- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികള്‍ കൊടുത്ത് ബന്ദി മോചനത്തിന് കളമൊരുക്കാന്‍ കരുക്കള്‍ നീക്കി നെതന്യാഹു; ഹമാസുമായി വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച നിലപാട് എടുത്ത ഗാലന്റും; ഇസ്രയേലില്‍ 'സര്‍വ്വ സൈനാധിപനെ' തെറുപ്പിച്ചത് ഈ ഡീലോ? 400 ദിവസമായി ബന്ദി മോചനം എങ്ങും എത്താത്തതിലും ചര്‍ച്ചകള്‍
ജെറുസലേം: ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റിനെ പ്രധാനമന്ത്രി നെതന്യാഹു പുറത്താക്കി. അതിന് പിന്നില്‍ ബന്ദിപ്രശ്‌നത്തിന് എന്തെങ്കിലും പങ്കുണ്ടോ? ഈ സംശയം ഇസ്രയേലില്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയവരെ വിട്ടയക്കാനായി ഇസ്രയേല്‍ സര്‍ക്കാര്‍ ഹമാസ് ഭീകരര്‍ക്ക് വന്‍തുക നല്‍കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ഇതിന് കാരണം. ഓരോ ബന്ദിക്കും പകരമായി ലക്ഷക്കണക്കിന് ഡോളറാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് ഗാലന്റ് എതിര്‍ത്തെന്നും അതുകൊണ്ടാണ് പുറത്താക്കലെന്നുമാണ് വിശകലനങ്ങള്‍. ഹമാസ് പ്രവര്‍ത്തകര്‍ക്ക് ഗാസയില്‍ നിന്ന് സുരക്ഷിതമായി പുറത്ത് കടക്കുന്നതിനും ഇസ്രയേല്‍ എല്ലാ വിധ സഹായങ്ങളും നല്‍കുകയും ചെയ്യും. തട്ടിക്കൊണ്ട് പോയവരില്‍ അറുപതിലധികം ബന്ദികള്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളതെന്നും മരിച്ച 35 ഓളം പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ഹമാസിന്റെ കൈവശമാണെന്നും പറയപ്പെടുന്നു. തട്ടിക്കൊണ്ട് പോയവരില്‍ നിരവധി വിദേശ പൗരന്‍മാരും ഉള്‍പ്പെടുന്നുണ്ട്.
ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് നേരേ അതിക്രമം നടത്തിയ ഹമാസ് ഭീകരരേയോ അവരുടെ ബന്ധുക്കളെയോ അറസ്റ്റ് ചെയ്യില്ലെന്നും ഒരു തരത്തിലുമുള്ള നിയമനടപടികള്‍ സ്വീകരിക്കുകയില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ഇസ്രയേലിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലില്‍ കടന്ന് കയറി ഹമാസ് ഭീകരര്‍ കൂട്ടക്കൊലകളും തട്ടിക്കൊണ്ട് പോകലും നടത്തിയിട്ട് 400 ദിവസത്തോളം ആകുമ്പോഴാണ് ഇസ്രയേല്‍ ഇത്തരത്തില്‍ ഒരു അപ്രതീക്ഷിത നീക്കം നടത്തുന്നത്.
ഇസ്രയേല്‍ പ്രതിരോധ മന്ത്രിയായിരുന്ന യവ് ഗാലന്റിനെ മന്ത്രിസഭ.ില്‍ നിന്ന് പുറത്താക്കി മണിക്കൂറുകള്‍ക്കകമാണ് ഇത്തരമൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തില്‍ ഒരു ഒത്തുതീര്‍പ്പ് നടപ്പാക്കുന്നത് യവ് ഗാലന്റ് എതിര്‍ത്തിരുന്നു എന്ന് നേരത്തേയും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. യവ് ഗാലന്റിനെ പുറത്താക്കിയ നടപടിയെ എതിര്‍ക്കുന്നവര്‍ ടെല്‍ അവീവില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അവിടെ മാധ്യമങ്ങളോട് സംസാരിച്ച പ്രതിഷേധക്കാര്‍ പലരും ബന്ദി പ്രശ്നത്തില്‍ സജീവമായി ഇടപെടാന്‍ ഇനി ആരുമില്ലാത്ത അവസ്ഥയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് നെതന്യാഹു മന്ത്രിസഭാംഗങ്ങളോട് ഇത്തരത്തില്‍ ഒരു ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നതായി സൂചിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഹമാസ് ഇനിയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വെടിനിര്‍ത്തലിനായി മധ്യസ്ഥ ശ്രമം നടത്തുന്ന രാജ്യങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശത്തെ ഹമാസ് നേതാക്കള്‍ തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി രണ്ട് ദിവസത്തെ വെടിനിര്‍ത്തലിനായി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു.
ഇതിന്റെ ഭാഗമായി നാല് ഇസ്രയേല്‍ തടവുകാരയേും ഫലസ്തീന്‍ തടവുകാരേയും വിട്ടയക്കാം എന്നായിരുന്നു ഈജിപ്തിന്റെ നിര്‍ദ്ദേശം. അമേരിക്കയും ഈജിപ്തും ഖത്തറും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്‍കൈയെടുത്താണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ സ്ഥിരം വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ മാത്രമേ ബന്ദികളെ മോചിപ്പിക്കുകയുളളൂ എന്നാണ് ഹമാസ് നേതൃത്വം വ്യക്തമാക്കുന്നത്.