ജെറുസലേം: ഒരിടവേളക്ക് ശേഷം ഹിസ്ബുള്ള തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം നിലപാട് കടുപ്പിക്കുന്നു. ഇസ്രയേലും ഹിസ്ബുള്ള ഭീകരരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലിരിക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരാക്രമണം നടക്കുന്നത്. ഭീകരരുടെ റോക്കറ്റ് ലോഞ്ചറും ചില സൈനിക കേന്ദ്രങ്ങളും സിറിയ-ലബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ള ആയുധങ്ങള്‍ കടത്തിക്കൊണ്ട് വരുന്ന മേഖലകളിലുമാണ് ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തിയത്.

വെടിനിര്‍ത്തല്‍ അട്ടിമറിക്കാന്‍ ചില അന്താരാഷ്ട്ര ശക്തികള്‍ ശ്രമിക്കുന്നതായി ഇസ്രയേല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഭീഷണികള്‍ അവഗണിക്കാനാണ് തങ്ങളുടെ തീരുമാനം എന്നാണ് ഇസ്രയേല്‍ സര്‍ക്കാരിന്റെ വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേലിന് നേരേയുള്ള ഏത് ഭീഷണിയും നേരിടാന്‍ തങ്ങള്‍ പൂര്‍ണ സജ്ജമാണെന്നും സൈനിക നേതൃത്വം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാറിന് വിരുദ്ധമായി ഹിസ്ബുള്ള വീണ്ടും ആയുധ സംഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍ സര്‍ക്കാര്‍.

അതിനിടെ ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന ലബനനിലെ ഗ്രാമീണ മേഖലകളില്‍ ഇസ്രയേല്‍ ശക്തമായ ബോംബാക്രമണം നടത്തി. ലബനന്‍ മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇസ്രയേല്‍ ഇക്കാര്യത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന ബേക്വാ താഴ് വരയിലും ഇസ്രയേല്‍ സൈന്യം ശക്തമായ തോതില്‍ ആക്രമണം നടത്തിയിരുന്നു. ഹമാസ് തീവ്രവാദികള്‍ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്ക് കടന്നു കയറി ആക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഹിസ്ബുള്ള ഭീകരര്‍ ഹമാസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ആക്രമണം ആരംഭിച്ചത്.

എന്നാല്‍ ആദ്യഘട്ടങ്ങളില്‍ ഹമാസിന് നേര്‍ക്ക് ആക്രമണം ശക്തമാക്കിയ ഇസ്രയേല്‍ അവരുടെ പ്രധാനപ്പെട്ട നേതാക്കളെയെല്ലാം വധിക്കുകയും അവരുടെ ശക്തികേന്ദ്രങ്ങള്‍ എല്ലാം തന്നെ ഇല്ലാതാക്കുകയായിരുന്നു. പിന്നീട് ഹിസ്ബുള്ളക്ക് നേരേ തിരിഞ്ഞ ഇസ്രയേല്‍ സംഘടനയുടെ തലവനായിരുന്ന ഹസന്‍ നസറുള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുകയായിരുന്നു. ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നേരത്തേ നടത്തിയ പേജര്‍ സ്ഫോടന പരമ്പരയും ഹിസ്ബുള്ളയുടെ നട്ടെല്ല് തകര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹിസ്ബുള്ള താത്ക്കാലിക വെടിനിര്‍ത്തലിന് തയ്യാറായത്.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷവും ഹിസ്ബുള്ള ആദ്യ ഘട്ടങ്ങളില്‍ ഇസ്രയേലിന് നേര്‍ക്ക് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇസ്രയേല്‍ ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ അവര്‍ ആക്രമണം നിര്‍ത്തുകയായിരുന്നു. അതിനിടയിലാണ് ഹിസ്ബുള്ള വീണ്ടും ആയുധസംഭരണവും സൈനിക സന്നാഹങ്ങളും ഒരുക്കുന്നതായി ഇസ്രയേല്‍ സൈന്യത്തിന് വിവരം ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ വീണ്ടും ഹിസ്ബുള്ളക്ക് നേരേ ഇത്രയും ശക്തമായ തോതിലുള്ള ആക്രമണം പുനരാരംഭിച്ചിരിക്കുന്നത്.