ജെറുസലേം: ഹിസ്ബുള്ള തീവ്രവാദ സംഘടനയുടെ പുതിയ തലവനായി നയിം ഖസമിനെ നിയമിച്ചതിന് തൊട്ടു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്ത്. ഇസ്രയേല്‍ വധിക്കേണ്ടവരുടെ പട്ടികയില്‍ നയിംഖസമും ഇടം നേടി എന്ന് സൂചിപ്പിക്കുന്ന രീതിയിലാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യവ് ഗാലന്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നയിം ഖസമിന്റെ ചിത്രം സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. നയിംഖസമിന്റേത് താല്‍ക്കാലിക നിയമനം മാത്രമാണ് എന്നാണ് ഗാലന്റ് ട്വീറ്റില്‍ പറയുന്നത്. ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസറുള്ളയുടെ വധത്തെ തുടര്‍ന്നാണ് നയിംഖസ്സം പുതിയ തലവനായി നിയമിക്കപ്പെടുന്നത്.

നസറുള്ളയുടെ വധത്തെ തുടര്‍ന്ന് ഖസം നടത്തിയ പ്രസംഗത്തില്‍ ഇസ്രയേലിന് എതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. 1992 ലാണ് ഹസന്‍ നസറുള്ള ഹിസ്ബുള്ള തലവനായി ചുമതലയേറ്റത്. മരണം വരെ നസറുള്ള ഈ പദവിയില്‍ തുടരുകയും ചെയ്തു. തീവ്രവാദ സംഘടന എന്ന നിലയില്‍ നിന്ന് ഹിസ്ബുളളയെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റിയതും നസറുള്ളയായിരുന്നു. നസറുള്ളയുടെ പിന്‍ഗാമിയായി ഹഷേ സെഫിദിന്‍ തെരഞ്ഞെടുക്കപ്പെടുമെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. എന്നാല്‍ നസറുള്ളയുടെ വധത്തിന് തൊട്ട് പിന്നാലെ ഇയാളും കൊല്ലപ്പെടുകയായിരുന്നു.

ഹിസ്ബുള്ളയുടെ നേതൃനിരയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുകയാണ് നയിംഖസം. എന്നാല്‍ ഹിസ്ബുള്ള ഭീകരര്‍ കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് ഖസം സംഘടനയുടെ തലവനാകുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഹിസ്ബുള്ളയുടെ ആസ്ഥാനമായ ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേല്‍ കനത്ത ആക്രമണമാണ് നടത്തുന്നത്. കൂടാതെ ഭീകരസംഘടനയുടെ തലപ്പത്തുള്ള ഭൂരിപക്ഷം പേരും കൊല്ലപ്പെട്ട് കഴിഞ്ഞു. ഹിസ്ബുള്ളയുടെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഷൂറാ കൗണ്‍സിലാണ് പുതിയ തലവനെ തെരഞ്ഞെടുത്തത്.

എന്നാല്‍ നയിംഖസം ഇപ്പോള്‍ ലബനനില്‍ ഇല്ല എന്നാണ് പറയപ്പെടുന്നത്. ഇയാള്‍ നസറുള്ള കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ ഇറാനിലേക്ക് രക്ഷപ്പെട്ടു എന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഇറാന്‍ പ്രത്യേക വിമാനം അയച്ചാണ് ഖസമിനെ ടെഹ്റാനില്‍ എത്തിച്ചതെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വിദേശമാധ്യമങ്ങളുമായി എക്കാലത്തും മികച്ച ബന്ധം പുലര്‍ത്തുന്ന ഖസം ഹിസ്ബുള്ളയുടെ ചരിത്രത്തെ കുറിച്ച് ഒരു പുസ്തകം രചിച്ചിട്ടുണ്ട്.