനി കപ്പല്‍.

ബ്രിട്ടന് സൈപ്രസിലാണ് അവരുടെ പ്രധാന സൈനിക താവളമുള്ളത്. കൂടാതെ ഒമാന്‍, ബഹറൈന്‍, ഖത്തര്‍ , ഇറാഖ് എന്നീ രാജ്യങ്ങളിലും ബ്രിട്ടീഷ് സൈനികരുണ്ട്. കിഴക്കന്‍ മെഡിറ്ററേനിയനില്‍ ബ്രിട്ടന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ ഇപ്പോഴുണ്ട്. നാലായിരത്തോളം ബ്രിട്ടീഷ് സൈനികരാണ് ഇവിടങ്ങളിലുള്ളത്. അമേരിക്കയുടെ തന്നെ മറ്റൊരു പടക്കപ്പലായ യു.എസ്.എസ് ഏബ്രഹാം ലിങ്കനും ഇപ്പോള്‍ ഒമാനിലുണ്ട്. ഒരു യുദ്ധം ഉണ്ടായാല്‍ ഇറാന്റെ നില കൂടുതല്‍ പരിതാപകരമാകാന്‍ തന്നെയാണ് സാധ്യത എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.